ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍ രാജസ്ഥാന്‍ റോയല്‍സ് വിജക്കുതിപ്പ് നടത്തവെ വളരെ വിചിത്രമായ ഒരു അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സഞ്ജുവിനെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ടീമിലെ ഇംഗ്ലീഷ് ഓപ്പണറും ദേശീയ ടീം ക്യാപ്റ്റനുമായ ജോസ് ബട്‌ലറെ നായകസ്ഥാനം ഏല്‍പ്പിക്കണമെന്നുമെന്നാണ് കനേരിയ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് വിശകകലനം നടത്തുകയായിരുന്നു അദ്ദേഹം. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ ആരാധകരും താരങ്ങളുമെല്ലാം ഒരുപോലെ പ്രശംസിച്ചു കൊണ്ടിരിക്കെയാണ് ഡാനിഷ് കനേരിയ ജോസ് ബട്‌ലര്‍ക്കു വേണ്ടി വാദിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മാച്ചില്‍ വിക്കറ്റിനു പിന്നില്‍ സഞ്ജു വരുത്തിയ ഒരു പിഴവിനെയും അദ്ദേഹം വിമര്‍ശിച്ചു. ബട്‌ലര്‍ വളരെ മികച്ച ക്രിക്കറ്ററാണ്.

ഉജ്ജ്വലമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ടീമില്‍ വലിയ ഇംപാക്ടുണ്ടാക്കുന്ന താരവുമാണ് ബട്‌ലര്‍. ഇംഗ്ലണ്ടിനെ വളരെ നന്നായി നയിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹമെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനെക്കുറിച്ച് ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളതാണ്. നിലവിലെ ക്യാപ്റ്റന്‍ സഞ്ജു സാംസണാണെങ്കിലും കൂടുതല്‍ മികച്ച നായകന്‍ ജോസ് ബട്‌ലറാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മാച്ചില്‍ മോയിന്‍ അലിയുടെ ഒരു ക്യാച്ച് സഞ്ജു നഷ്ടപ്പെടുത്തിയിരുന്നു. യുസ്വേന്ദ്ര ചഹലിന്റെ ബൗളിങിലായിരുന്നു ഇത്. സഞ്ജു ഒരിക്കലും ആ ക്യാച്ച് പാഴാക്കാന്‍ പാടില്ലായിരുന്നു. ഭാഗ്യം കൊണ്ടാണ് മോയിന്‍ അലി വലിയ സ്‌കോര്‍ നേടാതെ പുറത്തായത്. പക്ഷെ മോയിന്‍ വളരെ അപകടകാരിയായ പ്ലെയറാണ്. ബൗളര്‍മാരെ അനായാസം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.
അതേസമയം, 2021ലെ സീസണിനു മുമ്പായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി സഞ്ജു സാംസണ്‍ നിയമിക്കപ്പെടുന്നത്. 2020ലെ സീസണിനു ശേഷം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഈ റോളില്‍ നിന്നു മാത്രമല്ല ടീമില്‍ നിന്നും റോയല്‍സ് നീക്കുകയായിരുന്നു. തുടര്‍ന്നാണ് 2013 മുതല്‍ തങ്ങള്‍ക്കൊപ്പമുള്ള, ഏറെ വിശ്വസ്തനായ സഞ്ജുവിനെ നായകസ്ഥാനം റോയല്‍സ് ഏല്‍പ്പിക്കുന്നത്. ക്യാപ്റ്റനായുള്ള ആദ്യ കളിയില്‍ തന്നെ പഞ്ചാബ് കിങ്‌സിനെതിരേ സെഞ്ച്വറിയോടെ ഗംഭീരമായിട്ടാണ് അദ്ദേഹം തുടങ്ങിയത്. പക്ഷെ സീസണില്‍ റോയല്‍സിന്റെ പ്രകടനം നിരാശാജനകമായിരുന്നു. പ്ലേഓഫിലെത്താതെ ടീം പുറത്താവുകയും ചെയ്തു.

2022ല്‍ ഗംഭീര പ്രകടനമായിരുന്നു സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തിയത്. എതിരാളികളെ വീഴ്ത്തി കുതിച്ച അവര്‍ ഫൈനല്‍ വരെയെത്തുകയും ചെയ്തു. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടമുയര്‍ത്തിയ ശേഷം റോയല്‍സിന്റെ ആദ്യത്തെ ഫൈനലായിരുന്നു ഇത്. പക്ഷെ കിരീടത്തിനരികെ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ക്കു കാലിടറി. ഹാര്‍ദിക് പാണ്ഡ്യയുടെ ജിടി ഏഴു വിക്കറ്റിനു റോയല്‍സിനെ തോല്‍പ്പിച്ച് ചാംപ്യന്‍മാരാവുകയായിരുന്നു.
ഈ സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പാണ് നാലു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ കാണുന്നത്. നാലു മല്‍സരങ്ങളിലും ജയിച്ച അവര്‍ ആറു പോയിന്റോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പില്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരെയാണ് റോയല്‍സ് പരാജയപ്പെടുത്തിയത്.
പഞ്ചാബ് കിങ്‌സിനെതിരേ കഷ്ടിച്ച് അഞ്ചു റണ്‍സിനു റോയല്‍സ് ജയം കൈവിടുകയായിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലായിരുന്നു അവസാന മാച്ചില്‍ റോയല്‍സ് മൂന്നു റണ്‍സിന്റെ നാടകീയ വിജയം കൈക്കലാക്കിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ചെപ്പോക്കില്‍ സിഎസ്‌കെയെ മലര്‍ത്തിയടിച്ച ആദ്യ ടീമെന്ന നേട്ടവും ഇതോടെ റോയല്‍സിനെ തേടിയെത്തിയിരുന്നു.