ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാറിയിരിക്കുകയാണ്. ആര്‍സിബിയോട് തോറ്റതോടെ ഇത്തവണത്തെ അവസാന സ്ഥാനക്കാരായി ഹൈദരാബാദ് മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അവസാന മത്സരം. അതില്‍ ജയിച്ച് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തല്ലിത്തകര്‍ക്കാന്‍ ഹൈദരാബാദിനാവുമോയെന്നതാണ് അറിയേണ്ടത്.
ആര്‍സിബിക്കെതിരേ സ്വന്തം തട്ടകത്തില്‍ 186 റണ്‍സടിച്ചിട്ടും ആര്‍സിബി നാല് പന്തും എട്ട് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ജയം സ്വന്തമാക്കിയത്. ഹൈദരാബാദിന് ഒരു ഘട്ടത്തിലും ആര്‍സിബിക്ക് വെല്ലുവിളി ഉയര്‍ത്താനായില്ലെന്ന് പറയാം. ഇപ്പോഴിതാ ഹൈദരാബാദിന്റെ തോല്‍വിയില്‍ ടീമിന്റെ ഉടമ കാവ്യാ മാരനെതിരേ വിമര്‍ശനവുമായി രംഗത്തെത്തുകയാണ് ആരാധകര്‍. കാവ്യയാണ് ഹൈദരാബാദിന്റെ തോല്‍വികള്‍ക്ക് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.

ലേലത്തില്‍ കാവ്യ കാട്ടിയ മണ്ടത്തരങ്ങളും ടീം ഉടമയെന്ന നിലയിലെടുത്ത തെറ്റായ തീരുമാനങ്ങളുമാണ് ഹൈദരാബാദിനെ ഈ അവസ്ഥയിലേക്കെത്തിച്ചതെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരെയെല്ലാം ഹൈദരാബാദ് ഒഴിവാക്കിയത് കാവ്യയാണെന്നും മികച്ച താരങ്ങളെയെല്ലാം വിട്ടുകളഞ്ഞ് ഹാരി ബ്രൂക്കിനെ ടെസ്റ്റ് പ്രകടനം വിലയിരുത്തി ടീമിലേക്ക് പരിഗണിച്ചത് കാവ്യയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
എയ്ഡന്‍ മാര്‍ക്രത്തെ ക്യാപ്റ്റനാക്കിയതിന് പിന്നിലും കാവ്യയുടെ ബുദ്ധിയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഉമ്രാന്‍ മാലിക്കിനെപ്പോലൊരു സൂപ്പര്‍ പേസറെ വേണ്ടവിധം ഉപയോഗിക്കാന്‍ പോലും ഇത്തവണ ഹൈദരാബാദിന് സാധിച്ചിട്ടില്ല. ഇത്രയും മോശം ടീം മാനേജ്‌മെന്റിനെ സൃഷ്ടിച്ചതിന് പിന്നില്‍ കാവ്യയാണെന്നും സൗന്ദര്യം ഉള്ളവര്‍ക്ക് ബുദ്ധി കുറവായിരിക്കുമെന്നുമെന്നതിന് ഉദാഹരണമാണ് കാവ്യയെന്നാണ് ആരാധകര്‍ പറയുന്നത്.
മിക്ക മത്സരങ്ങളിലും ഹൈദരാബാദിനെ പിന്തുണക്കാന്‍ കാവ്യ എത്താറുണ്ട്. പല മത്സരങ്ങളിലും സന്തോഷത്തോടെ തുടങ്ങുന്ന കാവ്യ അവസാനം നിരാശപ്പെട്ട് സങ്കട മുഖഭാവത്തോടെയാണ് മടങ്ങുന്നത്. ആര്‍സിബിക്കെതിരേയും കാവ്യമാരന്‍ സന്തോഷത്തോടെയാണ് തുടങ്ങിയത്. ഹെന്‍ റിച്ച് ക്ലാസന്‍ സെഞ്ച്വറി നേടിയപ്പോള്‍ കാവ്യ മാരന്‍ സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് കൈയിടിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം വിരാട് കോലി സെഞ്ച്വറി നേടിയപ്പോള്‍ കാവ്യയുടെ മുഖ ഭാവം മാറി.
കോലി സെഞ്ച്വറി നേടിയപ്പോള്‍ നിരാശയോടെ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയുടെ മുഖഭാവം വൈറലായിട്ടുണ്ട്. ഹൈദരാബാദിനെ പഴയ നിലയിലേക്ക് കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും തിരിച്ചുവരാന്‍ കാവ്യയെ ലേലത്തില്‍ പങ്കെടുപ്പിക്കാതിരിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. കാവ്യ ലേലത്തില്‍ പങ്കെടുത്താല്‍ പല മണ്ടന്‍ തീരുമാനങ്ങളുമെടുക്കും. അതെല്ലാം ടീമിനെ തകര്‍ക്കുന്നതായിരിക്കുമെന്നും ആരാധകര്‍ പറയുന്നു.

കാവ്യയുടെ നിരാശപ്പെട്ടിരിക്കുന്ന മുഖഭാവം കാണാനാവില്ലെന്നും കാവ്യയുടെ സന്തോഷത്തിനായെങ്കിലും ഹൈദരാബാദ് അവസാന മത്സരം ജയിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. മുംബൈക്കെതിരേ ഹൈദരാബാദിന്റെ മത്സരം കാണാന്‍ കാവ്യയുണ്ടാവുമോയെന്നത് കാത്തിരുന്ന് കാണാം. മുംബൈയെ തോല്‍പ്പിച്ചാലും ഹൈദരാബാദിന് ഈ സീസണിലെ നാണക്കേട് മായ്ക്കുക സാധിക്കില്ല.
2016ലെ ചാമ്പ്യന്മാരായ നിരയാണ് ഹൈദരാബാദ്. അന്ന് മികച്ച താരങ്ങള്‍ ഹൈദരാബാദിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ദുര്‍ബല നിരയായി ഹൈദരബാദ് മാറിയിരിക്കുന്നു. ഈ ടീമിന് തിരിച്ചുവരാന്‍ അടിമുടി മാറ്റം ആവിശ്യമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന ഫോമിലുള്ള താരങ്ങളെ ഹൈദരാബാദിനാവശ്യമാണെന്നും അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിന് സാധിക്കട്ടേയെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ഹെന്‍ റിച്ച് ക്ലാസന്‍ ഹൈദരാബാദിന് മുതല്‍ക്കൂട്ടാണ്. അഭിഷേക് ശര്‍മയും വളര്‍ന്നുവരാന്‍ സാധ്യതയുണ്ട്. എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍ എന്നിവരെയൊന്നും വിശ്വസ്തരെന്ന് പറയാനാവില്ല. ബൗളിങ് നിരയില്‍ മാര്‍ക്കോ യാന്‍സനെ നിലനിര്‍ത്തി ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കണമെന്നും റാഷിദിന്റെ അഭാവം നികത്താന്‍ ശേഷിയുള്ള മുന്‍നിര സ്പിന്നറെ ഹൈദരാബാദ് സ്വന്തമാക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ടീമില്‍ ഉടച്ചുവാര്‍ക്കല്‍ ഉറപ്പാണ്.