ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ഫൈനല്‍ ഇന്ന് നടക്കാനിരിക്കെ ആരാധകര്‍ ഉറ്റുനോക്കുന്നത് എംഎസ് ധോണിയുടെ തീരുമാനത്തിലേക്കാണ്. ഈ സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോ അതോ അടുത്ത സീസണിലും കളിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഈ സീസണില്‍ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലൂടെ സിഎസ്‌കെയെ ഫൈനലിലേക്കെത്തിക്കാന്‍ ധോണിക്കായിരുന്നു.
ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ റോള്‍ ധോണിക്കില്ലെങ്കിലും ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ധോണി കളത്തില്‍ നിറഞ്ഞുനിന്നു. അടുത്ത സീസണിലും ധോണി തുടരണമെന്നാണ് സിഎസ്‌കെ മാനേജ്‌മെന്റിന്റെ ആഗ്രഹവും. എന്നാല്‍ അമ്പാട്ടി റായുഡുവും വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നായകനെന്ന നിലയില്‍ മാത്രം ധോണിയെ ഇനിയും കളിപ്പിക്കുക പ്രയാസം തന്നെയാണ്. ഇംപാക്ട് പ്ലയറായി ധോണിയെ സിഎസ്‌കെ പരിഗണിക്കുമോയെന്നതും കണ്ടറിയണം.

ഇപ്പോഴിതാ ഇംപാക്ട് പ്ലയര്‍ നിയമം ധോണിക്ക് അനുയോജ്യമായിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. അതിന്റെ കാരണവും സെവാഗ് വ്യക്തമാക്കുന്നു. 'നിങ്ങള്‍ക്ക് ഉയര്‍ന്ന കായിക ക്ഷമതയുണ്ടെങ്കില്‍ 40കളില്‍ ക്രിക്കറ്റ് കളിക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. ഈ വര്‍ഷം ധോണി അധികം ബാറ്റ് ചെയ്തിട്ടില്ല. കാല്‍മുട്ടിനേറ്റ പരിക്ക് ബാധിക്കുന്നതിനാല്‍ അവസാന രണ്ട് ഓവറുകളിലാണ് കൂടുതലും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഈ സീസണില്‍ ധോണി നേരിട്ട ആകെ പന്തുകള്‍ 40-50 മാത്രമാണ്.
ഇംപാക്ട് പ്ലയര്‍ നിയമം ധോണിയില്‍ ഉപയോഗിക്കാനാവില്ല. കാരണം ധോണിയെ കളിപ്പിക്കുന്നത് ക്യാപ്റ്റന്‍സികൊണ്ട് മാത്രമാണ്. ഇംപാക്ട് പ്ലയറായി ഉപയോഗിക്കേണ്ടത് ഫീല്‍ഡ് ചെയ്യാന്‍ പ്രയാസമുള്ള മികച്ച ബാറ്റ്‌സ്മാനെയോ ബാറ്റ് ചെയ്യാന്‍ സാധിക്കാത്ത മികച്ച ബൗളറെയോയാണ്. ധോണി 20 ഓവറും കളത്തിലുണ്ടാവണം. ഇതുവരെ ഇംപാക്ട് പ്ലയറായി ധോണിയെ കളിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധോണിയെ ഉപദേഷ്ടാവായോ പരിശീലകനായോ ഡയറക്ടറായോ കാണാം'- സെവാഗ് പറഞ്ഞു.
ഈ സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. ഇതിനെക്കുറിച്ച് പല തവണ ചോദ്യങ്ങളുയര്‍ന്നപ്പോഴും കൗശല ഉത്തരങ്ങള്‍ നല്‍കി ധോണി ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ വിരമിക്കല്‍ സൂചനയും ധോണി നല്‍കിയിട്ടുണ്ട്. എല്ലാ മൈതാനങ്ങളിലും ഇത്തവണ സിഎസ്‌കെയെ പിന്തുണച്ച് ആരാധകരെത്തിയത് ധോണിയുടെ അവസാന സീസണാണിതെന്ന വിലയിരുത്തലിലാണ്.
ഇത്തവണ ഹോം ഗ്രൗണ്ടിലേതുപോലെയുള്ള വലിയ പിന്തുണയാണ് സിഎസ്‌കെയ്ക്ക് എവേ മത്സരങ്ങളിലും ലഭിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ധോണി ഇത്തവണ ആരാധകരോട് കൂടുതല്‍ സംസാരിക്കാനും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനുമെല്ലാം തയ്യാറായിരുന്നു. ഇതെല്ലാം ധോണി വിരമിക്കുമെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ ഔദ്യോഗികമായി ധോണി തന്നെ ഇക്കാര്യം പ്രഖ്യാപിക്കേണ്ടതായുണ്ട്.

എന്നാല്‍ ഇംപാക്ട് പ്ലയറായി ധോണിക്ക് ഇനിയും കളി തുടരാന്‍ സാധിക്കുമെന്ന് മുന്‍ സിഎസ്‌കെ താരവും നിലവില്‍ സിഎസ്‌കെയുടെ ബൗളിങ് പരിശീലകനുമായ ഡ്വെയ്ന്‍ ബ്രാവോ പറഞ്ഞിരുന്നു. 'ഇംപാക്ട് പ്ലയര്‍ നിയമപ്രകാരം 100 ശതമാനവും ധോണിക്ക് കളി തുടരാനാവും' എന്നാണ് ബ്രാവോ പറഞ്ഞത്. എന്നാല്‍ 41കാരനായ ധോണിക്ക് ഇനിയും ഒരു സീസണ്‍ കൂടി പോവുക പ്രയാസമാണെന്നതാണ് വസ്തു.
ധോണിക്ക് കീഴില്‍ സിഎസ്‌കെ അഞ്ചാം കിരീടം നേടി വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ കാഴ്ച കാണാന്‍ സാധിച്ചേക്കില്ല. അഹമ്മദാബാദില്‍ കടുത്ത മഴയാണുള്ളത്. അതുകൊണ്ട് തന്നെ ഇന്നും കളി നടക്കാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ വന്നാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തിയ ഗുജറാത്തിനെ കിരീട ജേതാക്കളായി പ്രഖ്യാപിക്കും.
ഇതോടെ സിഎസ്‌കെയ്ക്ക് റണ്ണറപ്പുകളായി മടങ്ങേണ്ടി വരും. മഴ മാറണേയെന്ന പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍ സിഎസ്‌കെ ആരാധകര്‍. മഴമാറാത്ത പക്ഷം സിഎസ്‌കെയ്ക്ക് നിരാശയോടെ മടങ്ങേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.