ഐപിഎല്ലില്‍ ഇത്തവണത്തെ കണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പ്രകടനം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. വലിയ സ്‌കോറുകള്‍ നേടാനുള്ള ബാറ്റിങ് കരുത്ത് സിഎസ്‌കെയ്ക്കുണ്ടെങ്കിലും അതു പ്രതിരോധിക്കാനുള്ള ബൗളിങ് നിര ഇല്ലെന്നതാണ് നായകന്‍ എംഎസ് ധോണിയുടെ പ്രധാന തലവേദന. പ്രത്യേകിച്ചും പേസ് ബൗളിങ് വിഭാഗമാണ് ഏറ്റവും ദുര്‍ബലം. അനുഭവസമ്പത്തുള്ള ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്ലെന്നതു വലിയ പ്രശ്‌നം തന്നെയാണ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കഴിഞ്ഞ മാച്ചില്‍ 217 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും കഷ്ടിച്ചാണ് അതു ചെന്നൈ പ്രതിരോധിച്ചത്. വെറും 12 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ വിജയം. ഈ ബൗളിങ് നിരയെ വച്ച് ചെന്നൈയ്ക്കു അഞ്ചാം കിരീടം നേടാന്‍ സാധിക്കില്ലെന്നുറപ്പാണ്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ബൗളര്‍മാരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനമുണ്ടായാല്‍ മാത്രമേ ചെന്നൈ പ്ലേഓഫ് ബെര്‍ത്ത് പ്രതീക്ഷിക്കേണ്ടതുള്ളൂ.

പവര്‍പ്ലേയില്‍ നേരത്തേ ചെന്നൈയുടെ തുറുപ്പുചീട്ടായിരുന്നു സ്വിങ് ബൗളറും ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുമായ ദീപക് ചാഹര്‍. പരിക്കു കാരണം കഴിഞ്ഞ സീസണിലെ മുഴുവന്‍ മല്‍സരങ്ങളും നഷ്ടമായ അദ്ദേഹം ഇത്തവണ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവന്നിരിക്കുകയാണ്. പക്ഷെ ദീര്‍ഘകാലം മല്‍സരരംഗത്തു നിന്നും നിന്നും വിട്ടുനിന്നതിന്റെ പ്രശ്‌നങ്ങള്‍ ചാഹറുടെ ബൗളിങില്‍ പ്രകടമാണ്.
ബൗള്‍ സ്വിങ് ചെയ്യിക്കോ, പഴയതു പോലെ യോര്‍ക്കറുകള്‍ എറിയാനോയൊന്നും അദ്ദേഹത്തിനാവുന്നില്ല. പവര്‍പ്ലേയില്‍ ചാഹര്‍ നനഞ്ഞ പടക്കമായാല്‍ ഈ കുറവ് നികത്താന്‍ മികച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ചെന്നൈ നിരയിയില്ല. ടി20യില്‍ പവര്‍പ്ലേ വളരെ നിര്‍ണായകമായതിനാല്‍ തന്നെ ചാഹര്‍ ക്ലിക്കായില്ലെങ്കില്‍ ചെന്നൈയ്ക്കു ഇനയുള്ള മല്‍സരങ്ങളില്‍ വന്‍ തിരിച്ചടികള്‍ നേരിടുമെന്നുറപ്പാണ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ചാഹറുടെ ബൗളിങ് പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. നാലോവറില്‍ 13 ഇക്കോണമി റേറ്റില്‍ അദ്ദേഹം വിട്ടുകൊടുത്തത് 55 റണ്‍സായിരുന്നു. വിക്കറ്റൊന്നും ലഭിച്ചതുമില്ല. അഞ്ചു വൈഡുകളും ചാഹറിന്റെ സ്‌പെല്ലിലുണ്ടായിരുന്നു. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിന്റെ ഏറ്റവും മോശം ബൗളിങ് പ്രകടനം കൂടിയാണിത്.
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ കളിയിലും അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. അന്നു പക്ഷെ നാലോവറില്‍ 29 റണ്‍സേ വിട്ടുകൊടത്തുള്ളൂവെന്നതാണ് ഏക ആശ്വാസം. പക്ഷെ പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റായ ചാഹറില്‍ നിന്നും ഒന്നോ, രണ്ടോ വിക്കറ്റുകളെങ്കിലും ചെന്നൈയ്ക്കു ലഭിച്ചേ തീരൂ. ഇല്ലെങ്കില്‍ എതിരാളികളെ പിടിച്ചുനിര്‍ത്തുത അസാധ്യമായിരിക്കും.

2021ലെ മെഗാ ലേലത്തില്‍ 14 കോടി രൂപ മുടക്കിയായിരുന്നു ചാഹറിനെ സിഎസ്‌കെ ലേലത്തില്‍ തിരികെ വാങ്ങിയത്. കഴിഞ്ഞ തവണ താരം ഒരു മല്‍സരം പോലും കളിച്ചില്ല. ഇത്തവണ കളിച്ച രണ്ടു മല്‍സരത്തിലും ഫ്‌ളോപ്പാവുകയും ചെയ്തു. ഈ 14 കോടി രൂപയ്ക്കു രണ്ടോ, മൂന്നോ മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരെ ലേലത്തില്‍ ചെന്നൈയ്ക്കു വാങ്ങിക്കാമായിരുന്നു. പക്ഷെ 14 കോടിയും ചാഹറിനായി മുടക്കിയതോടെ ചെന്നൈയുടെ പ്ലാനിങ് തകിടം മറിയുകയായിരുന്നു. വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ലഖ്‌നൗവിനെതിരായ മല്‍സരശേഷം ചാഹറിനു നേരെ ഉയരുന്നത്.
14 കോടിയാണ് ദീപക് ചാഹിനു വേണ്ടി ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുടക്കിയത്. ഫഫ് ഡുപ്ലെസി, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ മികച്ച താരങ്ങളെ കൈവിടുകയും ചെയ്തു. തിലക് വര്‍മയ്ക്കു വേണ്ടി ലേലത്തില്‍ ശ്രമിച്ചു നോക്കുക പോലും ചെയ്തില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. ദീപക് ചാഹര്‍ ശരിക്കും ഫാസ്റ്റ് ബൗളറാണോ, അതോ സ്പിന്നറാണോയെന്നായിരുന്നു ഒരു പരിഹാസം. ദീപക് ചാഹര്‍ ഒരു ഡെത്ത് ഓവര്‍ ബൗളറല്ല. അതിനായി എത്ര കഠിനമായി ശ്രമിച്ചിട്ടും കാര്യമില്ല. അദ്ദേഹത്തെക്കൊണ്ട് അതു സാധ്യമല്ലെന്നുമായിരുന്നു ഒരു പ്രതികരണം.