ഐപിഎല്ലിന്റെ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ത്രില്ലര്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയാണ് സ്റ്റേഡിയം മഴയില്‍ മുങ്ങിയത്. ടോസ് പോലും നടത്താനുള്ള ഒഴിവ് മഴ നല്‍കിയില്ലെന്നു കാണാം. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഒടുവില്‍ രാത്രി 11 മണിക്കു അവര്‍ പ്രതീക്ഷിക്കാത്ത ആ വാര്‍ത്തയെത്തി. ഫൈനല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റി വച്ചിരിക്കുന്നു എന്നതായിരുന്നു ഇത്. രാത്രി 7.30നു ഇതേ സ്റ്റേഡിയം തന്നെയാണ് മല്‍സരത്തിനു വേദിയാവുക.
പക്ഷെ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മഴ വില്ലനാവുകയും മല്‍സരം ഒട്ടും നടത്താന്‍ സാധിക്കാത്ത സാഹചര്യം വരികയുമാണെങ്കില്‍ എന്തു സംഭവിക്കുമെന്നതാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം. നേരത്തേ പല ടൂര്‍ണമെന്റുകളിലും പരമ്പരകളിലുമെല്ലാം ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ രണ്ടു ടീമുകളും ചേര്‍ന്ന് ട്രോഫി പങ്കുവയ്ക്കുന്നത് നമ്മള്‍ പല തവണ കണ്ടിട്ടുള്ളതാണ്. പക്ഷെ ഐപിഎല്ലില്‍ ഇങ്ങനെയൊരു പങ്കുവയ്ക്കല്‍ പ്രതീക്ഷിക്കേണ്ടതില്ല. ചാംപ്യന്‍മാരാവുകയാണെങ്കില്‍ അതു ഒരു ടീം മാത്രമായിരിക്കും.

റിസര്‍വ് ദിനത്തിലും കളി തീരെ നടക്കാതെ വരികയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെയായിരിക്കും വിജയികളായി പ്രഖ്യാപിക്കുക. കാരണം ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഏതു ടീമാണ് മുന്നിലെത്തിയത് എന്ന കാര്യമാണ് മഴ കാരണം കളി നടന്നില്ലെങ്കില്‍ പരിഗണിക്കുക. ഇങ്ങനെ നോക്കിയാല്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ജിടിയായിരുന്നു സിഎസ്‌കെയ്ക്കു മുകളിലെന്നു കാണാം.
14 മല്‍സരങ്ങളില്‍ നിന്നും 10 ജയവും നാലു തോല്‍വിയുമടക്കം 20 പോയിന്റോടെ ഒന്നാംസ്ഥാനക്കാരായാണ് ജിടി ഫൈനലിലേക്കു കുതിച്ചത്. സിഎസ്‌കെ 17 പോയിന്റ് നേടി റണ്ണറപ്പാവുകയായിരുന്നു. 15 മല്‍സരങ്ങളില്‍ എട്ടെണ്ണത്തില്‍ ജയിച്ച അവര്‍ അഞ്ചെണ്ണത്തില്‍ തോല്‍ക്കുകയായിരുന്നു. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ലഖ്‌നൗവില്‍ നടന്ന കളിയായിരുന്നു ഉപേക്ഷിക്കപ്പെട്ടത്. അന്നു ഇരുടീമും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു.

ഐപിഎല്ലിന്റെ 2008 മുതലുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ മൂന്നു തവണയൊഴികെ ബാക്കിയുള്ള 12 തവണും ഞായറാഴ്ചയാണ് ഫൈനല്‍ നടന്നിട്ടുള്ളത്. മൂന്നു തവണ മാത്രമേ അല്ലാതെയൊരു ദിവസം കലാശപ്പോര് അരങ്ങറിയിട്ടുള്ളൂ. തിങ്കളാഴ്ച ഐപിഎല്‍ ഫൈനല്‍ നടക്കുന്ന ആദ്യ സീസണായി ഇത്തവണത്തേത് മാറിയിരിക്കുകയാണ്. നേരത്തേ ശനി (2011), ചൊവ്വ (2020), വെള്ളി (2021) ദിവസങ്ങളില്‍ ഫൈനല്‍ നടന്നിട്ടുണ്ടെങ്കിലും തിങ്കളാഴ്ച ഇതാദ്യമാണ്.
ഇത്തവണത്തെ ഫൈനലിനു മറ്റൊരു രസകരമായ കൗതുകം കൂടിയുണ്ട്. വിലക്കിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലേക്കു മടങ്ങിയെത്തിയ 2018ലെ സീസണില്‍ അവര്‍ കിരീടമുയര്‍ത്തിയത് മേയ് 27നായിരുന്നു. അതിനു മുമ്പ് 2011ല്‍ സിഎസ്‌കെ ജേതാക്കളായതാവട്ടെ മേയ് 28നുമായിരുന്നു. മേയ് 27, 28 ദിവസങ്ങളില്‍ കിരീടമധുരം നുണഞ്ഞ സിഎസ്‌കെയ്ക്കു ഇനി 29ഉം ഭാഗ്യദിനമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.