ഹൈദരാബാദ്: ക്രിക്കറ്റില്‍ ഡെക്കിന് പുറത്താവുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിച്ചാവും എല്ലാവരും ക്രീസിലേക്കെത്തുക. എന്നാല്‍ 10ലധികം പന്തുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെ പുറത്താവുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. വലിയ നാണക്കേടെന്ന് മാത്രമെ ഇതിനെ പറയാനാവൂ.
ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക് വരുമ്പോള്‍ ഒട്ടുമിക്ക പ്രമുഖരും ഡെക്കിന് പുറത്തായവരാണെന്ന് പറയാനാവും. എന്നാല്‍ ടി20യില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടിട്ടും ഡെക്കിന് പുറത്തായവര്‍ ആരൊക്കെയാണെന്ന് അറിയാമോ?. പട്ടികയില്‍ പല പ്രമുഖരും ഉള്‍പ്പെടുമെന്നതാണ് കൗതുകം. പരിശോധിക്കാം. ഐപിഎല്ലില്‍ കൂടുതല്‍ പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ പുറത്തായ താരം നയന്‍ ദോഷിയാണ്.

13 പന്തുകള്‍ നേരിട്ടാണ് താരം അക്കൗണ്ട് തുറക്കാതെ പുറത്തായത്. മുന്‍ ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് താരമാണ് ദോഷി. മുന്‍ സിഎസ്‌കെ താരം സുബ്രമണ്യ ബദരിനാഥ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 10 പന്തുകള്‍ നേരിട്ടാണ് താരം അക്കൗണ്ട് തുറക്കാതെ മടങ്ങിയത്. ഡേവി ജേക്കബ്‌സ്, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരും 10 പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാതെ പുറത്തായിട്ടുണ്ട്.
ഈ നാണക്കേടിന്റെ മൂന്നാം സ്ഥാനത്ത് രണ്ട് പേരാണുള്ളത്. 9 പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ ഷെയ്ന്‍ വാട്‌സണും നിക്കോളാസ് പൂരനുമാണ് മൂന്നാം സ്ഥാനത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പൂജ്യത്തിന് പുറത്തായതോടെ രാഹുല്‍ ചഹാര്‍ ഈ പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. എട്ട് പന്ത് നേരിട്ടിട്ടും രാഹുല്‍ ചഹാറിന് സ്‌കോര്‍ബോര്‍ഡ് തുറക്കാന്‍ സാധിച്ചില്ല.

നിലവിലെ പഞ്ചാബ് കിങ്‌സ് നായകനും മുന്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ശിഖര്‍ ധവാനും എട്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങിയിട്ടുണ്ട്. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി താരം തിലകരത്‌ന ദില്‍ഷന്‍, മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീര്‍, ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, അജിന്‍ക്യ രഹാനെ എന്നിവരും എട്ട് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
ഐപിഎല്ലില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോഡ് മന്ദീപ് സിങ്ങിന്റെ പേരിലാണ്. 15 തവണയാണ് അദ്ദേഹം പൂജ്യത്തിന് മടങ്ങിയത്. ഈ സീസണിലും ഡെക്കായതോടെയാണ് മന്ദീപ് നാണക്കേടില്‍ തലപ്പത്തേക്കെത്തിയത്. ദിനേഷ് കാര്‍ത്തിക്, രോഹിത് ശര്‍മ എന്നിവര്‍ 14 തവണ വീതവും ഡെക്കിന് പുറത്തായിട്ടുണ്ട്. അജിന്‍ക്യ രഹാനെ, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ എന്നിവര്‍ 13 തവണ വീതവും പൂജ്യത്തിന് മടങ്ങിയിട്ടുണ്ട്.

ടി20യില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതിന് തുടക്കം മുതല്‍ കടന്നാക്രമിക്കും. ഇതോടെ വിക്കറ്റ് പോവാനുള്ള സാധ്യതയും ഉയരുന്നു. ഇത്തരത്തില്‍ കടന്നാക്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നതിനെ അംഗീകരിക്കാമെങ്കിലും ടീമിന് ബാധ്യതയാവുന്ന തരത്തില്‍ മുട്ടിക്കളിച്ച് അക്കൗണ്ട് തുറക്കാതെ പുറത്താവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. 10 പന്തിലധികം നേരിട്ടിട്ടും ഒരു റണ്‍സ് നേടാന്‍ സാധിക്കാതെ പോവുന്നത് അംഗീകരിക്കുക പ്രയാസം.
ഇനിയും ഈ റെക്കോഡിലേക്ക് താരങ്ങള്‍ എത്തിപ്പെടാനാണ് സാധ്യത കൂടുതല്‍. രാഹുല്‍ ചഹാര്‍ ശിഖര്‍ ധവാന് പിന്തുണ നല്‍കാന്‍ വിക്കറ്റ് കാത്ത് കളിക്കുകയായിരുന്നു. ഇതോടെയാണ് സാഹസിക ഷോട്ടിന് ശ്രമിക്കാതെ അദ്ദേഹം പ്രതിരോധിച്ച് നിന്നത്. ഇതോടെ എട്ട് പന്തില്‍ ഒരു റണ്‍സ് പോലും നേടാനാവാതെ പുറത്താകേണ്ടി വന്നു. എന്നാല്‍ മത്സരത്തിന്റെ സാഹചര്യത്തില്‍ രാഹുല്‍ ചഹാര്‍ എട്ട് പന്ത് നേരിട്ടത് തന്നെ വലിയ കാര്യമാണ്.