നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ഗുജറാത്ത് ടൈറ്റന്‍സിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു ഐപിഎല്‍ ഫൈനലിനു യോഗ്യത നേടിയിരിക്കുകയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ സിഎസ്‌കെയൊരുക്കിയ സ്പിന്‍ കെണിയില്‍ ജിടി അകപ്പെടുകയായിരുന്നു. 15 റണ്‍സിന്റെ വിജയമാണ് ധോണിപ്പട സ്വന്തമാക്കിയത്. ആദ്യം ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ 172 റണ്‍സ് നേടിയപ്പോള്‍ തന്നെ റണ്‍ചേസ് ജിടിക്കു ദുഷ്‌കരമാവുമെന്നുറപ്പായിരുന്നു. കാരണം ഈ പിച്ചില്‍ 160-170 റണ്‍സ് വിന്നിങ് ടോട്ടല്‍ തന്നെയാണ്.
എംഎസ് ധോണിയുടെ ഗംഭീര ക്യാപ്റ്റന്‍സി തന്നെയാണ് ഈ മല്‍സരത്തില്‍ ജിടിക്കു മൂക്കുകയറിട്ടതെന്നു പറയാം. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം തുടക്കം മുതല്‍ അവസാനം വരെ ഒരു പിഴവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചില്ല. റണ്‍ചേസില്‍ ജിടിയുടെ ടോപ്‌സ്‌കോററായത് 42 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലായിരുന്നെങ്കിലും അവര്‍ക്കു നേരിയ വിജയപ്രതീക്ഷ നല്‍കിയത് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു.

എട്ടാം നമ്പറില്‍ റാഷിദ് ഖാന്‍ ക്രീസിലെത്തുമ്പോഴേക്കും മല്‍സരത്തില്‍ സിഎസ്‌കെ വ്യക്തമായ ആധിപത്യം നേടിയിരുന്നു. പക്ഷെ റാഷിദ് ഖാന്‍ എളുപ്പം കീഴടങ്ങിയില്ല. 16 ബോളില്‍ നിന്നും മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 30 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം സിഎസ്‌കെയ്ക്കു നേരിയ പരിഭ്രാന്തിയുണ്ടാക്കിയ ശേഷമാണ് ക്രീസ് വിട്ടത്.
തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ 19ാമത്തെ ഓവറില്‍ ഒമ്പതാമനായാണ് റാഷിദ് പുറത്തായത്. ധോണിയുടെ കൃത്യമായ പ്ലാനിങാണ് റാഷിദിനെ കുരുക്കിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
വളരെ അപകടകരമായ രീതിയിലായിരുന്നു റാഷിദ് ഖാന്‍ ബാറ്റ് ചെയ്തത്. തുഷാര്‍ ദേശ്പാണ്ഡെയ്ക്കു കൃത്യമായ നിര്‍ദേശമായിരുന്നു എംഎസ് ധോണി 19ാം ഓവറില്‍ നല്‍കിയത്. എവിടെ ബൗള്‍ ചെയ്യണമെന്നു തുഷാറിനു ധോണി ഉപദേശം നല്‍കിയിരുന്നു. ലെഗ് സൈഡില്‍ ഫീല്‍ഡര്‍മാരൊന്നുമില്ല. അതുകൊണ്ടു തന്നെ ഓഫ് സ്റ്റംപിന് പുറത്ത് ലൈനില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുക. ശരീരത്തില്‍ നിന്നും ഏറെ അകന്നാണ് റാഷിദ് ഷോട്ടുകള്‍ കളിക്കുന്നതെന്നും തുഷാറിനോടു ധോണി പറഞ്ഞു കൊടുക്കുകയായിരുന്നു.

റാഷിദ് വീണ്ടും ഇതേ രീതിയില്‍ ഷോട്ടുകള്‍ കളിക്കും. ക്യാച്ച് ചെയ്യാന്‍ ഡീപ്പ് പോയിന്റിലും ഡീപ്പ് എക്‌സ്ട്രാ കവറിലും ഫീല്‍ഡര്‍മാരെ നിര്‍ത്തിയിട്ടുണ്ട്. അവിടെ റാഷിദ് ക്യാച്ച് നല്‍കാനാണ് സാധ്യതയെന്നും തുഷാറിനു ധോണി മനസ്സിലാക്കിക്കൊുത്തു. അദ്ദേഹത്തിന്റെ പ്ലാനിങ് പിഴച്ചില്ല. അതു തന്നെയാണ് സംഭവിച്ചത്. ഡീപ്പ് പോയിന്റില്‍ തന്നെ ക്യാച്ച് സമ്മാനിച്ച് റാഷിദ് പുറത്താവുകയും ചെയ്തതായി ഡാനിഷ് കനേരിയ വിശദീകരിച്ചു.
ഈ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വരുത്തിയ വലിയൊരു പിഴവും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. യഷ് ദയാലിനു പകരം പ്ലെയിങ് ഇലവനിലേക്കു വന്ന പേസര്‍ ദര്‍ശന്‍ നല്‍ക്കാണ്ഡെയുടെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കയത് ഹാര്‍ദിക്കിനു പറ്റിയ തെറ്റാണ്. കാരണം ദര്‍ശന്‍ അത്ര മികച്ച ബൗളിങല്ല ഈ കളിയില്‍ കാഴ്ചവച്ചത്.
രണ്ടോവറുകള്‍ക്കു ശേഷം താരത്തിനു ബൗളിങ് നല്‍കാന്‍ പാടില്ലായിരുന്നു. പകരം അടുത്ത രണ്ടോവറുകള്‍ ഹാര്‍ദിക് സ്വയം ബൗള്‍ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അദ്ദേഹത്തില്‍ നിന്നും അങ്ങനെയൊനു നീക്കം കണ്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച തന്നെയാണിതെന്നും കനേരിയ വിശദീകരിച്ചു.