Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ബാറ്റിങ് ചതിച്ചു, ചെപ്പോക്കില്‍ സിഎസ്‌കെയെ ഞെട്ടിച്ച് കെകെആര്‍! പ്ലേഓഫ് തുലാസില്‍

ചെന്നൈ: ജയത്തോടെ ഈ സീസണിലെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തുന്ന ആദ്യ ടീമാവാനുറച്ച് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തിരിച്ചടി. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ചെന്നൈയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഞെട്ടിക്കുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിനാണ് സിഎസ്‌കെയെ കെകെആര്‍ തകര്‍ത്തെറിഞ്ഞത്.

ഈ തോല്‍വിക്കു സ്വയം പഴിക്കാനേ സിഎസ്‌കെയ്ക്കു നിര്‍വാഹമുള്ളൂ. കാരണം അത്രയും മോശം ബാറ്റിങ് കാഴ്ചവച്ച അവര്‍ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ഇതോടെ സിഎസ്‌കെയുടെ പ്ലേഓഫ് ബെര്‍ത്തും തുലാസിലായിരിക്കുകയാണ്. അവസാന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിക്കാനായാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫ് ഉറപ്പുള്ളൂ.

RANA-RINKU

145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് കെകെആറിനു മുന്നില്‍ സിഎസ്‌കെ വച്ചത്. പവര്‍പ്ലേയില്‍ മൂന്നു വിക്കറ്റുകളെടുത്ത ദീപക് ചാഹര്‍ സിഎസ്‌കെയ്ക്കു ആഗ്രഹിച്ച തുടക്കം നല്‍കിയിരുന്നു. ഇതോടെ കെകെആര്‍ മൂന്നിന് 33ലേക്കു വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒരുമിച്ച ക്യാപ്റ്റന്‍ നിതീഷ് റാണയും റിങ്കു സിങും ചേര്‍ന്ന് മല്‍സരം സിഎസ്‌കെയില്‍ നിന്നും തട്ടിയെടുത്തു. 99 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്നുണ്ടാക്കിയതോടെ മല്‍സരം സിഎസ്‌കെയില്‍ നിന്നും വഴുതിപ്പോയി.

18.3 ഓവറില്‍ നാലു വിക്കറ്റിനു കെകെആര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച റാണ പുറത്താവാതെ 57 റണ്‍സോടെ ടോപ്‌സ്‌കോററായി. 44 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും ഒരു സിക്‌സറുമടിച്ചു. റിങ്കു 54 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 43 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. സ്‌കോര്‍- ചെന്നൈ ആറിന് 144, കൊല്‍ക്കത്ത 18.3 ഓവറില്‍ നാലിനു 147.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിഎസ്‌കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് 144 റണ്‍സെന്ന സ്‌കോറിലെത്തിയത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു സിഎസ്‌കെ താരങ്ങളുടെ ബാറ്റിങ് പ്രകടനം. ഒരാള്‍പോലും ടീമില്‍ ഫിഫ്റ്റി തികച്ചില്ല. ഈ സീസണില്‍ സിഎസ്‌കെയുടെ ഏറ്റവും മികച്ച താരമായ ശിവം ദുബെയാണ് പുറത്താവാതെ 48 റണ്‍സുമായി ടീമിന്റെ രക്ഷകനായത്. 34 ബോളുകള്‍ നേരിട്ട താരം മൂന്നു സിക്‌സറും ഒരു ഫോറുമടിച്ചു.

ഡെവന്‍ കോണ്‍വേ (30), രവീന്ദ്ര ജഡേജ (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. റുതുരാജ് ഗെയ്ക്വാദ് (17), അജിങ്ക്യ രഹാനെ (16), അമ്പാട്ടി റായുഡു (4), മോയിന്‍ അലി (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ക്യാപ്റ്റന്‍ എംഎസ് ധോണിക്കു ഒരു ഫ്രീഹിറ്റടക്കം മൂന്നു ബോള്‍ മാത്രമേ നേടാന്‍ അവസരം ലഭിച്ചുള്ളൂ. അദ്ദേഹത്തിനു രണ്ടു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

VARUN- RANA

റുതുരാജ്- കോണ്‍വേ ജോടി ഓപ്പണിങ് വിക്കറ്റില്‍ 31 റണ്‍സാണ് നേടിയത്. 21 ബോളുകളില്‍ നിന്നായിരുന്നു ഇത്. നാലാം ഓവറിലെ മൂന്നാമത്തെ ബോളില്‍ റുതുരാജിനെ പുറത്താക്കി വരുണ്‍ കെകെആറിനു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കി. 13 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 17 റണ്‍സെടുത്ത റുതുരാജിനെ വൈഭവ് അറോറ പിടികൂടി.

ടീം സ്‌കോറിലേക്കു 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കം രഹാനെയും മടങ്ങി. ഇത്തവണയും വരുണാണ് പ്രഹരമേല്‍പ്പിച്ചത്. ജേസണ്‍ റോയ് പിടികൂടുകയായിരുന്നു. തുടര്‍ന്നായിരുന്നു സുനില്‍ നരെയ്‌ന്റെ ഇരട്ടപ്രഹരം. 11ാം ഒാവറിലെ ആദ്യ ബോളില്‍ റായുഡുവിനെ ബൗള്‍ഡാക്കിയ അദ്ദേഹം അവസാന ബോളില്‍ അലിയെയും ബൗള്‍ഡാക്കി. ഇതോടെ സിഎസ്‌കെ അഞ്ചിനു 72ലേക്കു തകര്‍ന്നു.

തുടര്‍ന്നായിരുന്നു ദുബെയും ജഡേജയും ചേര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനം. സിംഗിളുകളും ഡബിളുകളുമെടുത്ത് ഇരുവരും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. 68 റണ്‍സ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. പക്ഷെ ഡെത്ത് ഓവറുകളില്‍ സ്‌കോറിങിന്റെ വേഗത കൂട്ടുന്നതില്‍ ഇരുവരും തികഞ്ഞ പരാജയമായി മാറി.

പ്രതേകിച്ചും ജഡേജയുടെ ബാറ്റിങ് വളരെ സ്ലോയായിരുന്നു. 24 ബോളുകളില്‍ നിന്നും 20 റണ്‍സെടുതത് അദ്ദേഹം ഒരേയൊരു സിക്‌സര്‍ മാത്രമാണ് നേടിയത്. 20ാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ജഡേജ പുറത്തായത്. കെകെആറിനായി സ്പിന്‍ ജോടികളായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും രണ്ടു വീതം വിക്കറ്റുകള്‍ വീതമെടുത്തു.

നേരത്തേ ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ സിഎസ്‌കെ നിലനിര്‍ത്തുകയായിരുന്നു. കെകെആര്‍ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. അനുകുല്‍ റോയ്ക്കു പകരം വൈഭവ് അറോറ ടീമിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീശ പതിരാന.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ജേസണ്‍ റോയ്, റഹമാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, റിങ്കു സിങ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, സുനില്‍ നരെയ്ന്‍, ഹര്‍ഷിത് റാണ, സുയാഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Sunday, May 14, 2023, 12:32 [IST]
Other articles published on May 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+