ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. പതിവ് പോലെ റുതുരാജ് ഗെയ്ക് വാദും ഡെവോണ്‍ കോണ്‍വേയും മികച്ച രീതിയില്‍ തുടങ്ങിയിരിക്കുകയാണ്. മത്സരത്തിന്റെ തുടക്കം തന്നെ കോണ്‍വേയുടെ വിക്കറ്റ് നേടാനുള്ള സുവര്‍ണ്ണാവസരം തുലച്ചിരിക്കുകയാണ് ഡല്‍ഹി.
ഖലീല്‍ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറില്‍ പന്ത് കോണ്‍വേയുടെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ഫിന്‍ സാള്‍ട്ടിന്റെ കൈയിലെത്തി. ഖലീല്‍ അഹമ്മദ് അപ്പോള്‍ തന്നെ അപ്പീല്‍ ചെയ്‌തെങ്കിലും മറ്റാരും അപ്പീല്‍ ചെയ്തില്ല. ശബ്ദം കേട്ടുവെന്ന് പറഞ്ഞ ഖലീല്‍ വിക്കറ്റ് കീപ്പര്‍ ഫിന്‍ സാള്‍ട്ടിനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്ന തരത്തില്‍ തലയാട്ടുകയാണ് സാള്‍ട്ട് ചെയ്തത്. ഡിആര്‍എസ് എടുക്കാന്‍ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി.

എന്നാല്‍ ഫിന്‍ സാള്‍ട്ട് ഒന്നും കേട്ടില്ലെന്ന് പറഞ്ഞതോടെ ഡിആര്‍എസ് എടുക്കാതെ വാര്‍ണര്‍ മടങ്ങി. എന്നാല്‍ ഈ പന്ത് കോണ്‍വേയുടെ ബാറ്റിലുരസിയിരുന്നുവെന്ന് റിപ്ലേയില്‍ വ്യക്തമായിരുന്നു. ഖലീല്‍ അപ്പീല്‍ ചെയ്തിട്ടും ഫിന്‍ സാള്‍ട്ട് ബാറ്റിലുരസിയില്ലെന്ന നിലപാടെടുത്തതോടെ ഡല്‍ഹി ഡിആര്‍എസില്‍ നിന്ന് പിന്മാറുകയായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന കോണ്‍വേയെ തുടക്കത്തിലേ പുറത്താക്കാന്‍ ലഭിച്ച അവസരം ഡല്‍ഹി തുലക്കുകയായിരുന്നു.
നാലാം ഓവര്‍ എറിയാനെത്തിയ ലളിത് യാദവിന്റെ ഓവറില്‍ കോണ്‍വേയുടെ ഡിആര്‍എസ് ഡല്‍ഹിയെടുത്തു. എന്നാല്‍ ഇതില്‍ കൃത്യമായി ബാറ്റിലുരസിയിരുന്നതിനാല്‍ കോണ്‍വേ രക്ഷപെടുകയും ഡല്‍ഹിക്ക് ഒരു ഡിആര്‍എസ് നഷ്ടപ്പെടുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ഫിന്‍ സാള്‍ട്ടിന്റെ പിഴവാണ് ഖലീല്‍ അഹമ്മദിന് അര്‍ഹിച്ച വിക്കറ്റ് നഷ്ടപ്പെടുത്തിയത്. പ്ലേ ഓഫിലെത്താന്‍ തുടര്‍ ജയങ്ങള്‍ വേണ്ട ഡല്‍ഹി ഒരിക്കലും വരുത്താന്‍ പാടില്ലാത്ത പിഴവാണ് വരുത്തിയത്.
വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുള്ള കോണ്‍വേക്ക് പക്ഷെ ഈ ലൈഫ് മുതലാക്കാനായില്ല. 13 പന്തില്‍ 10 റണ്‍സെടുത്ത കോണ്‍വേയെ അക്ഷര്‍ പട്ടേല്‍ എല്‍ബിയില്‍ കുടുക്കി. ഇതില്‍ ഡിആര്‍എസ് എടുക്കാന്‍ കോണ്‍വേ റുതുരാജ് ഗെയ്ക് വാദിനോട് ചോദിച്ചപ്പോള്‍ താരം ഔട്ടാണെന്ന നിലപാടെടുത്തതോടെ കോണ്‍വേ ഡിആര്‍എസ് എടുക്കാതെ പിന്മാറുകയായിരുന്നു.
നിലയുറപ്പിച്ച് വലിയ സ്‌കോര്‍ നേടുന്ന കോണ്‍വേയെ അക്ഷര്‍ പുറത്താക്കിയത് നിര്‍ണ്ണായകമായെങ്കിലും ഖലീല്‍ അഹമ്മദിന് ലഭിക്കേണ്ട വിക്കറ്റാണ് ഫില്‍ സാള്‍ട്ടിന്റെ പിഴവില്‍ നഷ്ടപ്പെട്ടത്. ഒന്നാം വിക്കറ്റില്‍ 32 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് കോണ്‍വേ മടങ്ങിയത്. ഫിന്‍ സാള്‍ട്ട് മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഒരു ബൗണ്ടറി തടയാനുള്ള അവസരവും പാഴാക്കി. ഇഷാന്തിന്റെ പന്തില്‍ റുതുരാജിന്റെ ബാറ്റിലുരസി പോയ പന്ത് സാള്‍ട്ടിന്റെ ഗ്ലൗസില്‍ തട്ടി ബൗണ്ടറി പോവുകയായിരുന്നു.

ഭാഗ്യത്തിന് കോണ്‍വേ പുറത്തായി. അല്ലായിരുന്നെങ്കില്‍ മത്സരം ഡല്‍ഹിക്ക് നഷ്ടപ്പെടുത്തുന്ന പിഴവായി ഇത് മാറുമായിരുന്നു. ഫിന്‍ സാള്‍ട്ടിനെതിരേ ആരാധകര്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍വേ വലിയ സ്‌കോര്‍ നേടാത്തത് സാള്‍ട്ടിനെ സംബന്ധിച്ച് ഭാഗ്യമായി. അല്ലാത്ത പക്ഷം രൂക്ഷ വിമര്‍ശനം സാള്‍ട്ടിന് നേരിടേണ്ടി വരുമായിരുന്നുവെന്നുറപ്പ്.
കൂടാതെ ലളിതാ യാദവിന്റെ ഓവറിലെ അംപയറുടെ ഡിആര്‍എസ് തീരുമാനവും വിവാദത്തിലായിരിക്കുകയാണ്. ബാറ്റില്‍ ഉരസാതിരുന്നിട്ടും അംപയര്‍ ഔട്ട് നല്‍കിയില്ലെന്നാണ് ആരോപണം ഉയരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അംപയറുടെ വിവാദ തീരുമാനങ്ങള്‍ കഴിഞ്ഞ മത്സരത്തിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും അംപയറുടെ പിഴവെന്ന് പറയാവുന്ന തീരുമാനം. എന്തായാലും രണ്ട് തവണ രക്ഷപെട്ടിട്ടും കോണ്‍വേക്ക് തിളങ്ങാനായില്ല.