ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ്. സിഎസ്‌കെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിനാണ് ധോണിയും സംഘവും വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ എട്ട് വിക്കറ്റിന് 167 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
സിഎസ്‌കെയോട് തോറ്റതോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. സിഎസ്‌കെയെ 167ല്‍ ഒതുക്കിയിട്ടും ഡല്‍ഹിക്ക് ജയിക്കാനായില്ല. എംഎസ് ധോണിയുടെ തന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി വിജയം കാണുകയായിരുന്നുവെന്ന് പറയാം. ജയിക്കാവുന്ന കളിയായിരുന്നെങ്കിലും ചില തെറ്റായ തീരുമാനങ്ങളാണ് ഡല്‍ഹിക്ക് കളി നഷ്ടപ്പെടുത്തിയത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ പിഴവ് ബാറ്റിങ് ഓഡറിലാണ്. മനീഷ് പാണ്ഡെയെ നാലാം നമ്പറില്‍ ഇംപാക്ട് പ്ലയറായി ഇറക്കിയത് തീര്‍ത്തും മണ്ടത്തരമായി. മത്സരഫലം മാറിമറിഞ്ഞത് അവിടെയാണ്. സൂപ്പര്‍ താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ മിച്ചല്‍ മാര്‍ഷിനെ റണ്ണൗട്ടാക്കിയാണ് മനീഷ് തുടങ്ങിയത്. അനാവശ്യ റണ്‍സിനായി ആദ്യം വിളിച്ചത് മനീഷായിരുന്നു. എന്നിട്ട് പാതിവഴിയില്‍ തിരിച്ചോടി മാര്‍ഷിന്റെ നിര്‍ണ്ണായക വിക്കറ്റ് നഷ്ടപ്പെടുത്തി തോല്‍വിയിലേക്ക് തള്ളിവിട്ടത് മനീഷാണെന്ന് പറയാം.
എന്നാല്‍ ഈ വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് പകരം സ്വയം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനും മനീഷിന് സാധിച്ചില്ല. 29 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്. 93.10 എന്ന മോശം സ്‌ട്രൈക്കറേറ്റിലായിരുന്നു മനീഷിന്റെ പ്രകടനം. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് അവസാന ഓവറുകളില്‍ വലിയ സമ്മര്‍ദ്ദം താരങ്ങള്‍ക്ക് നല്‍കിയത്. 130ന് മുകളിലെങ്കിലും സ്‌ട്രൈക്കറേറ്റില്‍ മനീഷ് കളിക്കേണ്ടതായിരുന്നു.
മനീഷിന് മുമ്പ് ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാളെ പരിഗണിച്ചിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മാറാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹസത്തിന് മുതിരാതിരുന്നത് ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമായി. ഡിആര്‍എസ് കൃത്യമായി ഉപയോഗിക്കുന്നതില്‍ ഡല്‍ഹിക്ക് തെറ്റുപറ്റി. രണ്ടാം ഓവറില്‍ ഡെവോണ്‍ കോണ്‍വേയുടെ കീപ്പര്‍ ക്യാച്ച് അംപയര്‍ നോട്ടൗട്ട് വിളിച്ചു. എന്നാല്‍ ഡിആര്‍എസ് ചെയ്യാന്‍ ഡല്‍ഹി തയ്യാറായില്ല.
ഡെത്ത് ഓവറുകളിലെ ബാറ്റിങ്ങാണ് ഡല്‍ഹിയുടെ തോല്‍വിയുടെ മറ്റൊരു പ്രധാന കാരണം. 19ാം ഓവറില്‍ ധോണിയും ജഡേജയും ചേര്‍ന്ന് 21 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ ഇത്തരമൊരു പ്രകടനം ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് ഉണ്ടായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. തുടക്കത്തിലേ തന്നെ ഡേവിഡ് വാര്‍ണര്‍ മടങ്ങി. നായകനെന്ന നിലയില്‍ ഉത്തരവാദിത്തം കാട്ടാന്‍ വാര്‍ണര്‍ക്ക് സാധിക്കാതെ പോയി.

റില്ലി റൂസോ വമ്പനടിക്കാരനായ താരമാണ്. എന്നാല്‍ ചെന്നൈയില്‍ 94.59 മാത്രമായിരുന്നു റൂസോയുടെ സ്‌ട്രൈക്കറേറ്റ്. 37 പന്ത് നേരിട്ട് 35 റണ്‍സാണ് റൂസോ നേടിയത്. തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ വീണതോടെ ആക്രമിക്കാന്‍ ഡല്‍ഹി ഭയപ്പെട്ടതും തിരിച്ചടിയായി. അവസാന രണ്ട് മത്സരങ്ങളില്‍ കാഴ്ചവെച്ചതുപോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ഡല്‍ഹിക്ക് സാധിക്കാതെ പോയതും തോല്‍വിക്ക് കാരണമായി.
സ്പിന്നര്‍മാരെ നന്നായി ഉപയോഗിച്ച ധോണിയുടെ മാസ്റ്റര്‍പ്ലാനാണ് ഡല്‍ഹിയെ കുടുക്കിയത്. രവീന്ദ്ര ജഡേജയേയും മോയിന്‍ അലിയേയും മധ്യനിരയില്‍ നന്നായി ഉപയോഗിച്ച ധോണി ഡെത്തോവറില്‍ മതീഷ പതിരണയേയും മഹേഷ് തീക്ഷണയേയും ഉപയോഗിച്ച് തന്ത്രം മെനഞ്ഞതാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. ധോണിയുടെ തന്ത്രങ്ങള്‍ക്ക് തന്നെയാണ് കൈയടിക്കേണ്ടത്.