ബംഗളൂരു: ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ് വിരാട് കോലി. ബാറ്റിങ്ങുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും വിസ്മയിപ്പിക്കുന്ന കോലിയുടെ പേരിനൊപ്പം തന്നെ എടുത്തു പറയുന്നത് അദ്ദേഹത്തിന്റെ ആക്രമണോത്സകതയാണ്. എതിരാളികളെ മാനസികമായി കടന്നാക്രമിക്കുന്ന കോലിയുടെ ആക്രമണോത്സകത എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ കോലിയോട് മുട്ടാന്‍ അധികമാരും പോകാറുമില്ല.
ഇത്തവണത്തെ ഐപിഎല്ലിലും ആര്‍സിബിക്കൊപ്പം സജീവമായി വിരാട് കോലിയുണ്ട്. ഇത്തവണ വലിയ ആക്രമണോത്സകതയാണ് തുടക്കം മുതല്‍ കോലി കാട്ടുന്നത്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ കോലിയുടെ അമിത ആക്രമണോത്സകത ഇപ്പോള്‍ ബിസിസിഐ നടപടിയെടുക്കുന്ന നിലയിലേക്കെത്തിയിരിക്കുകയാണ്. ടീം വിക്കറ്റ് നേടിയാല്‍ ബൗളര്‍ക്കും ക്യാപ്റ്റനുമില്ലാത്ത ആഹ്ലാദവും ആക്രമണോത്സകതയുമാണ് കോലി കാട്ടുന്നത്.

മത്സരത്തില്‍ സിഎസ്‌കെയുടെ ശിവം ദുബെ പുറത്തായപ്പോള്‍ കോലി നടത്തിയ അമിത ആഹ്ലാദം അച്ചടക്ക ലംഘനമായാണ് ബിസിസി ഐ കണക്കാക്കിയത്. മാച്ച് ഫീയുടെ 10 ശതമാനം കോലിക്ക് പിഴ ശിക്ഷയായും വിധിച്ചിട്ടുണ്ട്. മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് പ്രകാരം കോലിയോട് വിശദീകരണം ആവിശ്യപ്പെട്ടിരുന്നു. തെറ്റ് തുറന്ന് സമ്മതിച്ചതോടെ 10 ശതമാനം പിഴ ശിക്ഷ വിധിക്കുകയായിരുന്നു.
വരുന്ന മത്സരങ്ങളില്‍ സമാന രീതിയിലുള്ള തെറ്റ് വരുത്താതെ നോക്കേണ്ടത് കോലിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇനിയും ഇതേ ആക്രമണോത്സകത തുടര്‍ന്നാല്‍ മാച്ച് ഫീയുടെ 25ശതമാനം പിഴയായി നല്‍കേണ്ടിവരും. അത് ഡീമെറിറ്റ് പോയിന്റിലേക്കും കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ ഇനി തന്റെ ആക്രമണോത്സകത നിയന്ത്രിക്കാതെ കോലിക്ക് മറ്റ് വഴിയില്ലെന്ന് പറയാം.
'ആര്‍സിബി ബാറ്റ്‌സ്മാന്‍ വിരാട് കോലി ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിനാല്‍ മാച്ച് ഫീയുടെ 10 ശതമാനം പിഴ ശിക്ഷയായി വിധിക്കുന്നു. കോലി ആര്‍ട്ടിക്കിള്‍ 2.2ലെ ലെവല്‍ 1 കുറ്റം ലംഘിച്ചതായി മാച്ച് റഫറി സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു' എന്നാണ് ബിസിസി ഐ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരായ മത്സരത്തിനിടെയിലെ കോലിയുടെ പെരുമാറ്റവും വലിയ ചര്‍ച്ചയായി മാറിയിരുന്നു. സൗരവ് ഗാംഗുലിയെ ദേഷ്യത്തോടെ നോക്കുന്ന കോലിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. മത്സരത്തിനിടെ സൗരവ് ഗാംഗുലി കടന്നുപോയപ്പോള്‍ കാലിന്റെ മുകളില്‍ കാല്‍ കയറ്റിവെച്ച് ഗാംഗുലിയെ ഗൗനിക്കാതെ കോലി ഇരിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.

മത്സരശേഷം ഗാംഗുലിക്ക് ഹസ്തദാനം ചെയ്യാനും കോലി തയ്യാറായില്ല. ഇതും വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവും ബിസിസി ഐ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി. കോലിയെ ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരുന്നപ്പോഴാണ്. ഇതിന് പിന്നില്‍ ഗാംഗുലിയുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും അന്നേ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ അത് ശരിവെക്കുന്നതരത്തിലാണ് ഇരുവരുടേയും പെരുമാറ്റം. കോലിയും ഗാംഗുലിയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ വ്യാപ്തി തെളിയിക്കുന്നതാണ്. വിരാട് കോലിയുടെ ഗാംഗുലിയോടുള്ള പെരുമാറ്റം മുതിര്‍ന്ന താരങ്ങളടക്കം ചര്‍ച്ചാ വിഷയമാക്കവെയാണ് അമിത ആക്രമണോത്സകത അദ്ദേഹം തുടര്‍ന്നത്.
സിഎസ്‌കെയ്‌ക്കെതിരേ കളത്തിലുടെനീളം കോലി ഇതേ ആക്രമണോത്സകത കാട്ടിയിരുന്നു. ഇതോടെ മുന്നറിയിപ്പെന്നോളം നടപടിയിലേക്ക് നീങ്ങാന്‍ ബിസിസി ഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത്തവണയും വലിയ താരനിരയോടെ ഇറങ്ങിയിട്ടും ആര്‍സിബിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. അഞ്ച് മത്സരത്തില്‍ മൂന്നിലും ടീം തോറ്റു.
ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി ഭേദപ്പെട്ട പ്രകടനം നടത്തുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 220 റണ്‍സാണ് കോലി നേടിയത്. 55 ശരാശരിയും 147.65 സ്‌ട്രൈക്കറേറ്റും കോലിക്കുണ്ട്. എന്നാല്‍ ഓപ്പണറായ കോലി പവര്‍പ്ലേ വേണ്ടവിധം മുതലാക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ കോലിക്ക് വരുന്ന മത്സരങ്ങളിലെ പ്രകടനം നിര്‍ണ്ണായകം.