ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതരായ മല്‍സത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പൊരുതി വീണതിനു പിന്നാലെ ചില താരങ്ങളുടെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ലഖ്‌നൗവിനു ഒരു ഘട്ടത്തില്‍ വിജയസാധ്യതയുണ്ടായിരുന്നു. പക്ഷെ അവസാന ഓവറുകളിലെ ബാറ്റിങ് പ്രകടനം അവരെ 12 റണ്‍സിന്റെ തോല്‍വിയിലേക്കു തള്ളിയിട്ടു.
218 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ലഖ്‌നൗവിന് ചെന്നൈ നല്‍കിയത്. അപ്രാപ്യമെന്നു കരുതപ്പെട്ട സ്‌കോറിലേക്കു അവര്‍ വീറോടെ തന്നെ പൊരുതി. പക്ഷെ ഏഴു വിക്കറ്റിനു 205 റണ്‍സില്‍ മല്‍സരം അടിയറ വയ്‌ക്കേണ്ടി വരികയായിരുന്നു.

17ാം ഓവര്‍ കഴിയുമ്പോള്‍ ലഖ്‌നൗ ആറു വിക്കറ്റിനു 174 റണ്‍സെന്ന നിലയിലായിരുന്നു. ദീപക് ചാഹര്‍ എറിഞ്ഞ ഈ ഓവറില്‍ 18 റണ്‍സ് അവര്‍ അടിച്ചെടുക്കുകയും ചെയ്തു. വമ്പനടികള്‍ക്കു ശേഷിയുള്ള യുവതാരം ആയുഷ ബദോനിയും ഓള്‍റൗണ്ടര്‍ കെ ഗൗതവുമായിരുന്നു ക്രീസില്‍. പക്ഷെ അടുത്ത രണ്ടോവറിലും ഇരുവര്‍ക്കും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ 18ം ഓവറില്‍ ഏഴും രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എറിഞ്ഞ 19ാം ഓവറില്‍ ഒമ്പതും റണ്‍സ് മാത്രമേ ലഖ്‌നൗിനു ലഭിച്ചുള്ളൂ. ഒരു ഫോറോ, സിക്‌സറോ പോലും ഈ ഓവറുകളില്‍ നേടാനുമായില്ല.
ഇതോട അവസാന ഓവറില്‍ ജയിക്കാന്‍ 28 റണ്‍സ് ലഖ്‌നൗവിനു ആവശ്യമായി വന്നു. തുഷാര്‍ പാണ്ഡെയെറിഞ്ഞ ഓവറിലെ ആദ്യ ബോള്‍ വൈഡ്. അടുത്തത് നോ ബോള്‍. മൂന്നാമത്തെ ബോളില്‍ ബദോനി രണ്ടു റണ്ണെടുത്തു. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ ബദോനി പുറത്താവുകയും ചെയ്തു. 18 ബോളില്‍ ഫോറും സിക്‌സറുമില്ലാതെ 23 റണ്‍സാണ് താരം നേടിയത്.
ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് കൂടിക്കൊണ്ടിരിക്കെ താരം സിംഗിളുകളും ഡബിളുകളുമെടുത്ത് കളിക്കുകയായിരുന്നു. സ്ഥിരം ശൈലിയില്‍ നിന്നുള്ള വ്യത്യസ്തമായുള്ള ബദോനിയുടെ ഇന്നിങ്‌സാണ് ആരാധകരെ സംശയത്തിലാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു.

ആയുഷ് ബദോനിയുടെ ഇന്നിങ്‌സ് ഒത്തുകളി തന്നെയാണ്. അങ്ങനെ സംശയിക്കാതിരിക്കാന്‍ യാതൊരു കാരണവും കാണുന്നില്ലെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്. ഐപിഎല്ലിലെ ചെന്നൈ- ലഖ്‌നൗ മല്‍സരത്തില്‍ ഒത്തുകളി നടന്നിട്ടില്ലെന്നു ആരും പറയരുത്. ആയുഷ് ബദോനിയുടെ ഇന്നിങ്‌സിനു യാതൊരു വിശദീരണവുമില്ലെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ ആയുഷ് ബദോനിയുടെ പ്ലാന്‍ എന്തായിരുന്നുവെന്നു ആരെങ്കിലും ചോദിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോയെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുളള മാച്ചില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹീറോസ് ആവാനുള്ള അവസരമാണ് ആയുഷ് ബദോനിയും കെ ഗൗതവും പാഴാക്കിയത്. അത്തരം അവിസ്മരണീയമായ രാത്രികളുടെ പേരിലാണ് ഐപിഎല്‍ അറിയപ്പെടുന്നത്. പക്ഷെ ബദോനിക്കും ഗൗതമിനും അതു സാധിച്ചില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ആയുഷ് ബദോനിക്കു എന്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ സംഭവിച്ചത്? ടീമിനെ വിജയിപ്പിക്കാനുള്ള ഒരു ശ്രമവും കാണിച്ചില്ല. എന്താണ് സംഭവിച്ചതെന്നും ഉറപ്പില്ലെന്നും ഒരു യൂസര്‍ കുറിച്ചു. ഒരു ഫോര്‍ പോലുമില്ലാതെ 18 ബോളുകളാണ് ആയുഷ് ബദോനി കളിച്ചതെന്നായിരുന്നു ഒരു പ്രതികരണം.

ചെപ്പോക്കില്‍ ആയുഷ് ബദോനിയുടേത് തീര്‍ച്ചയായും സംശയാസ്പദമായ ബാറ്റിങ് തന്നെയാണ്. നിയമവിരുദ്ധമായി എന്തോ ചെയ്യാന്‍ താരം ശ്രമിക്കുന്നതു പോലെയാണ് കാണപ്പെട്ടതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു. 18ാം ഓവറില്‍പ്പോലും ആക്രമിച്ചു കളിക്കാനുള്ള ശ്രമം ആയുഷ് ബദോനിയുടെ ഭാഗത്തു നിന്നുമുണ്ടായില്ല. ഒന്നു ശ്രമിച്ച് നോക്കി പുറത്തായാലും കുഴപ്പമില്ലായിരുന്നു. മാര്‍ക്ക് വുഡ് നേരത്തേ ക്രീസില്‍ വന്നിരുന്നെങ്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മല്‍സരം ജയിക്കുമായിരുന്നുവെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ സ്വാധീനമാണ് ആയുഷ് ബദോനിയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെയെന്നായിരുന്നു ഒരു പ്രതികരണം. എംഎസ് ധോണിയുടെ അതേ ശൈലിയിലാണ് ആയുഷ് ബദോനി ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചത്. മോശം ബോളുകളില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാമായിരുന്നിട്ടും അനാവശ്യമായി മല്‍സരം അവസാനത്തിലേക്കു നീട്ടിക്കൊണ്ടു പോവുക ആയിരുന്നുവെന്നുമായിരുന്നു ഒരു വിമര്‍ശനം.