അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ സിഎസ്‌കെ നായകന്‍ എംഎസ് ധോണി ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് കവര്‍ ചെയ്തിരുന്നതിനാല്‍ ഈര്‍പ്പം ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് ധോണി ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത്.
എന്നാല്‍ ധോണി കാട്ടിയത് മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ചരിത്രം പരിശോധിക്കുമ്പോള്‍ ധോണിയുടെ തീരുമാനം അല്‍പ്പം സാഹസികമാണെന്ന് പറയാം. 2009. 2011, 2013, 2015, 2017, 2019, 2021 സീസണുകളിലെ ഫൈനലുകളിലെല്ലാം ആദ്യം പന്തെറിഞ്ഞ ടീമാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ആദ്യം സിഎസ്‌കെ ബാറ്റ് ചെയ്യേണ്ടിയിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് ചേസ് ചെയ്യുന്നതില്‍ മിടുക്കന്മാരാണ്. അതുകൊണ്ടാണ് ധോണി ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത്. എന്നാല്‍ സിഎസ്‌കെ ചേസ് ചെയ്യുന്നത് അത്ര ഗുണം ചെയ്യില്ല. റുതുരാജ് ഗെയ്ക് വാദ്- ഡെവോണ്‍ കോണ്‍വേ ഓപ്പണിങ് കൂട്ടുകെട്ടാണ് സിഎസ്‌കെയുടെ നട്ടെല്ല്. ഇരുവരും പെട്ടെന്ന് പുറത്തായാല്‍ സിഎസ്‌കെ പതറാന്‍ സാധ്യത കൂടുതലാണെന്നാണ് ആരാധകര്‍ പറയുന്നത്.
അജിന്‍ക്യ രഹാനെ ഗംഭീരമായി തുടങ്ങിയെങ്കിലും അവസാന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തിയിരുന്നു. അമ്പാട്ടി റായിഡുവിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. ശിവം ദുബെയേയും വിശ്വസിക്കാനാവില്ല. രവീന്ദ്ര ജഡേജ, എംഎസ് ധോണി എന്നിവരുടെ ബാറ്റിങ്ങിലും അമിത പ്രതീക്ഷവെക്കാനാവില്ല. ഈ സാഹചര്യത്തില്‍ സിഎസ്‌കെ ചേസ് ചെയ്യുന്നത് മണ്ടത്തരമാണെന്ന് പറയാം.
മറ്റൊരു കാര്യം ഗുജറാത്തിന്റെ ബൗളിങ് കരുത്താണ്. മുഹമ്മദ് ഷമി പവര്‍പ്ലേയില്‍ തുടര്‍ച്ചയായി വിക്കറ്റ് നേടുന്നു. ഹര്‍ദിക് പാണ്ഡ്യയും പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നവനാണ്. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നീ സൂപ്പര്‍ സ്പിന്നര്‍മാരെയും ഭയക്കണം. സിഎസ്‌കെയിലെ പല ബാറ്റ്‌സ്മാന്‍മാരും സ്പിന്നിനെ നേരിടാന്‍ പ്രയാസപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് റണ്‍സ് പിന്തുടരുന്ന് ജയിക്കുക പ്രയാസമായിരിക്കും.

മുംബൈ ഇന്ത്യന്‍സിന് പറ്റിയ സമാന പിഴവാണ് ധോണിയും കാട്ടിയിരിക്കുന്നത്. രോഹിത് ശര്‍മയും ആദ്യം ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയാണ് ചെയ്തത്. എന്നാല്‍ ഗുജറാത്ത് വമ്പന്‍ സ്‌കോര്‍ നേടിയതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായ സമ്മര്‍ദ്ദമുണ്ടാവും. കോണ്‍വേയുടെ പവര്‍പ്ലേയിലെ സ്‌ട്രൈക്കറേറ്റ് മോശമാണെന്നതും സിഎസ്‌കെയ്ക്ക് തലവേദനയാണ്.
സിഎസ്‌കെയുടെ ബൗളിങ് നിര ശരാശരി മാത്രമാണ്. ഗുജറാത്തിനെ ഒന്നാം ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്താണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ധോണിയുടെ ബ്രില്യന്റ് ക്യാപ്റ്റന്‍സിയിലാണ് അന്ന് സിഎസ്‌കെ ജയിച്ചത്. എന്നാല്‍ ഇത്തവണ ധോണി കാട്ടിയത് അല്‍പ്പം സാഹസമാണെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിക്ക് കിരീടം നേടി വിടപറയാന്‍ സാധിക്കുമെന്ന് കരുതുന്നില്ലന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ധോണിയില്‍ പ്രതീക്ഷയുണ്ടെന്നും ധോണിയുടെ സൂപ്പര്‍ ഫിനിഷിങ്ങില്‍ സിഎസ്‌കെ മറ്റൊരു ജയം കൂടി കാണുമെന്നാണ് കരുതുന്നതെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ധോണിയില്‍ നിന്ന് അത്തരമൊരു അത്ഭുത ഇന്നിങ്‌സ് കാണാനും സിഎസ്‌കെ ജയിക്കാനുമുള്ള സാധ്യത നിലവില്‍ കുറവാണെന്ന് പറയാം. തട്ടകത്തില്‍ കളിക്കുന്ന ആത്മവിശ്വാസം ഗുജറാത്തിന് മുന്‍തൂക്കം നല്‍കുമെന്നുറപ്പ്.