ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ് മാറിയിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനോട് 31 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഡല്‍ഹിയുടെ സീസണിലെ പുറത്തേക്കുള്ള വഴി തുറന്നത്. അവസാന സ്ഥാനക്കാരാവാതെ രക്ഷപെടാനുള്ള പോരാട്ടം പോലും കാഴ്ചവെക്കാതെയാണ് ഡല്‍ഹി ദുരന്തമായി മാറുന്നത്.
പഞ്ചാബിനെതിരേ അനായാസം ഡല്‍ഹി ജയിക്കുമെന്ന് കരുതിയ കളിയാണ് കൈവിട്ടുകളഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 7 വിക്കറ്റിന് 167 എന്ന ശരാശരി സ്‌കോറാണ് നേടിയത്. സ്വന്തം തട്ടകത്തില്‍ ഡല്‍ഹിക്ക് മറികടക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു ഇത്. എന്നാല്‍ വിശ്വസിക്കാനാവാത്ത തകര്‍ച്ചയാണ് ഡല്‍ഹിക്ക് നേരിട്ടത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 67 എന്ന മികച്ച നിലയിലായിരുന്നു ഡല്‍ഹി.

പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. ഫില്‍ സാള്‍ട്ട് (21), മിച്ചല്‍ മാര്‍ഷ് (3), റില്ലി റൂസോ (5), അക്ഷര്‍ പട്ടേല്‍ (1), മനീഷ് പാണ്ഡെ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ (54) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഇപ്പോഴിതാ ജയിക്കാവുന്ന കളി തോല്‍ക്കുകയും പ്ലേ ഓഫ് കാണാതെ ഡല്‍ഹി പുറത്താവുകയും ചെയ്തതോടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
നിലവിലെ ഡല്‍ഹി ടീമിനെ പിരിച്ചുവിടണമെന്നും ഇതിലും നന്നായി സ്‌കൂള്‍ കുട്ടികള്‍ കളിക്കുമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ബാറ്റിങ് നിരയ്‌ക്കെതിരെയാണ് കൂടുതലും വിമര്‍ശനം ഉയരുന്നത്. സ്വന്തം മൈതാനത്ത് ഇത്രയും മികച്ച തുടക്കം ലഭിച്ചിട്ടും ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഡല്‍ഹി ടീമെന്ന നിലയില്‍ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഡേവിഡ് വാര്‍ണറെ മാറ്റിനിര്‍ത്തിയാല്‍ ഡല്‍ഹിയിലെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും ദുരന്തമാണ്.
മിച്ചല്‍ മാര്‍ഷ്, റില്ലി റൂസോ എന്നിവരെല്ലാം ചതിയന്മാരാണെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത സീസണില്‍ ഇവരൊന്നും ഡല്‍ഹിയില്‍ വേണ്ടെന്നും വാര്‍ണറെ മാത്രം നിലനിര്‍ത്തി മറ്റ് ബാറ്റ്‌സ്മാന്‍മാരെയെല്ലാം ഒഴിവാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഡല്‍ഹിയുടെ ഇത്തവണത്തെ തകര്‍ച്ചക്ക് കാരണം ടീം മാനേജ്‌മെന്റിന്റെ മണ്ടത്തരങ്ങളാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. അനാവശ്യ പരീക്ഷണങ്ങള്‍ ടീമിനെ തകര്‍ത്തു.
സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പരിശീലക സംഘമുണ്ടായിട്ടും മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ പോലും ഡല്‍ഹിക്കായില്ല. അനായാസമായി ജയിക്കാവുന്ന പല മത്സരങ്ങളും ഡല്‍ഹി അശ്രദ്ധകൊണ്ട് പരാജയപ്പെട്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. റിഷഭ് പന്തിനെ തങ്ങള്‍ മിസ് ചെയ്യുന്നുവെന്നും ഡല്‍ഹി ആരാധകര്‍ പ്രതികരിക്കുന്നു. 15 ഓവറിനുള്ളില്‍ ഡല്‍ഹി ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരമാണ് പഞ്ചാബ് പിടിച്ചെടുത്തത്.

പഞ്ചാബിനെ സംബന്ധിച്ച് നിര്‍ണ്ണായക ജയമാണ് നേടിയെടുത്തത്. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനും പഞ്ചാബിനായി. അതേ സമയം സീസണിലെ എട്ടാം തോല്‍വിയാണ് ഡല്‍ഹി വഴങ്ങിയത്. ആദ്യത്തെ അഞ്ച് മത്സരങ്ങളും തോറ്റതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. ഈ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ഡല്‍ഹി ടീമില്‍ വലിയ പൊളിച്ചെഴുത്തുറപ്പാണ്.
റിക്കി പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കാന്‍ സാധ്യതകളേറെ. മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ഡല്‍ഹി പരാജയമാണ്. പൃഥ്വി ഷാ നിരാശപ്പെടുത്തിയത് ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മനീഷ് പാണ്ഡെയെപ്പോലെ കാലാവധി കഴിഞ്ഞ താരങ്ങളില്‍ ഇനിയും പ്രതീക്ഷവെച്ചത് ഡല്‍ഹിക്ക് വലിയ തിരിച്ചടിയായി മാറി. ആരുടെയൊക്കെ സീറ്റ് തെറിക്കും ആരൊക്കെ തുടരുമെന്നത് അധികം വൈകാതെ തന്നെ അറിയാനാവുമെന്നുറപ്പ്.