ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ക്ലാസിക്കില്‍ ബാറ്റിങില്‍ ഡെക്കായെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കൈയടി അര്‍ഹിക്കുന്ന പ്രകടനമായിരുന്നു സഞ്ജു സാംസണിന്റേത്. രാജസ്ഥാന്‍ റോയല്‍സിനു മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയായിരുന്നു.
വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കിയ അവസാനത്തെ രണ്ടോവറുകളില്‍പ്പോലും വളരെ കൂളായി, സമ്മര്‍ദ്ദത്തിലേക്കു വീഴാതെ ടീമിനെ നയിക്കുന്നതില്‍ സഞ്ജു വിജയച്ചു. ഇതിന്റെ ഫലമാണ് ചെപ്പോക്കില്‍ റോയല്‍സ് നേടിയ മൂന്നു റണ്‍സിന്റെ നാടകീയ വിജയം. 10 വര്‍ഷത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ചെന്നൈയെ റോയല്‍സ് വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സിനെ കൂടാതെ ഈ കാലയളവില്‍ ഇവിടെ ജയിച്ച ഒരേയൊരു ടീമായും റോയല്‍സ് മാറിയിരിക്കുകയാണ്.

തന്റെ ബൗളര്‍മാരെ വളരെ നന്നായി ഉപയോഗിക്കാന്‍ ഈ മല്‍സരത്തില്‍ സഞ്ജു സാംസണിനു സാധിച്ചു. ചെപ്പോക്കിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ജോസ് ബട്‌ലര്‍ക്കു പകരം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയെ ഇംപാക്ട് പ്ലെയറായി കളിപ്പിച്ചതും അദ്ദേഹത്തിന്റെ മിടുക്കായിരുന്നു. തീര്‍ച്ചയായും 100ല്‍ 100 തന്നെ മാര്‍ക്ക് ഈ മല്‍സരത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കു നല്‍കാവുന്നതാണ്. ഭാവിയില്‍ അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ ടീമിനെയും വളരെ മികച്ച രീതിയില്‍ നയിക്കാന്‍ തനിക്കു സാധിക്കുമെന്ന് അദ്ദേഹം തെൡയിക്കുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റണ്‍ചേസില്‍ മധ്യ ഓവറുകളില്‍ ജേസണ്‍ ഹോള്‍ഡര്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ക്കു ഓരോ ഓവറുകള്‍ വീതം നല്‍കിയതും നിര്‍ണായമായ 16 മുതല്‍ 18 വരെയുള്ള ഓവറുകളില്‍ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ സ്പിന്‍ ത്രയത്തെക്കൊണ്ട് ബൗള്‍ ചെയ്യിച്ചതും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബ്രില്ല്യന്‍ അടിവരയിടുന്നു. അശ്വിന്റെ ഓവറില്‍ നാലും ചഹലിന്റെ ഓവറില്‍ അഞ്ചും റണ്‍സ് മാത്രമേ ചെന്നൈയ്ക്കു ലഭിച്ചുള്ളൂ.

ഇതോടെ ശേഷിച്ച ഓവറുകളില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ കൂടുതല്‍ റണ്‍സ് ആവശ്യമായി വരികയും ചെയ്തു. നിര്‍ണായകമായ 20ാം ഓവറിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഗംഭീരമായിരുന്നു. സന്ദീപ് ശര്‍മയെറിഞ്ഞ ഈ ഓവറിലെ ആദ്യ മൂന്നു ബോളില്‍ രണ്ടു സിക്‌സറും ഒരു വൈഡുമടക്കം 13 റണ്‍സ് ചെന്നൈ നേടിയിരുന്നു. ഉടന്‍ തന്നെ സഞ്ജു സന്ദീപിന്റെ അടുത്തേക്ക് ഓടിയെത്തുകയും ബൗളിങില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു അസാനത്തെ മൂന്നു ബോളില്‍ വെറും മൂന്നു റണ്‍സ് മാത്രമേ എംഎസ് ധോണിക്കും രവീന്ദ്ര ജഡേജയ്ക്കും നേടാനായുള്ളൂ.
കൂടാതെ റിവ്യുകള്‍ എടുക്കുന്ന കാര്യത്തിലും സഞ്ജു സാംസണിന്റെ മിടുക്ക് എടുത്തു പറയേണ്ടയാണ്. വളരെ ബുദ്ധിപരമായി റിവ്യുകള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. ബൗളര്‍മാരെ വളരെ നന്നായി റൊട്ടേറ്റ് ചെയ്ത സഞ്്ജു ഫീല്‍ഡിങ് ക്രമീകരണത്തിലും മികവ് പുലര്‍ത്തി. അവസാന ഓവറുകളില്‍ സ്്പിന്നര്‍മാരെ പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ചങ്കൂറ്റവും എടുത്തു പറയേണ്ട കാര്യമാണ്.