ഐപിഎല്ലിന്റെ ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകളില്‍ ഇനി അവശേഷിക്കുന്നത് നാലു പേര്‍ പേര്‍ മാത്രം. അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ ഒരിടവേളയ്ക്കു ശേഷം ഒരുമിച്ച് പ്ലേഓഫില്‍ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇവര്‍ക്കൊപ്പം നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, കഴിഞ്ഞ തവണ പ്ലേഓഫിലുണ്ടായിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരും പ്ലേഓഫില്‍ മാറ്റുരയ്ക്കും.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ജിടി പ്ലേഓഫിലേക്കു രാജകീയമായി യോഗ്യത നേടിയത്. 20 പോയിന്റാണ് 14 മല്‍സരങ്ങളില്‍ അവര്‍ക്കു ലഭിച്ചത്. 10 മല്‍സരങ്ങളില്‍ ജയിച്ച ജിടി നാലെണ്ണം മാത്രമേ തോറ്റുള്ളൂ. 17 പോയിന്റ് വീതം നേടി സിഎസ്‌കെയും ലഖ്‌നൗവും രണ്ടും മൂന്നും സ്ഥാനക്കാരായി.

മികച്ച നെറ്റ് റണ്‍റേറ്റാണ് സിഎസ്‌കെയെ രണ്ടാംസ്ഥാനക്കാരാക്കിയത്. എട്ടു വീതം കളികള്‍ ജയിച്ച ഇരുടീമും അഞ്ചു മല്‍സരങ്ങളില്‍ വീതം തോല്‍ക്കുകയും ചെയ്തു. സിഎസ്‌കെയും ലഖ്‌നൗവും തമ്മിലുള്ള ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ അവസാന ദിവസത്തിലെ അവസാന മല്‍സരത്തിലേക്കു നീണ്ട നാടകീയതകള്‍ക്കൊടുവിലായിരുന്നു മുംബൈ പ്ലേഓഫ് ഉറപ്പിച്ചത്.
അവസാനത്തെ ലീഗ് മല്‍സരത്തില്‍ ജിടിയോടു റോയല്‍ ചാലഞ്ചേഴ്‌സ് പരാജയപ്പെട്ടത് മുംബൈയ്ക്കു പ്ലേഓഫ് ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ആര്‍സിബി ജയിച്ചിരുന്നെങ്കില്‍ മുംബൈ പുറത്താവുമായിരുന്നു. എന്നാല്‍ ജിടി മുംബൈയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 14 മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലാണ് മുംബൈ ജയിച്ചത്. ആറു മല്‍സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. 16 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്.
അതേസമയം, ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ നിലവില്‍ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുള്ളത് ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സിഎസ്‌കെയാണ്. ഏറ്റവും കുറവ് കിരീടസാധ്യതയാവട്ടെ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനും. ഇതിനൊരു കാരണം കൂടിയുണ്ട്.
ഐപിഎല്ലില്‍ ഇതുവരെ നടന്ന 15 സീസണുകളിലെ പ്ലേഓഫ് നോക്കുകയാണെങ്കില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായിട്ടുള്ളത് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തിട്ടുള്ള ടീമുകളാണ്. ഏഴു തവണയാണ് ലീഗ് ഘട്ടത്തില്‍ രണ്ടാംസ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ടീം കപ്പുയര്‍ത്തിയത്.

അങ്ങനെ നോക്കിയാല്‍ ഇത്തവണ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ കിരീടം നേടാനാണ് ഏറ്റവുമധികം സാധ്യത. സിഎസ്‌കെ കഴിഞ്ഞാല്‍ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുള്ളത് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടീമുകള്‍ ഇതുവരെ അഞ്ചു തവണ വിജയികളായിട്ടുണ്ടെന്നു കാണാം. അതിനാല്‍ തന്നെ ജിടി ഇത്തവണ കിരീടം നിലനിര്‍ത്തിയാലും അദ്ഭുതപ്പെടാനില്ല.
സിഎസ്‌കയും ജിടിയും കഴിഞ്ഞാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഏറ്റവുമധികം കിരീട സാധ്യതയുള്ള മൂന്നാമത്തെ ടീം. കാരണം പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തവര്‍ ഇതുവരെ രണ്ടു തവണ കപ്പുയര്‍ത്തിയിട്ടുണ്ട്. ഇത്തവണ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കുറവ് മുംബൈ ഇന്ത്യന്‍സാണ്. ആറാം കിരീടമെന്ന മുംബൈയുടെ മോഹം ഇത്തവണ പൂവണിഞ്ഞേക്കില്ല.
കാരണം ചരിത്രമെടുത്താല്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തവര്‍ ഒരേയൊരു തവണ മാത്രമേ ജേതാക്കളായിട്ടുള്ളൂ. 2009ലായിരുന്നു ഇതു സംഭവിച്ചത്. അന്നു ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാര്‍ജേഴ്‌സായിരുന്നു നാലാമത് ഫിനിഷ് ചെയ്ത് കഷ്ടിച്ചു പ്ലേഓഫിലെത്തിയിട്ടും കിരീടം നേടി എല്ലാവരെയും ഞെട്ടിച്ചത്. കൗതുകകരമായ കാര്യം അന്നു ഡെക്കാന്‍ ടീമിന്റെ ഭാഗമായിരുന്ന രോഹിത് ശര്‍മയാണ് ഇപ്പോള്‍ മുംബൈ ടീമിനെ നയിക്കുന്നത് എന്നതാണ്.