ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആറാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് സ്വന്തം തട്ടകത്തില്‍ ഒമ്പത് റണ്‍സിനാണ് ഡല്‍ഹി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 197 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഒരു ഘട്ടത്തില്‍ ഡല്‍ഹി ജയിക്കുമെന്ന് തോന്നിച്ച മത്സരത്തെ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഹൈദരാബാദ് പിടിച്ചെടുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിന്റെ സൂപ്പര്‍ ഓള്‍റൗണ്ട് ഷോ ഉണ്ടായിട്ടും ജയിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. നായകന്‍ ഡേവിഡ് വാര്‍ണര്‍ (0) നിരാശപ്പെടുത്തിയതും ടീമിന്റെ തോല്‍വിക്ക് കാരണമായി. എന്നാല്‍ തോല്‍വിയുടെ ശരിയായ കാരണമായി മാറിയത് ഡല്‍ഹി കാട്ടിയ ഒരു അതിബുദ്ധിയാണ്.

ഡല്‍ഹി നിരയില്‍ മികച്ച ഫോമില്‍ കളിക്കുന്ന അക്ഷര്‍ പട്ടേലിനെ ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറക്കി കളിപ്പിക്കാനുള്ള തീരുമാനമാണ് കളി തോല്‍ക്കാനുള്ള കാരണമായത്. ഏഴാമനായെത്തിയ അക്ഷര്‍ 14 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 29 റണ്‍സുമായി പുറത്താവാതെ നിന്നു. 207.14 സ്‌ട്രൈക്കറേറ്റിലാണ് താരം തിളങ്ങിയത്. ഇപ്പോഴിതാ അക്ഷറിനെ നേരത്തെ ബാറ്റിങ്ങിനിറക്കണമായിരുന്നുവെന്ന വിമര്‍ശനം ശക്തമാവുകയാണ്.
എന്തുകൊണ്ടാണ് അക്ഷറിനെ ബാറ്റിങ് ഓഡറില്‍ വൈകിപ്പിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റെ അതിബുദ്ധിയാണിതെന്നും ഡല്‍ഹിയുടെ തോല്‍വികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോണ്ടിങ് പരിശീലകസ്ഥാനം ഒഴിയണമെന്നുമാണ് ആരാധകര്‍ പറയുന്നത്. സീസണില്‍ ആറാം തോല്‍വി വഴങ്ങിയതോടെ ഇനിയൊരു തിരിച്ചുവരവ് ഡല്‍ഹിക്ക് അസാധ്യമാണ്. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം.
പ്രയാസമുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനമാണ് അക്ഷര്‍ സീസണിലുടെനീളം കാഴ്ചവെച്ചത്. പ്രിയം ഗാര്‍ഗിനും സര്‍ഫറാസ് ഖാനും മുമ്പായി അക്ഷറിനെ ഇറക്കിയിരുന്നെങ്കില്‍ ഡല്‍ഹി മത്സരം ജയിക്കുമായിരുന്നുവെന്നും ഇത് ചെയ്യാത്തതാണ് തോല്‍വിക്ക് കാരണമായതെന്നുമാണ് ആരാധകര്‍ പറയുന്നത്. അക്ഷര്‍ സമീപകാലത്തായി പന്തിനെ നന്നായി പ്രഹരിക്കുന്നുണ്ട്. ഇടം കൈയന്‍ താരത്തിന്റെ ഫോം മുതലാക്കാന്‍ ഡല്‍ഹിക്ക് സാധിക്കുന്നില്ല.
11 പന്തില്‍ 16, 22 പന്തില്‍ 36, 6 പന്തില്‍ 2, 25 പന്തില്‍ 54, 14 പന്തില്‍ 21, 22 പന്തില്‍ 19*, 34 പന്തില്‍ 34, 14 പന്തില്‍ 29* എന്നിങ്ങനെയാണ് അക്ഷറിന്റെ ഈ സീസണിലെ പ്രകടനം. പ്രയാസമേറിയ സാഹചര്യത്തില്‍ ബാറ്റ് ചെയ്താണ് അക്ഷറിന്റെ ഈ പ്രകടനങ്ങളെന്നതാണ് എടുത്തു പറയേണ്ടത്. ഒരു ഫിഫ്റ്റിയടക്കം നേടിയ അക്ഷറിനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചിരുന്നെങ്കില്‍ ഡല്‍ഹിയുടെ മത്സരഫലം മറ്റൊന്നായി മാറാന്‍ സാധ്യതയുണ്ടായിരുന്നു.

രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ 11.2 ഓവറില്‍ 112 റണ്‍സ് ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. ഫില്‍ സാള്‍ട്ടും (59) മിച്ചല്‍ മാര്‍ഷും (63) അര്‍ധ സെഞ്ച്വറികളോടെ തിളങ്ങിയെങ്കിലും പിന്നീടെത്തിയവരെല്ലാം നിരാശപ്പെടുത്തി. മനീഷ് പാണ്ഡെ (1), പ്രിയം ഗാര്‍ഗ് (12), സര്‍ഫറാസ് ഖാന്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി മടങ്ങി. പിന്നീടെത്തിയ അക്ഷര്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല.
മനീഷും പ്രിയം ഗാര്‍ഗും സര്‍ഫറാസും നഷ്ടപ്പെടുത്തിയ പന്തുകളുണ്ടായിരുന്നെങ്കില്‍ അക്ഷര്‍ വിജയിപ്പിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അക്ഷര്‍ പട്ടേലിനെ നായകസ്ഥാനത്തേക്കെത്തിക്കണമെന്ന് പറയുന്നവരും ഏറെയാണ്. ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള നായകനാണ്. എന്നാല്‍ ഇപ്പോള്‍ പഴയ മികവില്ല. ഡല്‍ഹിക്ക് നല്ലത് ഇന്ത്യന്‍ നായകനാണ്. അതുകൊണ്ട് തന്നെ അക്ഷര്‍ പട്ടേല്‍ നയിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.