ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് പൃഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയതോടെ താരത്തെ പ്ലേയിങ് 11 നിന്ന് ഒഴിവാക്കിയിരുന്നു. പ്ലേ ഓഫില്‍ സീറ്റില്ലെന്നുറപ്പായതിന് പിന്നാലെ പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി വീണ്ടും പൃഥ്വിക്ക് പ്ലേയിങ് 11 അവസരം നല്‍കി.
ഈ തീരുമാനം തെറ്റായില്ലെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് പൃഥ്വി. സീസണിലെ ആദ്യ ഫിഫ്റ്റിയോടെയാണ് യുവതാരം തിരിച്ചുവരവ് അറിയിച്ചത്. 38 പന്തുകള്‍ നേരിട്ട് 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. 142.10 സ്‌ട്രൈക്കറേറ്റിലുള്ള തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് പൃഥ്വി മടങ്ങിയത്. ഒന്നാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറുമായി 94 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും പൃഥ്വിക്കായി.

ആരാധകര്‍ കാത്തിരുന്ന പൃഥ്വി ഷായെയാണ് ധരംശാലയില്‍ കണ്ടത്. പതിവ് വെടിക്കെട്ട് കണ്ടില്ലെങ്കിലും മാന്യമായ പ്രകടനം നടത്താന്‍ പൃഥ്വിക്ക് സാധിച്ചു. ഇനിയൊരു തിരിച്ചുവരവ് പൃഥ്വിക്കുണ്ടാവില്ലെന്ന് തോന്നിച്ചിടത്തുനിന്ന് തിരിച്ചുവരവ് നടത്താന്‍ പൃഥ്വിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ പൃഥ്വിയുടെ പ്രകടനം അല്‍പ്പം വൈകിപ്പോയെന്ന് പറയാം. സീസണില്‍ മറ്റ് യുവതാരങ്ങള്‍ മികവ് കാട്ടിയതിനൊത്ത് തിളങ്ങാന്‍ പൃഥ്വിക്ക് സാധിക്കാതെ പോയി.
ഈ സീസണിന് മുമ്പ് ചില വിവാദങ്ങളില്‍ പൃഥ്വി അകപ്പെട്ടിരുന്നു. ഒരു വനിതാ ആരാധികയുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് പൃഥ്വിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ വിവാദങ്ങളെല്ലാം പൃഥ്വിയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇംപാക്ട് പ്ലയറായി പൃഥ്വിയെ ഉപയോഗിച്ചതും താരം ഫ്‌ളോപ്പാവാനുള്ള കാരണങ്ങളിലൊന്നാണെന്ന് പറയാം. എന്തായാലും ഒടുവില്‍ ഫോമിലേക്കെത്താന്‍ താരത്തിന് സാധിച്ചിരിക്കുന്നു.
2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ പൃഥ്വിക്ക് ദേശീയ ടീമില്‍ ഇടം നേടാന്‍ നിലവിലെ പ്രകടനം മതിയാവില്ലെന്ന് തന്നെ പറയാം. എങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ പൃഥ്വിക്ക് സാധിച്ചത് ആരാധകര്‍ക്ക് സന്തോഷവും ഡല്‍ഹിക്ക് ആശ്വാസവും നല്‍കുന്ന കാര്യമാണ്. സീസണില്‍ പൃഥ്വിയുടെ നിരാശപ്പെടുത്തുന്ന ഫോം ഇത്തവണ ഡല്‍ഹി പിന്നോട്ട് പോകാന്‍ പ്രധാന കാരണമായി മാറിയെന്ന് പറയാം.
ഡല്‍ഹിയുടെ ബാറ്റിങ് പ്രകടനത്തെ ആരാധകര്‍ പ്രശംസിക്കുകയാണ്. ഇതായിരുന്നു ഡല്‍ഹിയുടെ ഏറ്റവും മികച്ച പ്ലേയിങ് 11 എന്നാണ് ആരാധകര്‍ പറയുന്നത്. മിച്ചല്‍ മാര്‍ഷിനെ മോശം ഫോമില്‍ തുടര്‍ അവസരം നല്‍കിയപ്പോള്‍ ഇത്തരമൊരു പ്ലേയിങ് 11 പരിഗണിക്കാന്‍ ഡല്‍ഹിക്ക് സാധിക്കാതെ പോയത് ബുദ്ധിമോശമാണെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വി-വാര്‍ണര്‍ ഓപ്പണിങ്ങിനൊപ്പം മൂന്നാം നമ്പറില്‍ റില്ലി റൂസോയും നാലാം നമ്പറില്‍ ഫില്‍ സാള്‍ട്ടുമായിരുന്നു കളിക്കേണ്ടിയിരുന്നത്.

റില്ലി റൂസോയും പഞ്ചാബിനെതിരേ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 37 പന്തില്‍ 82 റണ്‍സാണ് റൂസോ നേടിയത്. 6 ഫോറും സിക്‌സും ഉള്‍പ്പെടെ 37 പന്തില്‍ 82 റണ്‍സാണ് റൂസോക്ക് നേടാനായത്. 221.62 സ്‌ട്രൈക്കറേറ്റിലായിരുന്നു റൂസോയുടെ വെടിക്കെട്ട്. ഫില്‍ സാള്‍ട്ട് 14 പന്തില്‍ 26 റണ്‍സുമായി മികച്ച ഫിനിഷിങ്ങും നടത്തി. രണ്ട് വീതം ഫോറും സിക്‌സും താരം പറത്തി.
ഡല്‍ഹി ടീം മാനേജ്‌മെന്റ് ഇത്തരമൊരു പ്ലേയിങ് 11 നേരത്തെ പരിഗണിക്കേണ്ടതായിരുന്നുവെന്നും നിരന്തരം പരീക്ഷണം നടത്തിയിട്ടും എല്ലാ പ്രതീക്ഷകളും അസ്തമിച്ച ശേഷമാണ് മികച്ച പ്ലേയിങ് 11 കണ്ടെത്താന്‍ ഡല്‍ഹിക്ക് സാധിച്ചതെന്നും ആരാധകര്‍ പറയുന്നത്. ഈ പ്ലേയിങ് 11ലേക്ക് റിഷഭ് പന്തുകൂടി വരുമ്പോള്‍ ടീം കപ്പടിക്കാന്‍ കെല്‍പ്പുള്ളവരായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്.