കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ കെകെആറിനെ തകര്‍ത്തടുക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കെകെആര്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. യശ്വസി ജയ്‌സ്വാളിന്റെയും (98*) സഞ്ജു സാംസണിന്റെയും (48*) വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളാണ് രാജസ്ഥാന് തകര്‍പ്പന്‍ ജയമൊരുക്കിയത്.
മത്സരത്തില്‍ ജയ്‌സ്വാളിന്റെ സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ രണ്ട് റണ്‍സകലെ താരത്തിന് പുറത്താവാതെ നില്‍ക്കേണ്ടി വന്നു. ഇതില്‍ ജയ്‌സ്വാളിന്റെ സെഞ്ച്വറി തടയാന്‍ സുയാഷ് ശര്‍മ മനപ്പൂര്‍വ്വം വൈഡ് എറിഞ്ഞതിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. 13ാം ഓവറിലെ അവസാന പന്തില്‍ സഞ്ജു സാംസണ്‍ സ്‌ട്രൈക്ക് ചെയ്യവെയാണ് മനപ്പൂര്‍വ്വം വൈഡ് എറിയാന്‍ ജയ്‌സ്വാള്‍ ശ്രമിച്ചത്. എന്നാല്‍ സഞ്ജു സാംസണ്‍ ഈ പന്ത് മനപ്പൂര്‍വ്വം പ്രതിരോധിച്ചു.

വൈഡ് എറിഞ്ഞ് ജയ്‌സ്വാളിന് സെഞ്ച്വറി നേടാനുള്ള റണ്‍സ് നല്‍കാതിരിക്കുകയെന്നതാണ് സുയാഷ് പദ്ധതിയിട്ടതെന്ന് വ്യക്തം. എന്നാല്‍ കൃത്യമായി പന്ത് പ്രതിരോധിച്ച സഞ്ജു ജയ്‌സ്വാളിന് സ്‌ട്രൈക്ക് കൈമാറുകയായിരുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറിയിലേക്കെത്താന്‍ ജയ്‌സ്വാളിന് സാധിച്ചില്ല. സുയാഷിന്റെ വൈഡ് എറിയാനുള്ള ശ്രമം സഞ്ജുവിനെ നന്നായി ചൊടിപ്പിക്കുകയും ചെയ്തു.
സഞ്ജു പന്ത് പ്രതിരോധിച്ചപ്പോള്‍ സുയാഷ് ചിരിക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷം സഞ്ജു അടിച്ച് സിക്‌സര്‍ പറത്താന്‍ ജയ്‌സ്വാളിനോട് പറയുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയാണ് ജയ്‌സ്വാളിന് നേടാനായത്. ഇതോടെ രാജസ്ഥാന്‍ മത്സരം ജയിക്കുകയും ജയ്‌സ്വാളിന് 98 റണ്‍സില്‍ പുറാത്താവാതെ നില്‍ക്കേണ്ടിയും വന്നു. അല്ലായിരുന്നെങ്കില്‍ ഐപിഎല്ലിലെ രണ്ടാം സെഞ്ച്വറി ഇടം കൈയന്‍ ഓപ്പണര്‍ക്ക് നേടാമായിരുന്നു.
ഈ സീസണില്‍ നേരത്തെ തന്നെ സെഞ്ച്വറി നേടാന്‍ ജയ്‌സ്വാൡനായിരുന്നു. എന്നാല്‍ കെകെആറിനെതിരേ അര്‍ഹിച്ച സെഞ്ച്വറിയാണ് ജയ്‌സ്വാളിന് നഷ്ടമായതെന്ന് പറയാം. കെകെആറിന് യാതൊരു വിജയസാധ്യതയും ഇല്ലാത്ത സാഹചര്യത്തില്‍ എന്തുകൊണ്ടാണ് സുയാഷ് വൈഡിന് ശ്രമിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ജയ്‌സ്വാളിന്റെ സെഞ്ച്വറി നേട്ടം തടയുകയെന്നത് മാത്രമാണ് സുയാഷ് ലക്ഷ്യം വെച്ചത്. ഇത് വഞ്ചനാണെന്നും ഇത്രക്ക് തരംതാഴരുതെന്നും ആരാധകര്‍ പറയുന്നു.
കെകെആറിന്റെ ജയത്തെ സ്വാധീനിക്കുന്ന കാര്യമാണെങ്കില്‍ ന്യായീകരിക്കം. എന്നാല്‍ ഇപ്പോഴത്തെ സുയാഷിന്റെ നടപടി ക്രിക്കറ്റിന് ചേരാത്തതാണ്. ഐപിഎല്ലിലെ യുവതാരമാണ് സുയാഷ്. ആദ്യ സീസണില്‍ത്തന്നെ ഇത്തരമൊരു മോശം പ്രവര്‍ത്തി ചെയ്ത് തന്റെ സല്‍പ്പേര് സുയാഷ് കളങ്കപ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ വഞ്ചിക്കുന്ന കളിക്കാര്‍ക്ക് വളര്‍ച്ചയുണ്ടാവില്ലെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇംപാക്ട് പ്ലയറായെത്തി തരക്കേടില്ലാത്ത സ്പിന്‍ ബൗളിങ്ങാണ് സുയാഷ് കാഴ്ചവെക്കുന്നത്. ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരമെന്ന നിലയിലേക്കും സുയാഷിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം മോശം പ്രവര്‍ത്തികൊണ്ട് ചീത്തപ്പേര് കേള്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ താരമായ സുയാഷ് ശര്‍മ മറ്റൊരു ഇന്ത്യക്കാരനായ യശ്വസി ജയ്‌സ്വാളിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല സ്വഭാവമല്ലെന്നും ആരാധകര്‍ പറയുന്നു.
എന്തായാലും സുയാഷിന് വലിയ ചീത്തപ്പേരായി ഈ പ്രവര്‍ത്തി മാറിയിട്ടുണ്ട്. കെകെആറിന്റെ തോല്‍വിയേക്കാളേറെ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് സുയാഷിന്റെ വൈഡ് ബോള്‍ ശ്രമമാണെന്ന് പറയാം. രാജസ്ഥാനെതിരേ തട്ടകത്തില്‍ തോറ്റതോടെ കെകെആറിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയായിരിക്കുകയാണ്. രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ മഹാത്ഭുതങ്ങള്‍ സംഭവിക്കാതെ കെകെആറിന് പ്ലേ ഓഫിലേക്കെത്താനാവില്ല.
അതേ സമയം ഗംഭീര ജയം നേടിയതോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുകയും ചെയ്തു. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് രാജസ്ഥാന്റെ ജയം. ഇതുവരെ ആര്‍ക്കും പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ചുവെന്ന് പറയാറായിട്ടില്ല. അതുകൊണ്ട് തന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.