ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യുകയാണ്. മത്സരത്തില്‍ രവീന്ദ്ര ജഡേജ പന്തുകൊണ്ട് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ജഡേജയെറിഞ്ഞ 14ാം ഓവറില്‍ നടന്ന നാടകീയ സംഭവം വൈറലായിരിക്കുകയാണ്. മായങ്ക് അഗര്‍വാള്‍ സ്‌ട്രൈക്കില്‍ നില്‍ക്കവെ ലഭിച്ച റിട്ടേണ്‍ ക്യാച്ച് ഹെന്റിച്ച് ക്ലാസന്‍ കാരണം പാഴായതാണ് ജഡേജയെ ചൊടിപ്പിച്ചത്.
ഓവറിലെ ആദ്യ പന്തിലാണ് ജഡേജയുടെ നിയന്ത്രം നഷ്ടപ്പെടുത്തിയ സംഭവമുണ്ടായത്. മായങ്ക് കളിച്ച സ്‌ട്രെയ്റ്റ് ഷോട്ട് നേരെ ജഡേജയുടെ കൈയിലേക്ക്. എന്നാല്‍ നോണ്‍സ്‌ട്രൈക്കില്‍ നിന്ന് ഹെന്‍ റിച്ച് ക്ലാസന്‍ ക്യാച്ചിനുള്ള അവസരമൊരുക്കാതെ തടസം നില്‍ക്കുകയായിരുന്നു. ഇതോടെ ക്ലാസന്റെ ദേഹത്ത് തട്ടി പന്ത് താഴെ വീണു. ജഡേജക്ക് അനായാസമായി കൈയിലൊതുക്കാവുന്ന ക്യാച്ചാണ് ക്ലാസന്‍ കാരണം നഷ്ടമായത്.

ജഡേജ അപ്പോള്‍ത്തന്നെ തന്റെ അമര്‍ഷം വ്യക്തമാക്കി. ക്ലാസനോട് കയര്‍ത്ത ജഡേജ കാലുകൊണ്ട് മൈതാനത്ത് തൊഴിച്ചാണ് തന്റെ ദേഷ്യം തീര്‍ത്തത്. എന്നാല്‍ മായങ്കിനോടും ക്ലാസനോടും ഇതേ ഓവറില്‍ത്തന്നെ മറുപടി പറഞ്ഞ് ജഡേജ തന്റെ കരുത്ത് കാട്ടിയതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. 14ാം ഓവറിന്റെ അഞ്ചാം പന്തില്‍ ജഡേജയെ ക്രീസില്‍ നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച മായങ്കിന് പന്ത് കണക്ട് ചെയ്യാനായില്ല.
മായങ്കിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുമ്പെ ധോണി സ്റ്റംപ് ചെയ്ത് മടക്കടിക്കറ്റ് നല്‍കിയിരുന്നു. ക്ലാസന്‍ കാരണം ലൈഫ് ലഭിച്ചത് മുതലാക്കാന്‍ മായങ്കിനെ അനുവദിക്കാതെ തന്നെ പുറത്താക്കാന്‍ ജഡേജക്ക് സാധിച്ചതിനെ ആരാധകര്‍ പ്രശംസിക്കുകയാണ്. ജഡേജയോട് ഉടക്കാന്‍ നില്‍ക്കരുതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ചെന്നൈയില്‍ ജഡേജയുടെ ബൗളിങ് മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുന്ന പ്രകടനമാണ് കണ്ടത്.
നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ജഡേജ മത്സരത്തില്‍ നേടിയത്. അഭിഷേക് ശര്‍മ (34), രാഹുല്‍ ത്രിപാഠി (21) മായങ്ക് അഗര്‍വാള്‍ (2) എന്നിവരുടെ വിക്കറ്റാണ് ജഡേജ നേടിയത്. ഈ സീസണില്‍ ജഡേജ നേടിയ വിക്കറ്റുകളെല്ലാം പ്രമുഖ താരങ്ങളുടേതാണ്. ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ജഡേജയുടെ ഇരകള്‍.

സ്പിന്‍ പിച്ചില്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ജഡേജക്ക് സാധിക്കുന്നു. സിഎസ്‌കെ നായകന്‍ ധോണി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെല്ലാം വിക്കറ്റ് നേടി കൂട്ടുകെട്ട് പൊളിക്കാന്‍ ജഡേജക്ക് സാധിക്കുന്നുണ്ട്. ടീമുമായി ഇടക്കി പിരിഞ്ഞ ജഡേജയെ ഈ സീസണില്‍ സിഎസ്‌കെയിലേക്ക് തിരിച്ചെത്തിച്ചത് ജഡേജയാണ്. ബാറ്റുകൊണ്ട് പ്രതീക്ഷക്കൊത്ത് ജഡേജ ഉയര്‍ന്നിട്ടില്ലെങ്കിലും ബൗളിങ്ങില്‍ അദ്ദേഹം കൈയടി നേടുകയാണ്.
മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ്ങിനും ആരാധകര്‍ കൈയടിക്കുന്നു. ധോണിയുടെ വിക്കറ്റിന് പിന്നിലെ മികവിന് പകരം വെക്കാനാളില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന പ്രകടനമാണ് ധോണി കാഴ്ചവെച്ചത്. 41ാം വയസിലും മിന്നല്‍ സ്റ്റംപിങ് നടത്താന്‍ ധോണിക്ക് സാധിക്കുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
മായങ്ക് അഗര്‍വാള്‍ സീസണിലെ മോശം ഫോം തുടരുകയാണ്. ഓപ്പണിങ്ങില്‍ നിന്ന് മധ്യനിരയിലേക്കെത്തിയിട്ടും മായങ്കിന് മെച്ചപ്പെടാന്‍ സാധിക്കുന്നില്ല. ആറാമനായെത്തിയ മായങ്ക് നാല് പന്തില്‍ രണ്ട് റണ്‍സാണ് നേടിയത്. ഹൈദരാബാദിന്റെ 8.5 കോടി രൂപ വെള്ളത്തിലാക്കുന്ന പ്രകടനമാണ് മായങ്ക് കാഴ്ചവെക്കുന്നത്. അടുത്ത മത്സരത്തില്‍ മായങ്കിന് ഹൈദരാബാദ് പ്ലേയിങ് 11 സ്ഥാനം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.