For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: യുവ ബൗളര്‍മാര്‍, ഫീല്‍ഡിങ് പിഴവുമേറെ! എന്നിട്ടും ജയിച്ചതെങ്ങനെ? ധോണി പറയുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആര്‍സിബിയെ അവരുടെ മടയില്‍ തോല്‍പ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. റണ്ണൊഴുകിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

യുവ ബൗളര്‍മാരെവെച്ച് ആര്‍സിബിയെ ചിന്നസ്വാമിയില്‍ കീഴടക്കാന്‍ എംഎസ് ധോണിയെന്ന ക്യാപ്റ്റന് സാധിച്ചിരിക്കുകയാണ്. വലിയ വിജയ പ്രതീക്ഷയിലായിരുന്ന ആര്‍സിബിയെ അവസാന നിമിഷം കരയിക്കാന്‍ ധോണിക്ക് സാധിച്ചു. ഫീല്‍ഡിങ്ങില്‍ നിരവധി പിഴവുകള്‍ വരുത്തിയിട്ടും പരിചയസമ്പന്നരായ ബൗളര്‍മാര്‍ ഇല്ലാതിരുന്നിട്ടും എങ്ങനെയാണ് സിഎസ്‌കെ ജയിച്ചത്. മത്സരഗതി മാറ്റിയ സംഭവത്തെക്കുറിച്ച് ധോണി പറയുന്നതിങ്ങനെയാണ്.

ms dhoni

'220ന് മുകളിലേക്ക് വിജയലക്ഷ്യം വെക്കുമ്പോള്‍ പിന്തുടരുന്ന ടീം സ്വാഭാവികമായും വലിയ ഷോട്ടുകള്‍ കളിക്കാനാവും ശ്രമിക്കുക. മാക്‌സ് വെല്ലും ഡുപ്ലെസിസും ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ 18 ഓവറിനുള്ളില്‍ അവര്‍ മത്സരം ജയിക്കുമായിരുന്നു. വിക്കറ്റിന് പിന്നില്‍ നിന്ന് ഞാന്‍ മത്സരത്തെ വിലയിരുത്തുകയായിരുന്നു. മത്സരഫലത്തെക്കുറിച്ച് ആശങ്കപ്പെടാതെ കൂട്ടുകെട്ട് പൊളിക്കുന്നതിനെപ്പറ്റിയാണ് ചിന്തിച്ചത്'- ധോണി പറഞ്ഞു.

മാക്‌സ് വെല്ലിനെയും ഡുപ്ലെസിനെയും കൃത്യമായ സമയത്ത് പുറത്താക്കാന്‍ സാധിച്ചതാണ് മത്സരം സിഎസ്‌കെയ്ക്ക് അനുകൂലമാക്കി മാറ്റിയത്. 36 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്ലാണ് ആദ്യം മടങ്ങിയത്. മഹേഷ് തീക്ഷണയാണ് മാക്‌സ് വെല്ലിന്റെ വെടിക്കെട്ടിന് അവസാനം കണ്ടത്. അധികം വൈകാതെ ഡുപ്ലെസിസും പുറത്തായി.

ഡുപ്ലെസിസിന്റെ വിക്കറ്റിന് പിന്നില്‍ കൃത്യമായുള്ള ധോണിയുടെ ഇടപെടലുണ്ടായിരുന്നു. അതുവരെ ഓവര്‍ ചെയ്യാതിരുന്ന മോയിന്‍ അലിയെ കളത്തിലിറക്കിയാണ് ധോണി ഡുപ്ലെസിസിനെ പുറത്താക്കിയത്. അതും ധോണിയുടെ ക്യാച്ചില്‍. ഡുപ്ലെസിസ് പുറത്താവുമ്പോള്‍ 14 ഓവറില്‍ 159 എന്ന മികച്ച സ്‌കോര്‍ ആര്‍സിബിക്കുണ്ടായിരുന്നു. ജയിക്കാവുന്ന അവസ്ഥയിലായിരുന്നു അപ്പോഴും ആര്‍സിബി ഉണ്ടായിരുന്നത്.

'യുവതാരങ്ങളെ ഉപയോഗിച്ച് മത്സരം ജയിക്കുകയെന്നത് പ്രയാസം തന്നെയാണ്. എന്നാല്‍ അവരെല്ലാം കഠിനാധ്വാനികളാണ്. ബ്രാവോ ഡെത്ത് ഓവറിലെ സ്‌പെഷ്യലിസ്റ്റാണ്. അവന്റെ കീഴില്‍ പരിശീലിക്കുമ്പോള്‍ ആത്മവിശ്വാസം കൂടും. ഇതൊരു ടീം ഗെയിമാണ്. പരിശീലകന്മാരും സീനിയര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ശിവം ദുബെയെപ്പോലുള്ള താരങ്ങള്‍ വലിയ ഷോട്ട് കളിക്കാന്‍ കഴിവുള്ളവരാണ്'-ധോണി പറഞ്ഞു.

ആര്‍സിബി മധ്യനിരയെ കൃത്യമായി പൂട്ടാന്‍ ധോണിക്കായി. ദിനേഷ് കാര്‍ത്തികിനെ തുഷാര്‍ ദെശപാണ്ഡെ പുറത്താക്കിയതോടെ മത്സരത്തില്‍ സിഎസ്‌കെ പിടിമുറുക്കി. സുയാഷ് പ്രഭുദേശായി (11 പന്തില്‍ 19) സിഎസ്‌കെയുടെ ചങ്കിടിപ്പ് കൂട്ടിയെങ്കിലും മതീഷ പതിരണ താരത്തെ മടക്കിയതോടെ മത്സരം സിഎസ്‌കെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ms dhoni

'ഞങ്ങള്‍ വളരെ കൃത്യമായി കളിച്ചുവെന്നാണ് കരുതുന്നത്. അവസാന അഞ്ച് ഓവര്‍ മത്സരം ഫിനിഷ് ചെയ്യുന്നതിനായാണ്. ഡികെ ഫിനിഷറായി ഉണ്ടായിരുന്നു. എന്നാല്‍ മത്സരത്തെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി. അവരുടെ ബൗളിങ് എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നതായിരുന്നു അത്. 200ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കാന്‍ പാടില്ലായിരുന്നു. മുഹമ്മദ് സിറാജിന് മികച്ച പിന്തുണ ലഭിക്കാതെ പോയി'-ഡുപ്ലെസിസ് പറഞ്ഞു.

ഡെത്ത് ഓവറില്‍ സിഎസ്‌കെയ്ക്കായി മതീഷ പതിരണ നടത്തിയ പ്രകടനം ഗംഭീരമായിരുന്നു. ജൂനിയര്‍ മലിങ്കയെന്ന വിളിപ്പേരിനോട് നീതികാട്ടാന്‍ പതിരണക്കായി. രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് പരിശീലകനായുള്ള ലസിത് മലിങ്ക പതിരണയുടെ ബൗളിങ് പ്രകടനത്തെ പ്രശംസിച്ചിരുന്നു. എന്നാല്‍ നിലവിലെ യുവ ബൗളിങ് നിരയുമായി മുന്നോട്ടുള്ള യാത്ര സിഎസ്‌കെയ്ക്ക് കടുപ്പമായിരിക്കുമെന്നുറപ്പ്.

Story first published: Tuesday, April 18, 2023, 14:33 [IST]
Other articles published on Apr 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+