ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീണ്ടുമൊരു പരാജയത്തിലേക്കു വീണിരിക്കുകയാണ്. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അവരുടെ ഗ്രൗണ്ടില്‍ 27 റണ്‍സിനായിരുന്നു ഡിസിക്കു അടിതെറ്റിയത്. അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് ലീഗിലേക്കു ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചന ഡിസി നല്‍കിയിരുന്നു.
നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയടക്കം വീഴ്ത്തിയ ഡിസി ചെപ്പോക്കില്‍ ചെന്നൈയ്‌ക്കെതിരേയും ഒരു മോഹവിജയം ആഗ്രഹിച്ചിരുന്നു. പക്ഷെ എംഎസ് ധോണിയും സംഘവും കളിയില്‍ തിരിച്ചുവരവിനുള്ള ഒരു പഴുതും നല്‍കാതെയാണ് ഡിസിയെ വാരിക്കളഞ്ഞത്. റണ്‍ചേസില്‍ കാര്യമായി പൊരുതാന്‍ പോലും കഴിയാതെ ഡേവിഡ് വാര്‍ണറുടെ ടീം കീഴടങ്ങുകയായിരുന്നു.

ഈ സീസണില്‍ 11 മല്‍സരങ്ങളില്‍ ഡിസിക്കു നേരിട്ട ഏഴാമത്തെ പരാജയം കൂടിയാണിത്. വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ അവര്‍ക്കു വിജയിക്കാനായിട്ടുള്ളൂ. എട്ടു പോയിന്റോടെ ലീഗില്‍ അവസാന സ്ഥാനത്താണ് ഡിസി. ആദ്യത്തെ അഞ്ചു മല്‍സരങ്ങളിലും തോറ്റുകൊണ്ടായിരുന്നു ഡിസി തുടങ്ങിയത്. എന്നാല്‍ അടുത്ത ആറു മല്‍സരങ്ങളില്‍ നാലു വിജയങ്ങള്‍ കൊയ്യാന്‍ സാധിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയായിരുന്നു വിജയം കൊയ്തത്.
-0.605 എന്ന വളരെ മോശം നെറ്റ് റണ്‍റേറ്റുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഇനിയൊരു പ്ലേഓഫ് സാധ്യതയുണ്ടോ? ഏറെക്കുറെ അവരുടെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ അവസാനിച്ചുവെന്നതാണ് ഇതിനുള്ള ഉത്തകം. പക്ഷെ ഒരു രണ്ടു ശതമാനം നേരിയ സാധ്യത ഇപ്പോഴും ഡിസിക്കുണ്ടെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവര്‍ ഇനി പ്ലേഓഫില്‍ കളിക്കുകയുള്ളൂ. മൂന്നു കളികളാണ് ഡിസിക്കു ഇനി ശേഷിക്കുന്നത്.
പഞ്ചാബ് കിങ്‌സിനെതിരേ (13, 17) രണ്ടു മല്‍സരങ്ങളും ചെന്നൈ സപ്പര്‍ കിങ്‌സുമായി (20) ഒര മല്‍സരവുമാണ് ഡിസിക്കു ഇനിയുള്ളത്. ഇവയെല്ലാം അവര്‍ക്കു ഫൈനല്‍ പോലെ പ്രധാനപ്പെട്ടതുമാണ്. ഇവയിലെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കുകയാണ് ഡിസി ആദ്യം ചെയ്യേണ്ടത്. അതു അവരുടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ സഹായിക്കും. ശേഷിച്ച മല്‍സരങ്ങളെല്ലാം ജയിച്ചാല്‍ ഡിസിക്കു 14 പോയിന്റാവും.

അതിനു ശേഷം ലീഗിലെ മറ്റു മല്‍സരങ്ങളുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ചെയ്യേണ്ടത്. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 16 പോയിന്റെങ്കിലും നേടിയാല്‍ മാത്രമേ ഒരു ടീമിനു പ്ലേഓഫ് സാധ്യതയുള്ളൂ. എന്നാല്‍ മറ്റു മല്‍സരങ്ങള്‍ അനുകൂലമായി വരികയും ഒന്നോ, രണ്ടോ ടീം 14 പോയിന്റില്‍ ഫിനിഷ് ചെയ്യുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാവും. അവിടെയാണ് ഡിസിക്കു പ്രതീക്ഷയുള്ളത്. അതുകൊണ്ടു തന്നെ ഇനിയുള്ള മൂന്നു മല്‍സരങ്ങളും ഡിസിക്കു വന്‍ മാര്‍ജിനില്‍ ജയിച്ചേ തീരൂ.
ചെന്നൈയും ഡല്‍ഹിയും തമ്മിലുള്ള മല്‍സര ശേഷം ഓരോ ടീമിന്റെയും പ്ലേഓഫ് സധ്യതകള്‍ നോക്കിയാല്‍ ഗുജറാത്ത് ടൈറ്റന്‍സാണ് (99.6 %) ഒന്നാംസ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് (98%), മുംബൈ ഇന്ത്യന്‍സ് (61%), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (44%), രാജസ്ഥാന്‍ റോയല്‍സ് (25%), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (23%), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (22%), കിങ്‌സ് ഇലവന്‍ പഞ്ചാബ് (14%), സണ്‍റൈസേഴ്‌സ് (13%), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (2%) എന്നിങ്ങനെയാണ് ടീമുകളുടെ സാധ്യതകള്‍.
പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് പ്ലേഓഫില്‍ കളിക്കുക. 2022ലെ കഴിഞ്ഞ ഐപിഎല്ലിലും 10 ടീമുകള്‍ മാറ്റുരച്ചിരുന്നു. അന്നു നാലാംസ്ഥാനത്തു കളിച്ച് പ്ലേഓഫിലെത്തിയ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു. 16 പോയിന്റായിരുന്നു അവര്‍ക്കു ലഭിച്ചത്. 14 പോയിന്റ് വീതം നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിനും പഞ്ചാബ് കിങ്‌സിനും നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് നഷ്ടമാവുകയും ചെയ്തു.