ഐപിഎല്ലിന്റെ ക്വാളിഫയര്‍ വണ്ണില്‍ ചൊവ്വാഴ്ച നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊമ്പുകോര്‍ക്കും. രാത്രി 7.30 മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയും എംഎസ് ധോണിയും മുഖാമുഖം വരുന്നത്. ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തിന്റെ റീപ്ലേ കൂടിയാണിത്. അന്നു സിഎസ്‌കെയെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ച് ജിടി കെട്ടുകെട്ടിച്ചിരുന്നു.
പക്ഷെ ഇത്തവണ കളി കൂടുതല്‍ കാര്യമാവും. കാരണം സെമി ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ ഇരുടീമുകളും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. ജയിക്കുന്നവര്‍ക്കു ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിലേക്കു ടിക്കറ്റെടുക്കാം. തോല്‍ക്കുന്നവര്‍ക്കു ഒരവസരം കൂടി ലഭിക്കും. എലിമിനേറ്ററിലെ വിജയികളുമായിട്ടായിരിക്കും ഫൈനല്‍ ബെര്‍ത്തിനായി ഇവര്‍ ഏറ്റുമുട്ടുക.

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണ പ്ലേഓഫിലേക്കു കുതിച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും അവര്‍ക്കു ലഭിച്ചത് 20 പോയിന്റാണ്. 10 കളികളും ജയിച്ച ജിടി നാലെണ്ണത്തില്‍ മാത്രമേ പരാജയപ്പെട്ടുളളൂ. സിഎസ്‌കയാവട്ടെ ജിടിക്കു പിറകില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരാവുകയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും സിഎസ്‌കെ നേടിയത് 17 പോയിന്റാണ്. എട്ടു മല്‍സരങ്ങളിലാണ് സിഎസ്‌കെ ജയിച്ചത്. അഞ്ചു കളികള്‍ തോല്‍ക്കുകയായിരുന്നു. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
സിഎസ്‌കെയും ജിടിയും തമ്മിലുളള ക്വാളിഫയര്‍ 1 പോരാട്ടത്തിന്റെ പ്രവചനത്തിലേക്കു വന്നാല്‍ മുന്‍തൂക്കം ജിടിക്കു തന്നെയാണന്നു കാണാം. ഹോം ടീമായതിനാല്‍ കാണികളുടെ പിന്തുണ സിഎസ്‌കെയ്ക്കു തന്നെയായിരിക്കും. പക്ഷെ ഇതുകൊണ്ടു മാത്രം കളി ജയിക്കാന്‍ ധോണിപ്പടയ്ക്കു സാധിക്കില്ല. നിലവിലെ ഫോമും ടീമിന്റെ ബാലന്‍സുമെല്ലാം കണക്കിലെടുക്കുമ്പോള്‍ സിഎസ്‌കെയെ വീഴ്ത്തി ജിടി ഫൈനലിലേക്കു മുന്നേറും.

ചെപ്പോക്കിലെ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചും ഗുജറാത്ത് ടൈറ്റന്‍സിനു അനുകൂല ഘടമാണ്. സിഎസ്‌കെയേക്കാള്‍ ശക്തമായ സ്പിന്‍ ബൗളിങ് നിരയുള്ളത് ജിടിക്കു തന്നെയാണ്. അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും അഫ്ഗാന്റെ തന്നെ സ്പിന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദുമുള്‍പ്പെട്ട സ്പിന്‍ നിര സിഎസ്‌കെയെ വെള്ളം കുടിപ്പിക്കും. മറുഭാഗത്ത് സിഎസ്‌കെയുട പ്രധാന സ്പിന്നര്‍ മഹീഷ് തീക്ഷണയുടെ മോശം ഫോമും ചെന്നൈയ്ക്കു തിരിച്ചടിയാവുന്ന ഘടകമാണ്.
ഇതു കൂടാതെ സിഎസ്‌കെയ്‌ക്കെതിരേയുള്ള അപരാജിത റെക്കോര്‍ഡും ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇതു വരെ ഐപിഎല്ലില്‍ പരാജയപ്പെടുത്താന്‍ സാധിക്കാത്ത ടീം കൂടിയാണ് ജിടി. മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടു തവണ കൊമ്പുകോര്‍ത്ത ഇരുടീമും ഇത്തവണ ഉദ്ഘാടന മല്‍സരത്തില്‍ മാത്രമേ മുഖാമുഖം വന്നിട്ടുള്ളൂ. ചെന്നൈയില്‍ വച്ച് സിഎസ്‌കെയും ജിടിയും ആദ്യമായി കൊമ്പുകോര്‍ക്കുന്ന മല്‍സരമാണ് ചൊവ്വാഴ്ചത്തേത്.
സാധ്യതാ ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്: റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ. (ഇംപാക്ട് പ്ലെയര്‍-മതീശ പതിരാന).
ഗുജറാത്ത് ടൈറ്റന്‍സ്: വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, യഷ് ദയാല്‍ (ഇംപാക്ട് പ്ലെയര്‍- ദസുന്‍ ഷനക)