ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമുള്ള കന്നി സീസണിനെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് ഇത്തവണത്തെ കണ്ടെത്തലുകളിലൊന്നായി മാറിയ യുവതാരം ധ്രുവ് ജുറേല്‍. റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെയും കോച്ച് കുമാര്‍ സങ്കക്കാരയെയും കുറിച്ച് തികഞ്ഞ മതിപ്പാണ് താരത്തിനുള്ളത്. മാത്രമല്ല ഇരുവരും തമ്മില്‍ ചില കാര്യങ്ങളില്‍ ഒരുപോലെയാണെന്നും ജുറേല്‍ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്കറ്റ് കീപ്പര്‍ കൂടിയായ താരം.
സഞ്ജു സാംസണും കുമാര്‍ സങ്കക്കാരയും വളരെയധികം വിനയമുള്ളവരും നമുക്കു എല്ലായ്‌പ്പോഴും സമീപിക്കുകയും ചെയ്യാവുന്ന വ്യക്തികളും കൂടിയാണ്. ഇവരോടു സംസാരിക്കുമ്പോള്‍ ഇതിഹാസങ്ങളോടാണ് സംസാരിക്കുന്നതെന്നും രാജ്യത്തിനു വേണ്ടി ഒരുപാട് ടെസ്റ്റുകളും ഏകദിനങ്ങളുമെല്ലാം കളിച്ചവരാണെന്നുമൊന്നും നിങ്ങള്‍ക്കു ഒരിക്കലും തോന്നില്ല.

അത്രയും താഴ്മയുള്ളവരാണ് ഇവര്‍, പ്രത്യേകിച്ചും കുമാര്‍ സങ്കക്കാര സാറിനെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. രണ്ടു പേരില്‍ നിന്നും എനിക്കു ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ചു മാത്രമല്ല ജീവിതത്തെപ്പറ്റിയും പലതും പഠിക്കാന്‍ സാധിച്ചു. എല്ലായ്‌പ്പോഴും നമ്മളെ സഹായിക്കാന്‍ തയ്യാറാണ് ഇരുവരും. യുവതാരങ്ങള്‍ക്കായി എല്ലായ്‌പ്പോഴും ഇവര്‍ വാതിലുകള്‍ തുറന്നിടുമെന്നും ധ്രുവ് ജുറേല്‍ വ്യക്തമാക്കി.
ഏപ്രില്‍ അഞ്ചിനു പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തിലൂടെയായിരുന്നു ധ്രുവ് ജുറേലിന്റെ അരങ്ങേറ്റം. മല്‍സരത്തില്‍ ഇംപാക്ട് പ്ലെയറായെത്തി 15 ബോളില്‍ നിന്നും 32 റണ്‍സോടെ താരം കസറുകയും ചെയ്തിരുന്നു. വലിയ കാണികള്‍ക്കു മുന്നില്‍, അതും കളിയുടെ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തിയപ്പോള്‍ അമിത സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ലെന്നു ധ്രുവ് ജുറേല്‍ വെളിപ്പെടുത്തി.
ഈ കളിയില്‍ ഞാന്‍ ഇംപാക്ട് പ്ലെയറായിരുന്നു. ടീമിനു എപ്പോള്‍ ആവശ്യം വന്നാലും ക്രീസിലെത്തി നിര്‍ണായക സംഭാവന നല്‍കാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു. ഈ വര്‍ഷം ഞാന്‍ കഠിനാധ്വാനം നടത്തുകയും വലിയൊരു കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങുന്നതിനെ എല്ലാ ദിവസവും മനസ്സില്‍ മുന്‍കൂട്ടി കാണുകയും ചെയ്തിരുന്നു. ഇതു പിന്നീട് കളിക്കാനിറങ്ങിയപ്പോള്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ജുറേല്‍ പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിനിടെയായിരുന്നു ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ വാങ്ങിയെന്ന കാര്യം അറിയുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. രഞ്ജിയില്‍ കളിച്ചുകൊണ്ടിരിക്കവെ ഞാന്‍ അപ്പോള്‍ ക്വാറന്റീനില്‍ ആയിരുന്നു. ഗുഡ്ഗാവിലെ ഒരു ഹോട്ടല്‍ മുറിയിലിരുന്നാണ് ഞാന്‍ ലേലം കണ്ടത്. ലേലം രണ്ടു ദിവസം നീണ്ടുനിന്നു.
ആദ്യത്തെ ദിവസം ലേലത്തില്‍ എന്റെ പേര് വിളിക്കപ്പെട്ടില്ല. ഞാന്‍ അണ്‍സോള്‍ഡായി മാറിയെന്നു അറിഞ്ഞപ്പോള്‍ വലിയ നിരാശ തോന്നി. മാനസികമായി എന്നെ അതു ഉലയ്ക്കുകയും ചെയ്തു. ഞാന്‍ അച്ഛനും സഹോദരിയുമായെല്ലാം ഇതേക്കുറിച്ചു സംസാരിക്കുകയും അവര്‍ എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. അതു സാരമില്ലെന്നും, നമുക്കു ശക്തമായി തിരിച്ചുവരാമെന്നും അവര്‍ ആശ്വസിപ്പിച്ചു.

വൈകീട്ട് ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയ കളിക്കാരുടെ പേര് വീണ്ടും പരിഗണിക്കപ്പെട്ടു. അപ്പോള്‍ എന്റെ പേരും വീണ്ടും വന്നു. രാജസ്ഥാന്‍ റോയല്‍സ് എന്നെ വാങ്ങുകയും ചെയ്തു. അതു വളരെ സ്‌പെഷ്യല്‍ മുഹൂര്‍ത്തമായിരുന്നു. ഒരിക്കലും അതു മറക്കാനും കഴിയില്ല. സഹോദരി എന്നെ വിളിച്ചു കരഞ്ഞു, എന്റെ കുടുംബം വലിയ ത്രില്ലില്ലായിരുന്നു. ബന്ധുക്കള്‍ പലരും എന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നും ധ്രുവ് ജുറേല്‍ കൂട്ടിച്ചേര്‍ത്തു.
അരങ്ങേറ്റ സീസണില്‍ തന്നെ ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ധ്രുവ് ജുറേലിനായിരുന്നു. ഫിനിഷറുടെ റോളിലായിരുന്നു ജുറേല്‍ കത്തിക്കയറിയത്. 11 ഇന്നിങ്‌സുകളിലാണ് താരത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 172.72 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സ് ജുറേല്‍ നേടിയിരുന്നു. അധികം റണ്‍സ് സ്‌കോര്‍ ചെയ്തില്ലെങ്കിലും നേടിയ റണ്‍സ് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നതാണ് താരത്തെ സ്‌പെഷ്യലാക്കി മാറ്റിയത്.