Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 14 സീസണ്‍ 10 ഫൈനല്‍, സ്ഥിരതയുടെ പര്യായമായി സിഎസ്‌കെ- ധോണി മാജിക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഫൈനല്‍ സീറ്റ് ബുക്ക് ചെയ്തിരിക്കുകയാണ് സിഎസ്‌കെ. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് ധോണിയും സംഘവും ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 157 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.

ഇതോടെ വമ്പന്‍ നേട്ടത്തിലേക്കാണ് സിഎസ്‌കെ എത്തിയിരിക്കുന്നത്. 14 സീസണില്‍ നിന്ന് സിഎസ്‌കെ കളിക്കുന്ന 10ാമത്തെ ഫൈനലാണിത്. മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. നാല് തവണ ഐപിഎല്ലില്‍ കിരീടം നേടിയ സിഎസ്‌കെ ഇത്തവണ അഞ്ചാം കിരീടം നേടി മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ms dhoni

സിഎസ്‌കെ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ ഫൈനല്‍ കളിച്ച രണ്ടാമത്തെ ടീം മുംബൈ ഇന്ത്യന്‍സാണ്. ആറ് തവണയാണ് മുംബൈ ഫൈനല്‍ കളിച്ചത്. കെകെആറും ആര്‍സിബിയും മൂന്ന് തവണ വീതവും രാജസ്ഥാനും ഹൈദരാബാദും രണ്ട് തവണ വീതവും ഡല്‍ഹി, പഞ്ചാബ്, റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് എന്നിവരെല്ലാം ഒരു തവണയുമാണ് ഫൈനല്‍ കളിച്ചത്.

സിഎസ്‌കെയെപ്പോലെ ഇത്ര സ്ഥിരതയോടെ കളിച്ച മറ്റൊരു ടീമുമില്ലെന്നതാണ് വസ്തുത. രണ്ട് സീസണില്‍ നിന്ന് വിട്ടുനിന്ന ശേഷവും ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കാന്‍ കാരണം ധോണിയുടെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണ്. 10 ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന ഏക നായകന്‍ ധോണിയാണ്. മറ്റാര്‍ക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്ന നേട്ടമല്ല ധോണി സ്വന്തമാക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം.

സിഎസ്‌കെയുടെ ഇതുവരെയുള്ള ചരിത്രം നോക്കുമ്പോള്‍ 2008ല്‍ റണ്ണറപ്പുകളായാണ് തുടക്കം. 2009ല്‍ സെമി ഫൈനല്‍, 2010ല്‍ ചാമ്പ്യന്മാര്‍, 2011ല്‍ ചാമ്പ്യന്മാര്‍, 2012ല്‍ റണ്ണറപ്പുകള്‍, 2013ല്‍ റണ്ണറപ്പുകള്‍, 2014ല്‍ പ്ലേ ഓഫ്, 2015ല്‍ റണ്ണറപ്പ്, 2016, 2017 സീസണില്‍ വിലക്ക്, 2018ല്‍ ചാമ്പ്യന്മാര്‍, 2019ല്‍ റണ്ണറപ്പുകള്‍, 2020ല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്, 2021ല്‍ ചാമ്പ്യന്മാര്‍, 2022ല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്, 2023ല്‍ ഫൈനല്‍.

ഇത്തവണ കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് സിഎസ്‌കെയുടെ തിരിച്ചുവരവിനെക്കുറിച്ചാണ്. 2020ല്‍ ഏഴാം സ്ഥാനക്കാരായ സിഎസ്‌കെ 2021ല്‍ ചാമ്പ്യന്മാരായി. 2022ല്‍ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെ 2023ല്‍ ഫൈനലിലേക്കെത്തിയിരിക്കുന്നു. തകര്‍ച്ചയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങാന്‍ സിഎസ്‌കെയെപ്പോലെ കരുത്തുള്ള മറ്റൊരു ടീമുമില്ല.

deepak chahar, ms dhoni

ഇതിന് മുമ്പ് ഗുജറാത്തിനോട് കളിച്ച മൂന്ന് മത്സരത്തിലും സിഎസ്‌കെ തോറ്റിരുന്നു. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് സിഎസ്‌കെ വിജയത്തിലേക്കെത്തിയത്. ധോണിയുടെ ക്യാപ്റ്റന്‍സി ബ്രില്യന്‍സ് എടുത്തുകാട്ടുന്ന ജയമാണ് സിഎസ്‌കെ നേടിയതെന്ന് പറയാം. സ്പിന്നര്‍മാരെ ധോണി ഉപയോഗിച്ച രീതിയാണ് എടുത്തു പറയേണ്ടത്.

ഗുജറാത്ത് താരങ്ങളുടെ ദൗര്‍ബല്യത്തെ ഉപയോഗപ്പെടുത്തിയാണ് ധോണി സിഎസ്‌കെയ്ക്ക് വിജയം നേടിക്കൊടുത്തത്. പ്രധാനമായും ഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് നേട്ടം. മൂന്നാം നമ്പറിലെത്തിയ ഹര്‍ദിക്ക് ഓഫ് സൈഡില്‍ നിരന്തരം ഷോട്ടുകള്‍ക്ക് ശ്രമിച്ചു. എന്നാല്‍ ടൈമിങ് കൃത്യമായിരുന്നില്ല. മഹേഷ് തീക്ഷണയെകൊണ്ടുവന്ന് നാലാം സ്റ്റംപ് ലൈനില്‍ പന്തെറിയിച്ച ധോണിയുടെ തന്ത്രം ഫലിച്ചു.

ഹര്‍ദിക്കിന്റെ ഈഗോയെ മുതലെടുത്താണ് ധോണി ഈ വിക്കറ്റ് നേടിയെടുത്തത്. നിരന്തരം ബൗളര്‍മാര്‍ക്ക് ഉപദേശം നല്‍കുകയും കൃത്യമായി ഫീല്‍ഡ് സെറ്റ് ചെയ്യുകയും ചെയ്ത ധോണിയുടെ ബുദ്ധിയാണ് സിഎസ്‌കെയുടെ ജയത്തില്‍ നട്ടെല്ലായത്. അടുത്ത സീസണിലും ധോണി കളിക്കണമെന്ന ആവിശ്യം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തിക്കഴിഞ്ഞു.

Story first published: Wednesday, May 24, 2023, 8:20 [IST]
Other articles published on May 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+