ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഡ്രീം ഫൈനലിനാണ് വേദിയൊരുങ്ങുന്നത്. നാലു തവണ ജേതാക്കളായ സിഎസ്‌കെ ഇതിനകം ഫൈനലിലേക്കു ടിക്കറ്റെടുത്തു കഴിഞ്ഞു. അഞ്ചു തവണ ജേതാക്കളായ മുംബൈയാവട്ടെ ഫൈനലിനു ഒരു ജയം മാത്രം അകലെയുമാണ്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാല്‍ മുംബൈയ്ക്കു വീണ്ടുമൊരു ഫൈനല്‍ കളിക്കാം. ഒപ്പം ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശഷിപ്പിക്കപ്പെടുന്ന മുംബൈ- ചെന്നൈ പോരാട്ടവും സംഭവിക്കും.
അതിനിടെ സിഎസ്‌കെയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ഇപ്പോള്‍ ബൗളിങ് കോച്ചുമായ ഡ്വയ്ന്‍ ബ്രാവോയുടെ വെളിപ്പെടുത്തല്‍ വൈറലായി മാറിയിരിക്കുകയാണ്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയ ശേഷം ഗ്രൗണ്ടില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ മാത്യു ഹെയ്ഡന്‍, കെ ശ്രീകാന്ത് എന്നിവരുമായി സംസാരിക്കവെയായിരുന്നു ഫൈനലില്‍ മുംബൈ വേണ്ടെന്നു ബ്രാവോ വ്യക്തമാക്കിയത്.

സത്യസന്ധമായി പറയുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെ എനിക്കു ഭയമാണ്. അതുകൊണ്ടു തന്നെ വ്യക്തിപരമായി ഫൈനലില്‍ അവരെ നേരിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ചിരിച്ചുകൊണ്ട് ഡ്വയ്ന്‍ ബ്രാവോ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തെറിഞ്ഞ് മുംബൈ ഫൈനലിലേക്കു ഒരുപടി കൂടി അടുത്തതോടെ ബ്രാവോയുടെ ഈ പ്രതികരണവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഗംഭീര റെക്കോര്‍ഡാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. ഈ കാരണം കൊണ്ടു തന്നെയായിരിക്കാം എതിരാളികളായി അവര്‍ വരണമെന്നു ആഗ്രഹമില്ലെന്നു ഡ്വയ്ന്‍ ബ്രാവോ തുറന്നു പറഞ്ഞത്. ഇതുവരെ നാലു തവണയാണ് കലാശക്കളിയില്‍ മുംബൈയും ചെന്നൈയും കൊമ്പുകോര്‍ത്തത്. ഇതില്‍ മൂന്നിലും വിജയം മുംബൈയ്ക്കായിരുന്നു. ഒരേയൊരു തവണ മാത്രമേ ചെന്നൈയ്ക്കു വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ.
2010ലായിരുന്നു ആദ്യമായി ചെന്നൈയും മുംബൈയും ഫൈനലില്‍ കൊമ്പുകോര്‍ത്തത്. സിഎസ്‌കെയെ എംഎസ് ധോണി നയിച്ചപ്പോള്‍ മുംബൈയുടെ ക്യാപ്റ്റന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. ഈ മല്‍സത്തില്‍ 22 റണ്‍സിന്റെ വിജയവുമായി ചെന്നൈ കന്നിക്കിരീടം സ്വന്തമാക്കുകയായിരുന്നു. ചെന്നൈയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ഈ വിജയത്തിനു ശേഷം ഒരിക്കല്‍പ്പോലും ഫൈനലില്‍ മുംബയെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കായിട്ടില്ല. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈയ്‌ക്കെതിരേ ഫൈനലില്‍ മുംബൈയ്ക്കു അപരാജിത റെക്കോര്‍ഡാണുള്ളത്.

2013ലാണ് മുംബൈയും ചെന്നൈയും രണ്ടാം തവണ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നത്. അന്നു രോഹിത് നയിച്ച മുംബൈ 23 റണ്‍സിനു ചെന്നൈയെ പരാജയപ്പെടുത്തി ആദ്യ കിരീടം ചൂടുകയായിരുന്നു. പുറത്താവാതെ 60 റണ്‍സും ഒരു വിക്കറ്റും നേടിയ കരെണ്‍ പൊള്ളാഡായിരുന്നു മുംബൈയുടെ ഹീറോ.
2015ല്‍ വീണ്ടും ഫൈനലില്‍ എല്‍ ക്ലാസിക്കോ ആവര്‍ത്തിച്ചു. ഇത്തവണ ആധികാരിക വിജയമാണ് ഹിറ്റ്മാനും സംഘവും കൈക്കലാക്കിയത്. 41 റണ്‍സിനു സിഎസ്‌കെയെ മുംബൈ കെട്ടുകെട്ടിക്കുകയായിരുന്നു. 26 ബോളില്‍ 50 റണ്‍സെടുത്ത രോഹിത്തായിരുന്നു കളിയിലെ താരമായി മാറിയത്.
അവസാനമായി 2019ലെ ഫൈനലിലാണ് മുംബൈയും ചെന്നൈയും മുഖാമുഖം വന്നത്. ഇത്തവണയും മുംബൈ വിട്ടുകൊടുത്തില്ല. ജയത്തിനു തൊട്ടരികിലാണ് അന്നു ചെന്നൈയ്ക്കു കിരീടം വഴുതിപ്പോയത്. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിനു ചെന്നൈയെ സ്തബ്ധരാക്കി മുംബൈ നാലാം കിരീടമുയര്‍ത്തുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ വീണ്ടുമൊരു മുംബൈ- ചെന്നൈ പോരാട്ടത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.