ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് റണ്‍മെഷീന്‍ ശുഭ്മന്‍ ഗില്‍. 20 ബോളില്‍ ഏഴു ഫോറുകളടക്കം 39 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്. രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ നായകന്‍ എംഎസ് ധോണിയാണ് മിന്നല്‍ സ്റ്റംപിങിലൂടെ ഗില്ലിനെ പുറത്താക്കിയത്. പക്ഷെ അപ്പോഴേക്കും ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവുമധികം റണ്‍സ് നേടിയ താരമായി ശുഭ്മന്‍ ഗില്‍ മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ഇതിഹാസവും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരവുമായ വിരാട് കോലിയുടെ പേരിലുള്ള റെക്കോര്‍ഡ് ഗില്‍ തകര്‍ക്കുകയായിരുന്നു.

2016ലെ സീസണില്‍ സ്പിന്നര്‍മാര്‍ക്കെതിരേ 364 റണ്‍സ് നേടിയായിരുന്നു കോലി ചരിത്രം കുറിച്ചത്. ഇതാണ് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഗില്‍ പഴങ്കഥയാക്കിയത്. ഇത്തവണ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ സമ്പാദ്യം 378 റണ്‍സാണ്. ഈ ലിസ്റ്റില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയ ന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ്. 2019ല്‍ 344ഉം 2017ല്‍ 332ഉം 2016ല്‍ 318ഉം റണ്‍സ് വാര്‍ണര്‍ സ്‌കോര്‍ ചെയ്തിരുന്നു.
സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവുമധികം റണ്‍സെന്ന വിരാട് കോലിയുടെ റെക്കോര്‍ഡ് തിരുത്തിയെങ്കിലും മറ്റൊരു വമ്പന്‍ റെക്കോര്‍ഡ് തിരുത്താന്‍ ശുഭ്മന്‍ ഗില്ലിനായില്ല. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന കോലിയുടെ റെക്കോര്‍ഡാണ് അദ്ദേഹത്തിനു എത്തിപ്പിടിക്കാന്‍ സാധിക്കാതെ പോയത്.
2016ലെ ഐപിഎല്ലില്‍ കോലി വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. ഈ റെക്കോര്‍ഡ് ഗില്‍ ഇത്തവണ മറികടന്നേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഇതിനായില്ല. 890 റണ്‍സുമായി താരം സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, 215 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്‌പ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ജിടി നാലു വിക്കറ്റിനു 214 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ തീരുമാനം പാളുകയായിരുന്നു.
സായ് സുദര്‍ശന്റെയും (96) വൃധിമാന്‍ സാഹയുടെയും (54) തകര്‍പ്പന്‍ ഫിഫ്റ്റികള്‍ ജിടിയെ കൂറ്റന്‍ ടോട്ടലിലെത്തിക്കുകയായിരുന്നു. 39 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 21 റണ്‍സോടെ പുറത്താവാതെ നിന്നു. സുദര്‍ശന്‍ വെറും 47 ബോളിലാണ് എട്ടു ഫോറും ആറു സിക്‌സറുമടക്കം 96 റണ്‍സ് അടിച്ചെടുത്തത്. സാഹ 39 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു.