ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 135 റണ്‍സ് വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടാനായത്. നായകനെന്ന നിലയില്‍ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് ധോണി ഹൈദരാബാദിനെ ചെറിയ സ്‌കോറിലേക്കൊതുക്കുകയായിരുന്നു.
വിക്കറ്റിന് പിന്നിലും കസറിയ ധോണി വമ്പനൊരു റെക്കോഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഐപിഎല്ലില്‍ 200 പുറത്താക്കല്‍ നടത്തുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ധോണി സ്വന്തം പേരിലാക്കിയത്. പ്രായം 41 പിന്നിട്ടിട്ടും ധോണിയുടെ പ്രകടന മികവിന് ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. 41ാം വയസിലും യുവതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന കീപ്പിങ് മികവാണ് ധോണി കാഴ്ചവെക്കുന്നത്.

ഹൈദരാബാദിനെതിരേ എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കാന്‍ ധോണിയെടുത്ത ക്യാച്ച് അതിഗംഭീരമായിരുന്നു. മഹേഷ് തീക്ഷണയുടെ പന്തില്‍ മാര്‍ക്രമിന്റെ ബാറ്റിലുരസിയെത്തിയ പന്തിനെ ധോണി മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. മായങ്ക് അഗര്‍വാളിന്റെ പുറത്താക്കലിന് പിന്നിലും ധോണി ബ്രില്യന്‍സാണ് കണ്ടത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്രീസില്‍ നിന്ന് കയറിക്കളിച്ച മായങ്കിനെ ധോണി മിന്നല്‍ സ്റ്റംപിങ്ങിലൂടെയാണ് പുറത്താക്കിയത്.
ഈ പ്രായത്തിലും സ്റ്റംപിങ്ങിലെ പഴയ വേഗം ധോണിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ധോണിയുടെ കാല്‍മുട്ടിന് പരിക്കുണ്ട്. ഈ പ്രശ്‌നം സീസണിന്റെ തുടക്കം മുതല്‍ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ അവസാന സീസണിലെ എല്ലാ മത്സരങ്ങളും കളിക്കാനായാണ് ധോണി തന്റെ പരിക്കിനെപ്പോലും വകവെക്കാതെ കളിക്കുന്നത്. സ്റ്റംപിന് പിന്നില്‍ ധോണിയുടെ വേഗത്തിന് പകരക്കാരനില്ലെന്ന് പറയാം.
അവസാന ഓവറിലെ അവസാന പന്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ റണ്ണൗട്ടാക്കിയ ധോണിയുടെ ത്രോയും മികച്ചതായിരുന്നു. ഗ്ലൗസ് ഊരി തയ്യാറെടുത്ത നിന്ന ധോണി എറിഞ്ഞ ഡയറക്ട് ത്രോ സുന്ദറെ റണ്ണൗട്ടാക്കുകയായിരുന്നു. ക്യാച്ചും റണ്ണൗട്ടും സ്റ്റംപിങ്ങുമായി ധോണി വിക്കറ്റിന് പിന്നില്‍ നിറഞ്ഞാടുന്നതാണ് ഹൈദരാബാദിനെതിരേ കണ്ടത്.

ക്വിന്റന്‍ ഡീകോക്കിന്റെ വമ്പന്‍ റെക്കോഡ് തകര്‍ക്കാനും ധോണിക്ക് സാധിച്ചു. ടി20യില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന താരങ്ങളിലാണ് ധോണി ഡീകോക്കിനെ മറികടന്ന് തലപ്പത്തെത്തിയത്. മാര്‍ക്രത്തെ പുറത്താക്കിയത് ധോണിയുടെ 208ാമത്തെ ക്യാച്ചാണ്. ഡീകോക്കിന്റെ പേരില്‍ 207 ക്യാച്ചാണുള്ളത്. ദിനേഷ് കാര്‍ത്തിക് (205), കമ്രാന്‍ അക്മല്‍ (172) എന്നിവരാണ് ഈ റെക്കോഡില്‍ ധോണിക്ക് പിന്നാലെയുള്ളത്.
ധോണിയുടെ ക്യാപ്റ്റന്‍സിയേയും ആരാധകര്‍ വാഴ്ത്തുന്നു. ആദ്യത്തെ ഒമ്പത് ഓവറില്‍ ഹൈദരാബാദ് ഒരു വിക്കറ്റിന് 70 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടുള്ള 11 ഓവറില്‍ 64 റണ്‍സിന് ആറ് വിക്കറ്റാണ് സിഎസ്‌കെ വീഴ്ത്തിയത്. ഇത് ധോണിയുടെ ക്യാപ്റ്റന്‍സി മികവാണ് കാട്ടുന്നത്. സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് ധോണി ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു.
ചെന്നൈയില്‍ സ്പിന്നര്‍മാര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. രവീന്ദ്ര ജഡേജക്ക് മികച്ച റെക്കോഡുള്ള മൈതാനമാണിത്. ഇത് മനസിലാക്കിത്തന്നെ ജഡേജയെ നന്നായി ഉപയോഗിക്കാന്‍ ധോണിക്കായി. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍ എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളെയാണ് ജഡേജ പുറത്താക്കിയത്. ഇവരുടെ വിക്കറ്റ് നേട്ടം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സിഎസ്‌കെയെ സഹായിച്ചു.