ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യത്തെ ടീമായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിര്‍ണ്ണായകമായ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ 14 സീസണില്‍ നിന്ന് കളിക്കുന്ന 10ാം ഫൈനലാണിത്.
എംഎസ് ധോണി ഈ സീസണില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത സത്യമാണെങ്കില്‍ സിഎസ്‌കെ ജഴ്‌സിയില്‍ ധോണി ചെന്നൈ മൈതാനത്ത് കളിക്കുന്ന അവസാന മത്സരമാണിത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ടീമിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്ത് ധോണി ആരാധകരില്‍ ആവേശം നിറച്ചിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായെത്തിയ ഗുജറാത്ത് മുമ്പ് നേരിട്ട മൂന്ന് മത്സരത്തിലും സിഎസ്‌കെയെ തോല്‍പ്പിച്ചിരുന്നു.

എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് മുന്നില്‍ ഹര്‍ദിക് പാണ്ഡ്യ സുല്ലിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റിന് 172 എന്ന ശരാശരി സ്‌കോറിലേക്കൊതുങ്ങി. ഇതോടെ ഗുജറാത്ത് വലിയ വിജയ പ്രതീക്ഷയിലായിരുന്നു. പക്ഷെ ധോണിയെന്ന ബുദ്ധി രാക്ഷസനായ നായകന്റെ മികവിന് മുന്നില്‍ ഗുജറാത്ത് നിരക്ക് തലകുനിക്കേണ്ടി വന്നു.
ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡ് വിന്യാസത്തിലും ധോണി കാട്ടിയ അച്ചടക്കമാണ് ഗുജറാത്തിന്റെ പദ്ധതികളെല്ലാം പൊളിച്ചത്. ബാറ്റ്‌സ്മാനനുസരിച്ച് ബൗളര്‍ക്ക് തന്ത്രം പറഞ്ഞുനല്‍കിയും ഫീല്‍ഡൊരുക്കിയും ധോണി സൃഷ്ടിച്ച വാരിക്കുഴിയിലേക്ക് ഗുജറാത്തിന്റെ ബാറ്റ്‌സ്മാന്‍മാരെല്ലാം വീഴുകയായിരുന്നു. വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് ദീപക് ചഹാര്‍ നേടിയത് ധോണിയുടെ മികവിലാണ്.
ഡീപ് സ്‌ക്വയര്‍ ലെഗില്‍ മതീഷ പതിരണയെ വിന്യസിച്ച് ധോണി തന്ത്രം മെനഞ്ഞു. സ്റ്റംപിന് ആക്രമിച്ച ചഹാര്‍ ലെങ്ത് മാറ്റി ഷോര്‍ട്ട് ബോള്‍ എറിഞ്ഞപ്പോള്‍ സാഹ ഈ കെണിയില്‍ വീണു. ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയതും ധോണി ബ്രില്യന്‍സ് തന്നെ. മഹേഷ് തീക്ഷണയെ കൊണ്ടുവന്നത് തന്നെ ഹര്‍ദിക്കിനെ കുടുക്കാനായിരുന്നു. ലെഗ് സൈഡില്‍ നിന്ന ഫീല്‍ഡറെ പോയിന്റിലേക്ക് വിന്യസിച്ച ധോണി ഹര്‍ദിക്കിനായി വാരിക്കുഴിയൊഴുക്കി.
ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ പന്തെറിഞ്ഞ തീക്ഷണയെ കട്ട് ഷോട്ടിന് ശ്രമിച്ച ഹര്‍ദിക് ജഡേജയുടെ കൈയില്‍ ഭദ്രമായി അവസാനിച്ചു. ഗുജറാത്തിന്റെ വമ്പന്മാരെ തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ വിന്യസിച്ച് സിംഗിള്‍ നേടാന്‍ അനുവദിക്കാതെ ധോണി സമ്മര്‍ദ്ദത്തിലാക്കി. തുടക്കം മുതല്‍ ധോണിയുടെ മനസറിഞ്ഞ് പന്തെറിഞ്ഞ ബൗളര്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
സിഎസ്‌കെയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തിയ താരം ശുബ്മാന്‍ ഗില്ലായിരുന്നു. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി നേടിയെത്തിയ ഗില്‍ വലിയ ഭീഷണിയാവുമെന്ന് തോന്നിക്കവെ താരത്തെ പുറത്താക്കിയതും ധോണിയുടെ കൗശലം തന്നെയാണ്. സ്പിന്നാക്രമണം തുടരുന്നതനിടെ 13ാം ഓവറില്‍ പെട്ടെന്ന് ദീപക് ചഹാറിനെ ധോണി പന്തേല്‍പ്പിച്ചു. ഈ തന്ത്രം ഫലിച്ചു. ആദ്യ പന്തില്‍ത്തന്നെ ഗില്‍ പുറത്തായി.

ദീപക്കിന്റെ സ്ലോ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ ഗില്‍ വീണു. പ്രതീക്ഷിച്ച വേഗമില്ലാതിരുന്ന പന്തിനെ പുള്‍ഷോട്ട് കളിച്ച ഗില്‍ കോണ്‍വേക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതെല്ലാം ധോണിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ഡേവിഡ് മില്ലറെ രവീന്ദ്ര ജഡേജയെ ഉപയോഗിച്ച് പുറത്താക്കിയപ്പോള്‍ രാഹുല്‍ തെവാത്തിയയെ മഹേഷ് തീക്ഷയും മടക്കി. വമ്പനടിക്കാര്‍ക്ക് സ്പിന്നര്‍മാരെ ഉപയോഗിച്ചുള്ള ധോണിയുടെ തന്ത്രമാണ് ഫലം ചെയ്തത്.
ധോണിയുടെ അനുഭവസമ്പത്തില്‍ നിന്നുണ്ടായ തന്ത്രങ്ങള്‍ക്ക് മുന്നിലാണ് ഗുജറാത്ത് തോറ്റത്. എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമിനെ തോല്‍പ്പിച്ചാല്‍ ഗുജറാത്തിന് ഫൈനലില്‍ പ്രവേശിക്കാന്‍ ഇനിയും അവസരമുണ്ട്. എലിമിനേറ്ററില്‍ മുംബൈയും ലഖ്‌നൗവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. എന്തായാലും ധോണിയുടെ ക്യാപ്റ്റന്‍സി മികവിന് എതിരാളികള്‍ പോലും കൈയടിക്കുകയാണ്.