ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് ആര്‍സിബി. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് വിക്കറ്റിന് 226 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടാനായത്.
അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ജയം സിഎസ്‌കെ പിടിച്ചെടുക്കുകയായിരുന്നു. യുവ ബൗളര്‍മാരെ ഉപയോഗിച്ച് ക്യാപ്റ്റനെന്ന നിലയില്‍ ധോണി നടത്തിയ നീക്കങ്ങളെല്ലാം മികച്ചതായിരുന്നു. എന്നാല്‍ മത്സരത്തില്‍ സിഎസ്‌കെയുടെ വിജയം വൈകിപ്പിച്ചത് ധോണിയാണെന്ന ആക്ഷേപവും ഇപ്പോള്‍ ഉയരുകയാണ്. ധോണിയുടെ വലിയ പിഴവില്ലായിരുന്നെങ്കില്‍ നേരത്തെ സിഎസ്‌കെ ജയിച്ചേനെയെന്നാണ് ആരാധക പക്ഷം.

ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസിന്റെ ക്യാച്ച് എംഎസ് ധോണി പാഴാക്കിയതാണ് ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങാന്‍ കാരണമായത്. അക്കൗണ്ട് തുറക്കും മുമ്പെ ഡുപ്ലെസിസിനെ പുറത്താക്കാന്‍ സിഎസ്‌കെയ്ക്ക് അവസരം ലഭിച്ചിരുന്നു. അനായാസമായി കൈയിലൊതുക്കാവുന്ന ക്യാച്ച് ധോണി പാഴാക്കിയതോടെ ഡുപ്ലെസിസിന് ലൈഫ് ലഭിച്ചു.
ഇത് മുതലാക്കിയ താരം പിന്നീടങ്ങോട്ട് തകര്‍ത്തടിച്ചു. 33 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. 187.87 സ്‌ട്രൈക്കറേറ്റിലായിരുന്നു ഡുപ്ലെസിസ് കസറിയത്. ഗ്ലെന്‍ മാക്‌സ് വെല്ലുമായി മൂന്നാം വിക്കറ്റില്‍ 126 റണ്‍സിന്റെ കൂട്ടുകെട്ടും ഡുപ്ലെസിസുണ്ടാക്കി. ഇരുവരും കത്തിക്കയറിയതോടെ സിഎസ്‌കെ തോല്‍ക്കുമോയെന്ന് പോലും ഭയപ്പെട്ടിരുന്നു.
ഡുപ്ലെസിസ്-മാക്‌സ് വെല്‍ കൂട്ടുകെട്ട് മുന്നോട്ട് പോയിരുന്നെങ്കില്‍ സിഎസ്‌കെ തോല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് മത്സരശേഷം ധോണി തന്നെ പറഞ്ഞിരുന്നു. തുടക്കത്തിലേ ധോണി വരുത്തിയ പിഴവില്‍ നിന്നാണ് ഡുപ്ലെസിസും ആര്‍സിബിയും സിഎസ്‌കെയെ വിറപ്പിച്ചത്. തുടക്കത്തിലേ ഡുപ്ലെസിസിനെ പുറത്താക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇതിലും നേരത്തെയും വലിയ ജയവും നേടിയെടുക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമായിരുന്നു.
എന്നാല്‍ തന്റെ പിഴവ് ടീമിന്റെ തോല്‍വിക്ക് കാരണമാവാതെ നോക്കാന്‍ ധോണിക്കായി. 36 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സ് നേടിയ മാക്‌സ് വെല്ലിനെ മഹേഷ് തീക്ഷണ പുറത്താക്കിയതോടെയാണ് മത്സരത്തിലേക്ക് സിഎസ്‌കെ തിരിച്ചെത്തിയത്. സര്‍വാധിപത്യം പുലര്‍ത്തി മാക്‌സ് വെല്ലും ഡുപ്ലെസിസും കടന്നാക്രമിച്ചപ്പോള്‍ ആര്‍സിബി സജീവ വിജയ പ്രതീക്ഷയിലായിരുന്നു.
എന്നാല്‍ ഈ വിക്കറ്റ് വീണതോടെ മത്സരം മാറി. ഫഫ് ഡുപ്ലെസിസിനെ മോയിന്‍ അലിയെ ഉപയോഗിച്ചാണ് ധോണി പുറത്താക്കിയത്. മത്സരത്തില്‍ ഒറ്റ ഓവറാണ് മോയിന്‍ അലി പന്തെറിഞ്ഞത്. ഇതില്‍ ഡുപ്ലെസിസിന്റെ വിക്കറ്റ് നേടാനുമായി. ഇത് ധോണിയുടെ ബുദ്ധിപരമായ നായകമികവാണ്. ഭാഗ്യവും സിഎസ്‌കെയെ തുണച്ചു. സിഎസ്‌കെ തോറ്റിരുന്നെങ്കില്‍ അതിന്റെ പഴി ധോണിക്ക് കേള്‍ക്കേണ്ടി വരുമായിരുന്നുവെന്നുറപ്പ്.

ആര്‍സിബിയുടെ മധ്യനിരയെ കൃത്യമായി പിടിച്ചുകെട്ടാന്‍ സിഎസ്‌കെയ്ക്കായി. തുഷാര്‍ ദെശപാണ്ഡെ, ആകാശ് സിങ് തുടങ്ങിയ പരിചയസമ്പന്നരല്ലാത്ത ബൗളര്‍മാരെ ഉപയോഗിച്ച് കൃത്യമായി വിക്കറ്റ് നേടിയെടുക്കാന്‍ ധോണിക്കായി. ജൂനിയര്‍ മലിങ്ക മതീഷ പതിരണയുടെ ഡെത്ത് ഓവറിലെ ബൗളിങ്ങും സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായകമായി മാറി.
ആര്‍സിബിക്കെതിരേ നിരവധി ഫീല്‍ഡിങ് പിഴവുകള്‍ സിഎസ്‌കെ വരുത്തിയിരുന്നു. മഹിപാല്‍ ലോംറോറിന്റെ ക്യാച്ച് മഹേഷ് തീക്ഷണ പാഴാക്കിയിരുന്നു. ദിനേഷ് കാര്‍ത്തികിന്റെ ക്യാച്ച് റുതുരാജ് ഗെയ്ക് വാദും നഷ്ടപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ വലിയ അബദ്ധങ്ങള്‍ സംഭവിച്ചിട്ടും വിജയ ഭാഗ്യം സിഎസ്‌കെയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു.
ആര്‍സിബിയുടെ മധ്യനിരയുടെ മോശം പ്രകടനത്തെ കൃത്യമായി ധോണി മുതലാക്കി. പ്രായം പരിഗണിക്കുമ്പോള്‍ ധോണി കളിക്കുന്നതും ഇത്രയും മികച്ച പ്രകടനം നടത്തുന്നതും തന്നെ വിസ്മയമാണ്. ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അതുകൊണ്ട് തന്നെ ആരാധകര്‍ സജീവ കിരീട പ്രതീക്ഷയിലാണ്.