ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. പവര്‍പ്ലേയില്‍ സിഎസ്‌കെയുടെ ബൗളര്‍മാരെ തല്ലിപ്പറത്തി കൈയടി നേടിയിരിക്കുകയാണ് രാജസ്ഥാന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. ആകാശ് സിങ്ങിനെ ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി മുന്നറിയിപ്പ് നല്‍കിയ ജയ്‌സ്വാള്‍ പേസര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.
എംഎസ് ധോണിയുടെ എല്ലാ ഫീല്‍ഡിങ് തന്ത്രങ്ങളെയും പൊളിച്ചടുക്കിയാണ് ജയ്‌സ്വാള്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. അണ്ടര്‍ 19 ക്രിക്കറ്റില്‍ തന്റെ സഹതാരമായിരുന്ന ആകാശ് സിങ്ങിനെ നേരിട്ട് ജയ്‌സ്വാളിന് മുന്‍പരിചയമുണ്ട്. ഇത് മുതലാക്കിയാണ് താരം ബാറ്റ് ചെയ്തത്. ആദ്യത്തെ രണ്ട് ഓവറില്‍ 32 റണ്‍സാണ് ആകാശ് സിങ് വഴങ്ങിയത്. ആറ് ഫോറും ഒരു സിക്‌സും താരം രണ്ടോവറില്‍ വഴങ്ങി.

സ്പിന്നറെ ബഹുമാനിച്ച ജയ്‌സ്വാള്‍ പേസര്‍മാരെ ലക്ഷ്യംവെച്ചാണ് ബാറ്റിങ് വിസ്‌ഫോടനം സൃഷ്ടിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 21 പന്തില്‍ 40 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 190.47 സ്‌ട്രൈക്കറേറ്റിലാണ് പവര്‍പ്ലേയില്‍ താരം ബാറ്റുവീശിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 64 റണ്‍സും രാജസ്ഥാന്‍ നേടി. 15 പന്തില്‍ നാല് ബൗണ്ടറിയടക്കം 23 റണ്‍സാണ് ബട്‌ലര്‍ നേടിയത്.
ജയ്‌സ്വാളിന്റെ ബാറ്റിങ് പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. വലം കൈയന്‍ സെവാഗെന്നാണ് താരത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ആദം ഗില്‍ക്രിസ്റ്റിനെപ്പോലെ ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് താരം വിസ്മയിപ്പിക്കുകയാണെന്ന് പറയുന്നവരുമുണ്ട്. ആദ്യത്തെ 11 പന്തിലൂടെത്തന്നെ ജയ്‌സ്വാള്‍ തന്റെ ക്ലാസ് തെളിയിച്ചു. 4,4,0,4,1,4,0,6,0,4,4 എന്നിങ്ങനെയാണ് ആദ്യ 11 പന്തിലെ ജയ്‌സ്വാളിന്റെ സ്‌കോര്‍.
ടി20യില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ജയ്‌സ്വാളിനെ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. രവീന്ദ്ര ജഡേജയെ സ്വിച്ച് ഹിറ്റിലൂടെ സിക്‌സര്‍ പറത്തിയത് ജയ്‌സ്വാളിന്റെ മികവ് എടുത്തുകാട്ടുന്നു. 26 പന്തില്‍ ജയ്‌സ്വാള്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. താരത്തിന്റെ ആറാം ഐപിഎല്‍ ഫിഫ്റ്റിയാണിത്. വിക്കറ്റ് പോകുമോയെന്ന് ഭയമില്ലാതെ കളിക്കുന്ന താരമാണ് ജയ്‌സ്വാള്‍. മുതിര്‍ന്ന താരങ്ങളടക്കം കണ്ട് പഠിക്കേണ്ട പ്രകടനമാണിതെന്നും ആരാധകര്‍ പറയുന്നു.
പവര്‍പ്ലേയില്‍ ജയ്‌സ്വാളിനെപ്പോലെയുള്ള താരങ്ങളെയാണ് വേണ്ടതെന്നും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്നും ആരാധകര്‍ ആവിശ്യപ്പെടുന്നു. ശിഖര്‍ ധവാന് ശേഷം ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറെന്ന നിലയിലേക്ക് വളരാനും മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റിലൂടെ ടെസ്റ്റിലെ തന്റെ ക്ലാസും ജയ്‌സ്വാള്‍ തെളിയിച്ചിട്ടുണ്ട്.
2024ല്‍ ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. നന്നായി പിന്തുണച്ചാല്‍ ഇന്ത്യക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഓപ്പണറാണ് ജയ്‌സ്വാളെന്നും ആരാധകര്‍ പറയുന്നു. ഇഷാന്‍ കിഷനെയും റുതുരാജ് ഗെയ്ക് വാദിനെയും ഓപ്പണിങ്ങിലേക്ക് പിന്തുണക്കേണ്ടതില്ലെന്നും ജയ്‌സ്വാളിനെയാണ് വളര്‍ത്തേണ്ടതെന്നുമാണ് ആരാധക പക്ഷം. ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന്റെ കഴിവ് അപാരമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ ഭാവി സൂപ്പര്‍ സ്റ്റാറാണ് ജയ്‌സ്വാളെന്നും ഫിറ്റ്‌നസ് നന്നായി ശ്രദ്ധിച്ചാല്‍ താരത്തിന് വലിയ കരിയര്‍ സൃഷ്ടിക്കാനാവുമെന്നും ആരാധകര്‍ പറയുന്നു. ജോസ് ബട്‌ലറെപ്പോലൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനെ കാഴ്ചക്കാരനാക്കിയാണ് ജയ്‌സ്വാള്‍ കത്തിക്കയറിയത്. ഇത് തന്നെ താരത്തിന്റെ പ്രതിഭ തുറന്നുകാട്ടുന്നു. അണ്ടര്‍19 ക്രിക്കറ്റ് മുതല്‍ ലഭിച്ച അവസരങ്ങളെയെല്ലാം നന്നായി ഉപയോഗപ്പെടുത്തി മുന്നേറുന്ന താരമാണ് ജയ്‌സ്വാള്‍.
സീസണിലെ വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഈ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. 201 റണ്‍സുമായി ഫഫ് ഡുപ്ലെസിസാണ് തലപ്പത്ത്. 186 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. അതും 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. 175 റണ്‍സുമായി വിരാട് കോലിയും 168 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് പിന്നാലെയുള്ളത്.