ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കാര്യമായ അവസരം ലഭിക്കാത്ത താരങ്ങൡലൊരാളാണ് മലയാളി ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫ്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന അദ്ദേഹം ഈ സീസണിലാണ് റോയല്‍സിന്റെ ഭാഗമായി. പക്ഷെ കേരള ടീമിലെ തന്റെ സഹതരം കൂടിയായ സഞ്ജു സാംസണിനു കീഴില്‍ ആസിഫിനു കാര്യമായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല.
വെറും രണ്ടു മല്‍സങ്ങളിലാണ് ആസിഫിനെക്കൊണ്ട് സഞ്ജു ബൗള്‍ ചെയ്യിച്ചത്. ഇവയില്‍ ഏഴോവറുകള്‍ ആകെ ബൗള്‍ ചെയ്ത പേസര്‍ 9.85 ഇക്കോണമി റേറ്റില്‍ 69 റണ്‍സ് വിട്ടുകൊടുത്തു. പക്ഷെ വിക്കറ്റുകളൊന്നും ലഭിച്ചില്ല. റോയല്‍സ് പ്ലെയിങ് ഇലവനില്‍ അവസരം കിട്ടാന്‍ വിഷമിക്കവെ ആസിഫിനു രസകരമായ ഒരു ഉപദേശം നല്‍കിയിരിക്കുകയാണ് ടീമംഗവും മറ്റൊരു മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍.

രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോയില്‍ സഞ്ജുവും ആസിഫുമുള്‍പ്പെട്ട റോയല്‍സ് റാപിഡ് ഫയര്‍ റൗണ്ടില്‍ ചോദ്യങ്ങള്‍ ചോദിക്കവെയായിരുന്നു തമാശരൂപേണയുള്ള ദേവ്ത്തിന്റെ ഉപദേശം. നിങ്ങളുടെ മനസ്സ് കീഴടക്കാനുള്ള വഴി എന്താണെന്നായിരുന്നു സഞ്ജുവിനോടുള്ള ദേവ്ദത്തിന്റെ ചോദ്യം. എന്നെ ചിരിപ്പിച്ചാല്‍ മതിയെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇതിനു പിന്നാലെയായിരുന്നു ഡിഡിപി ആസിഫിന് ഒരു ഉപദേശവും നല്‍കിയത്.
ഇപ്പോള്‍ പിടികിട്ടി. നിന്നെ സഞ്ജു ടീമിലെടുക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെയൊന്നു ചിരിപ്പിച്ചാല്‍ മതിയെന്നായിരുന്നു ആസിഫിനോടു ദേവ്ദത്ത് പറഞ്ഞത്. അതെ, ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നതും ഇതാണെന്നു ആസിഫ് മറുപടിയും നല്‍കി. പൊട്ടിച്ചിരിയോടെയായിരുന്നു മൂന്നു പേരും ഇതിനോടു പ്രതികരിച്ചത്.
രാജസ്ഥാന്‍ റോയല്‍സില്‍ വിദേശ താരങ്ങളില്‍ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആരാണെന്നായിരുന്നു ദേവ്ദത്തിന്റെ അടുത്ത ചോദ്യം. അല്‍പ്പമൊന്ന് ആലോചിച്ച ശേഷമായിരന്നു സഞ്ജു ഇതിനു മറുപടി പറഞ്ഞത്. ഭൂരിഭാഗം പേരും, എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. എങ്കിലും നമ്മുടെ ബോസ് ഹെറ്റിയുമായി (ഷിംറോണ്‍ ഹെറ്റ്‌മെയര്‍) എനിക്കു കൂടുതല്‍ അടുപ്പമുണ്ടെന്നും സഞ്ജു പറഞ്ഞു.

അവാനമായി എന്നാണ് ഡേറ്റിനു പോയതെന്ന ചോദ്യത്തിന് ഒരാഴ്ച മുമ്പ് ഭാര്യക്കൊപ്പമയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ 180 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ നമുക്കു കഴിയുമെന്ന് ആദ്യം പറയുക ആരായിരിക്കുമെന്നാണ് ആസിഫിനോടു ദേവദത്ത് ചോദിച്ചത്. സഞ്ജു സാംസണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ താരം ആരെന്ന ചോദ്യത്തിനു സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേരാണ് സഞ്ജു പറഞ്ഞത്. തനിക്കു പ്രിയപ്പെട്ട നടന്‍ വിക്രമാണെന്നു ആസിഫും വ്യക്തമാക്കി. ആര്‍ക്കുമറിയാത്ത വിളിപ്പേര് എന്താണെന്നുള്ള ചോദ്യത്തിന് കുഞ്ഞാണിയന്നായിരുന്നു ആസിഫിന്റെ ഉത്തരം. ഇതു സഞ്ജുവിനെയും ദേവ്ദത്തിനെയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.
പിന്നാലെ എന്താണ് ഇതിന്റെ അര്‍ഥമെന്നറിയാന്‍ സഞ്ജുവിന് കൗതുകം. ചെറിയ കുട്ടിയെന്ന നിലയില്‍ വിളിക്കുന്ന പേരാണ് ഇതെന്നു ആസിഫ് തുറന്നു പറഞ്ഞു. ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും നല്ല സമ്മാനം എന്താണെന്നു ദേവ്ദത്ത് ചോദിച്ചപ്പോള്‍ അതു ഇനിയും കിട്ടിയില്ലെന്നായിരുന്നു സഞ്ജുവിന്റെ ഉത്തരം.