ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന നിരയായി ഡല്‍ഹി ക്യാപിറ്റല്‍സ് മാറിയിരിക്കുകയാണ്. സീസണില്‍ ആറാം തോല്‍വി ഏറ്റുവാങ്ങിയ ഡല്‍ഹിക്ക് ഇനി വലിയ പ്ലേ ഓഫ് പ്രതീക്ഷയില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഒമ്പത് റണ്‍സിനാണ് ഡല്‍ഹി തോറ്റത്. ജയിക്കാവുന്ന കളിയാണ് മോശം ബാറ്റിങ് പ്രകടനത്തോടെ ഡല്‍ഹി കൈവിട്ടുകളഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടാനായത്. മത്സരത്തില്‍ ഡല്‍ഹി അനായാസമായി ജയിക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ ഹൈദരാബാദ് മത്സരം പിടിച്ചെടുക്കുകയായിരുന്നു.

ഇപ്പോഴിതാ ഡല്‍ഹിയുടെ ആറാം തോല്‍വിക്ക് പിന്നാലെ നായകന്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്. വാര്‍ണറെ ഡല്‍ഹി നായകസ്ഥാനത്ത് നിന്ന് മാറ്റി അക്ഷര്‍ പട്ടേലിനെ ക്യാപ്റ്റനാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഹൈദരാബാദിനെതിരേ വാര്‍ണറുടെ പല മോശം തീരുമാനങ്ങളും മത്സരത്തില്‍ തോല്‍വിക്ക് കാരണമായെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് പന്ത് നേരിട്ട വാര്‍ണര്‍ അക്കൗണ്ട് തുറക്കാതെ പുറത്താവുകയും ചെയ്തതോടെ വിമര്‍ശനം കൂടുതല്‍ ശക്തമായി.
പൊതുവേ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലില്‍ അധികനാള്‍ കളിക്കില്ല. എന്നാല്‍ ഇത്തരത്തിലുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് വാര്‍ണര്‍. അഭിമാനിക്കാവുന്ന റെക്കോഡുകളും സ്വന്തമാക്കിയ വാര്‍ണര്‍ നായകസ്ഥാനം ഒഴിഞ്ഞ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണ് കൂടുതല്‍ നന്നാവുകയെന്നാണ് ആരാധകര്‍ പറയുന്നത്. വാര്‍ണറിന് വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. ടീമിന് ആത്മവിശ്വാസം നല്‍കാനും സാധിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ അക്ഷര്‍ പട്ടേല്‍ ഡല്‍ഹിയെ നയിക്കുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. അക്ഷറിന്റെ സമീപകാല ഫോം വളരെ മികച്ചതാണ്. ഏത് ബാറ്റിങ് പൊസിഷനിലും താരം തിളങ്ങുന്നു. ഇന്ത്യന്‍ താരം നായകസ്ഥാനത്തേക്കെത്തുന്നതാണ് കൂടുതല്‍ നന്നാവുകയെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഇതിന് മുമ്പ് നായകനെന്ന നിലയില്‍ അധികം അനുഭവസമ്പത്ത് അക്ഷറിനില്ല.
എന്നാല്‍ മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് അക്ഷര്‍. അതുകൊണ്ട് തന്നെ നായകനെന്ന നിലയില്‍ തിളങ്ങാനും അക്ഷറിന് സാധിക്കും. അവസരം നല്‍കാന്‍ ഡല്‍ഹി തയ്യാറാവണമെന്നും നേരത്തെ റിഷഭ് പന്ത് നയിച്ചിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റനായി പരിഗണിച്ചിരുന്ന താരമാണ് അക്ഷര്‍. ഇത് പരിഗണിക്കുമ്പോള്‍ നായകസ്ഥാനത്തേക്കെത്തേണ്ടിയിരുന്നത് അക്ഷറാണ്. എന്നാല്‍ വാര്‍ണറെ നായകനാക്കാനാണ് ഡല്‍ഹി മാനേജ്‌മെന്റ് തീരുമാനിച്ചത്.

ഹൈദരാബാദിനെതിരേ ബൗളര്‍മാരെ ഭേദപ്പെട്ട നിലയില്‍ ഉപയോഗിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. എന്നാല്‍ ഇഷാന്ത് ശര്‍മ, ആന്‍ റിച്ച് നോക്കിയേ, മുകേഷ് കുമാര്‍ എന്നീ മൂന്ന് പ്രമുഖ പേസര്‍മാരും മികവിനൊത്ത് ഉയരാതെ പോയതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. അക്ഷര്‍ പട്ടേലിനെ ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറക്കിയതും തോല്‍വിയുടെ കാരണമായി മാറി. പ്രിയം ഗാര്‍ഗിനും സര്‍ഫറാസ് ഖാനും ശേഷം കളത്തിലിറങ്ങിയ അക്ഷര്‍ പൊരുതി നോക്കി.
14 പന്തില്‍ 29 റണ്‍സുമായി അക്ഷര്‍ പുറത്താവാതെ നിന്നെങ്കിലും വിജയത്തിനായി അത് മതിയാവുമായിരുന്നില്ല. അല്‍പ്പം കൂടി നേരത്തെ ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ അക്ഷര്‍ ചിലപ്പോള്‍ ഡല്‍ഹിയുടെ വിജയ ശില്‍പ്പിയായി മാറാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിശീലകന്‍ റിക്കി പോണ്ടിങ്ങും നായകന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്ന് അതിബുദ്ധി കാട്ടിയത് ടീമിനെ തോല്‍പ്പിക്കുകയായിരുന്നു.
10 വര്‍ഷത്തിനിടെ റണ്‍സ് പിന്തുടര്‍ന്നിറങ്ങി വാര്‍ണര്‍ ഡെക്കിന് പുറത്താവുന്നത് ഇതാദ്യമായാണ്. താരത്തിന്റെ കാലം അവസാനിച്ചുവെന്നും തട്ടിയും മുട്ടിയും റണ്‍സെടുക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ടീമിനാവശ്യമായ രീതിയില്‍ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ വാര്‍ണര്‍ക്ക് സാധിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഹൈദരാബാദിനോട് തോറ്റതോടെ ഡല്‍ഹി നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് തയ്യാറാവുമെന്നുറപ്പ്.