Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എന്നെ കളിപ്പിക്കേണ്ടെന്നു കോച്ച്, ടീമില്‍ വേണമെന്നു ധോണി! വെളിപ്പെടുത്തലുമായി ചാഹര്‍

ഐപിഎല്ലില്‍ തന്നെ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോച്ചും ക്യാപ്റ്റനും തമ്മില്‍ ഒരിക്കല്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹര്‍. ടീമിലെ യുവതാരങ്ങളെ എല്ലായ്‌പ്പോഴും വളരെയധികം പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്നും കഴിവുണ്ടെന്നു തനിക്കു ബോധ്യമുള്ളവരെ ഉറപ്പായും കളിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ടെന്നും ചാഹര്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ കരിയറിന്റെ തുടക്കത്തില്‍ പല വെല്ലുവിളികളും തനിക്കു നേരിട്ടതായും അവെയല്ലാം മറികടന്നാണ് ഇപ്പോള്‍ ഇവിടെ എത്തിനില്‍ക്കുന്നതെന്നും 30കാരനായ പേസര്‍ വ്യക്തമാക്കി. 2016ലെ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ നായകനായിരുന്നു എംഎസ് ധോണി. 2016, 17 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെ ഐപിഎല്ലില്‍ വിലക്കിയതോടയാണ് അദ്ദേഹത്തിനു പുതിയ തട്ടകത്തിലേക്കു മാറേണ്ടിവന്നത്.

CHAHAR -DHONI

ഇതേ സീസണില്‍ ധോണിക്കു കീഴില്‍ പൂനെ ടീമില്‍ ദീപക് ചാഹറുമുണ്ടായിരുന്നു. താരത്തിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു ഇത്. പക്ഷെ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ചഹറിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. പരിക്കു കാരണം ടീം വിട്ട അദ്ദേഹത്തിനു 2017ലും കാര്യമായൊന്നും ചെയ്യാനായില്ല. മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ചാഹര്‍ സീസണില്‍ കളിച്ചുള്ളൂ.

വിലക്ക് കഴിഞ്ഞ് 2018ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മടങ്ങിയെത്തിയപ്പോള്‍ മെഗാ ലേലത്തില്‍ ദീപക് ചാഹറിനെയും അവര്‍ ടീമിലേക്കു കൊണ്ടുവന്നിരുന്നു. ഈ സീസണ്‍ താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായും മാറി. ചെന്നൈ ചാംപ്യന്‍മാരായ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 7.28 ഇക്കോമി റേറ്റില്‍ 10 വിക്കറ്റുകള്‍ ചാഹര്‍ വീഴ്ത്തിയിരുന്നു. 2019ലാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്. 17 മല്‍സരങ്ങളില്‍ നിന്നും ചാഹര്‍ പിഴുതത് 22 വിക്കറ്റുകളായിരുന്നു. 7.47 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്.

പരിശീലന മല്‍സരത്തില്‍ ഞാന്‍ അഞ്ചു സിക്‌സറുകളടിച്ചത് കണ്ട റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് ബൗളിങിന്റെ പേരിലല്ല, മറിച്ച് ബാറ്റിങിന്റെ പേരിലാണ് എന്നെ തിരഞ്ഞെടുത്തത് എന്നതാണ് രസകരമായ കാര്യം. നിര്‍ഭാഗ്യവശാല്‍ 2016ലെ ഐപിഎല്ലിനിടെ എനിക്കു കാല്‍പ്പേശിക്കു പരിക്കേല്‍ക്കുകയും സീസണിന്റെ ഭൂരിഭാഗവും പുറത്തിരിക്കേണ്ടി വരികയും ചെയ്തു.

DEEPAK CHAHAR

2017ലെ സീസണില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ടീം കോമ്പിനേഷന്‍ സെറ്റായിക്കഴിഞ്ഞിരുന്നു. അതിനാല്‍ കുറച്ചു മല്‍സങ്ങളില്‍ മാത്രമേ എന്നെ കളിപ്പിച്ചുള്ളൂ. 2018ല്‍ ലേലത്തില്‍ ചെന്നൈ എന്നെ ടീമിലേക്കു കൊണ്ടുവന്നു. പക്ഷെ ഫ്‌ളെമിങിനു എന്നെ കളിപ്പിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ മഹി ഭായി ഇതിനോടു യോജിച്ചില്ല. ഞാന്‍ സീസണിലെ 14 മല്‍സരങ്ങളില്‍ കളിക്കുമെന്നു പറയുകയും ചെയ്തതായി ദീപക് ചാഹര്‍ വെളിപ്പെടുത്തി. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ വന്നപ്പോഴായിരുന്നു അദ്ദേഹം മനസ്സ്തുറന്നത്.

2018ലെ സീസണിനിടെ ഞങ്ങളുടെ ടീമിന്റെ സിഇഒ എന്റെ അടുക്കല്‍ വന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെ വീണ്ടും രൂപീകരിച്ചപ്പോള്‍ എന്റെ പേര് എല്ലായ്‌പ്പോഴും തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയതെന്നും ദീപക് ചാഹര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2021ലെ സീസണിനു ശേഷം ചാഹറിനെ കൈവിട്ട സിഎസ്‌കെ കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തില്‍ 14 കോടി രൂപയ്ക്കു തിരികെ വാങ്ങുകയായിരുന്നു. പക്ഷെ പരിക്കു കാരണം സീസണിലെ ഒരു മല്‍സരം പോലും കളിക്കാന്‍ പേസര്‍ക്കായില്ല. ഈ സീസണിലും പരിക്കിനെ തുടര്‍ന്ന് മുഴുവന്‍ മല്‍സരങ്ങളിലും ചാഹറിനു കളിക്കാനായിട്ടില്ല. എങ്കിലും ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ സീസണില്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

Story first published: Sunday, May 28, 2023, 19:05 [IST]
Other articles published on May 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+