അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ഐപിഎല്ലിലും ഇന്ത്യന്‍ താരം കെഎല്‍ രാഹുലിന്റെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കൂടിയായ അദ്ദേഹത്തിനു ഈ സീസണില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ തിളങ്ങാനായിട്ടില്ല. രണ്ടിന്നിങ്‌സുകളില്‍ നിന്നും 14 എന്ന ദയനീയ ശരാശരിയില്‍ 28 റണ്‍സ് മാത്രമേ രാഹുല്‍ നേടിയിട്ടുള്ളൂ.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ആദ്യ മാച്ചില്‍ അദ്ദേഹം എട്ടു റണ്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 20 റണ്‍സിനും പുറത്താവുകയായിരുന്നു. ടൂര്‍ണമെന്റില്‍ രാഹുലിനെ എങ്ങനെ ഫോമിലേക്കു തിരികെ കൊണ്ടുവരാമെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സിഎസ്‌കെയുമായുളള ലഖ്‌നൗവിന്റെ മല്‍സരത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

കെഎല്‍ രാഹുലിന്റെ മോശം ബാറ്റിങ് ഐപിഎല്ലിലും ആവര്‍ത്തിക്കുകയാണ്. ഫോമിന്റെ കാര്യത്തില്‍ അദ്ദേഹം ശരിക്കും വിഷമിക്കുകയാണ്. നേരത്തേ ഇന്ത്യന്‍ ടീമിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലും നമ്മള്‍ ഇതു കണ്ടതാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റിലും രാഹുല്‍ റണ്ണെടുക്കാന്‍ വിഷമിക്കുകയാണ്. ഇപ്പോള്‍ ഐപിഎല്ലിലും അദ്ദേഹം ഇതാവര്‍ത്തിക്കുകയാണെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.
ക്വിന്റണ്‍ ഡികോക്ക് വൈകാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലേക്കു തിരിച്ചെത്തുകയാണ്. അപ്പോള്‍ ടീം കോമ്പിനേഷന്‍ എങ്ങനെയാവുമെന്നു കെഎല്‍ രാഹുല്‍ ചിന്തിക്കണം. കാരണം കൈല്‍ മയേഴ്‌സ് ഓപ്പണറായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ മികച്ച തുടക്കമാണ് മയേഴ്‌സ് ടീമിനു നല്‍കുന്നത്. ഇതു എതിര്‍ ടീമിനെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഈ റോളില്‍ നിന്നും മാറ്റാന്‍ കഴിയില്ല. മയേഴ്‌സിന്റെ ഓപ്പണിങ് പങ്കാളിയായി ഡികോക്ക് തന്നെ കളിക്കണം. വളരെ അപകടകാരികളായ ഓപ്പണിങ് ജോടികളായി ഇവര്‍ മാറുമെന്നും കനേരിയ അഭിപ്രായപ്പെട്ടു.

കെഎല്‍ ബാറ്റിങില്‍ തുടര്‍ന്നും മോശം തുടരുകയാണെങ്കില്‍ അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം മാനേജ്‌മെന്റിനു ആലോചിക്കേണ്ടി വരും. ലീഗില്‍ ഒരുപാട് മല്‍സരങ്ങളുണ്ട്. ക്യാപ്റ്റനാവാന്‍ കഴിവുള്ള കളിക്കാരും ടീമില്‍ വേറെയുണ്ട്. രാഹുലിന് റണ്‍സ് നേടാന്‍ ബുദ്ധിമുട്ട് തുടരുകയാണെങ്കില്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റാവുന്നതാണ്.
പകരം നിക്കോളാസ് പൂരനെ നായകസ്ഥാനമേല്‍പ്പിക്കാം. അദ്ദേഹം വളര മികച്ച ക്യാപ്റ്റനാണ്. ഒരുപക്ഷെ ക്യാപ്റ്റന്‍സിയുടെ അമിതഭാരം ഒഴിവാക്കുകയാണെങ്കില്‍ അതു രാഹുലിന്റെ സമ്മര്‍ദ്ദം കുറയ്്ക്കുകയും ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യും. രാഹുലിനെ ബാറ്റിങില്‍ മധ്യനിരയിലേക്കു മാറ്റുകയും ചെയ്യാമെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള രണ്ടാം റൗണ്ട് മാച്ചില്‍ ലഖ്‌നൗ പൊരുതി വീഴുകയായിരുന്നു. 400ന് മുകളില്‍ റണ്‍സ് പിറന്ന മല്‍സരത്തില്‍ വിജയത്തിന് അരികില്‍ വരെയെത്തിയ ശേഷമാണ് ലഖ്‌നൗ കീഴടങ്ങിയത്. 12 റണ്‍സിന്റെ നേരിയ വിജയമാണ് ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴു വിക്കറ്റിനു 217 റണ്‍സെടുത്തു.
തുടരെ രണ്ടാം മാച്ചിലും ഫിഫ്റ്റിയടിച്ച റുതുരാജ് ഗെയ്ക്വാദ് (57), ഡെവന്‍ കോണ്‍വേ (47) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ ലഖ്‌നൗവും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇതിനു ചുക്കാന്‍ പിടിച്ചത് കൈല്‍ മയേഴ്‌സായിരുന്നു. 22 ബോളില്‍ താരം 53 റണ്‍സെടുത്തു.
പക്ഷെ ലഖ്‌നൗവിന് പിന്നീട് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ ഏഴു വിക്കറ്റിനു 205 റണ്‍സെടുത്ത് ലഖ്‌നൗ പരാജയം സമ്മതിക്കുകയായിരുന്നു. നാലു വിക്കറ്റുകളെടുത്ത ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ലഖ്‌നൗവിനെ പിടിച്ചുനിര്‍ത്തി സിസ്‌കെയ്ക്കു സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്.