ഐപിഎല്ലിന്റെ 16ാം സീസണിലെ റണ്‍മെഷീനായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ യുവതാരം റുതുരാജ് ഗെയ്ക്വാദ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ ഫിഫ്റ്റിയുമായി തുടങ്ങിയ അദ്ദേഹം തുടരെ രണ്ടാമത്തെ മാച്ചിലും ഫിഫ്റ്റി പ്ലസ് നേടിയിരിക്കുകയാണ്. ചെപ്പോക്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മാച്ചില്‍ 57 റണ്‍സോടെ റുതുരാജ് ടീമിന്റെ അമരക്കാരനായി മാറി.
വെറും 31 ബോളിലാണ് നാലു സിക്‌സറും മൂന്നു ഫോറുമടക്കം അദ്ദേഹം 57 റണ്‍സെടുത്തത്. നേരത്തേ ടൈറ്റന്‍സിനെതിരായ കൡയില്‍ എട്ടു റണ്‍സിന് റുതുരാജിന് സെഞ്ച്വറി നഷ്ടമായിരുന്നു. 50 ബോളിലായിരുന്നു താരം അന്നു 92 റണ്‍സ് വാരിക്കൂട്ടിയത്.

ലഖ്‌നൗവിനെതിരായ പ്രകടനത്തോടെ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും റുതുരാജ് തന്റെ പേരില്‍ ഭദ്രമാക്കിയിരിക്കുകയാണ്. രണ്ടു കളിയില്‍ നിന്നും താരം വാരിക്കൂട്ടിയത് 149 റണ്‍സാണ്. 81 ബോളുകള്‍ മാത്രമേ താരം നേരിട്ടുള്ളൂ. 74.5 ശരാശരിയില്‍ 183.95 സ്‌ട്രൈക്ക് റേറ്റിലാണ് റുതുരാജിന്റെ ബാറ്റിങ് പ്രകടനം. 13 സിക്‌സറുകള്‍ രണ്ടു കളിയില്‍ നിന്നും താരം വാരിക്കൂട്ടിയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബൗണ്ടറികള്‍ ഏഴെണ്ണവും റുതുരാജിനു കുറിക്കാന്‍ സാധിച്ചു.
ഐപിഎല്ലില്‍ റുതുരാജ് അവസാനമായി കളി്ച്ചിട്ടുള്ള എട്ടു ഇന്നിങ്‌സുകളെടുത്താല്‍ ഇതില്‍ നാലിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുണ്ട്. രണ്ടു തവണയാണ് ഇതിനിടെ നേരിയ വ്യത്യാസത്തില്‍ സെഞ്ച്വറി നഷ്ടമായത്. കഴിഞ്ഞ തവണ ഒരു കളിയില്‍ 99 റണ്‍സില്‍ വച്ച് വിക്കറ്റ് കൈവിട്ട റുതുരാജ് ഇത്തവണ ആദ്യ മല്‍സരത്തില്‍ 92 റണ്‍സില്‍ നില്‍ക്കവെയും പുറത്തായി. 99 (57 ബോള്‍), 28 (22 ബോള്‍), 41 (33 ബോള്‍), 7 (6 ബോള്‍), 53 (49 ബോള്‍), 2 (6 ബോള്‍), 92 (50 ബോള്‍), 57 (31 ബോള്‍) എന്നിങ്ങെയയാണ് എട്ട് ഇന്നിങ്‌സുകളില്‍ റുതുരാജിന്റെ സ്‌കോറുകള്‍.

2021ലെ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായിരുന്നു റുതുരാജ് ഗെയ്ക്വാദ്. സീസണില്‍ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. അന്നു 16 മല്‍സരങ്ങളില്‍ നിന്നും റുതുരാജ് അടിച്ചെടുത്തത് 635 റണ്‍സായിരുന്നു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയും ഇതിലുള്‍പ്പെട്ടിരുന്നു.
പക്ഷെ കഴിഞ്ഞ സീസണില്‍ ഈ ഫോം ആവര്‍ത്തിക്കാന്‍ റുതുരാജിനായില്ല. 10 ടീമുകളുടെ ലീഗില്‍ സിഎസ്‌കെ ഒമ്പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 368 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. മൂന്ന ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.
അതേസമയം, റുതുരാജിന്റെ ഫിഫ്റ്റിയിലേറി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു 218 റണ്‍സിന്റെ കൂറ്റന്‍ വിജയക്ഷ്യമാണ് ചെന്നൈ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ ഏഴു വിക്കറ്റിന് 217 റണ്‍സ് അടിച്ചെടുത്തു. 57 റണ്‍സുമായി റുതുരാജ് അമരക്കാരനായപ്പോള്‍ ഓപ്പണിങ് പങ്കാളി ഡെവന്‍ കോണ്‍വേ 47 റണ്‍സുമെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഒമ്പതോവറില്‍ 110 റണ്‍സ് നേടിയിരുന്നു. ശിവം ദുബെ (27), അമ്പാട്ടി റായുഡു (27*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.