ആറാം ഐപിഎല്‍ കിരീടമെന്ന സ്വപ്‌നവുമായി ഇറങ്ങിയ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനു സീസണിന്റെ പകുതി പിന്നിട്ടപ്പോള്‍ അത്ര ആശ്വാസകരമല്ല കാര്യങ്ങള്‍. 10 ടീമുകളുള്‍പ്പെട്ട ലീഗില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുകയാണ് മുന്‍ ജേതാക്കള്‍. ഏഴു മല്‍സരങ്ങളില്‍ മുംബൈയ്ക്കു വിജയിക്കാനായത് മൂന്നു കളികളില്‍ മാത്രം. ശേഷിച്ച നാലു മല്‍സരങ്ങളിലും മുംബൈ പരാജയം രുചിച്ചു. ഇതോടെ മുംബൈ ഒരിക്കല്‍ക്കൂടി പ്ലേഓഫ് കാണാതെ പുറത്താവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഇതേക്കുറിച്ച് പരിശോധിക്കാം.
കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ ക്ഷീണം മുംബൈയ്ക്കു ഇപ്പോഴും മാറിയിട്ടില്ല. അതിനിടെയാണ് ഈ സീസണിലും ടീം താഴേക്കു പതിക്കുന്നത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു മുംബൈ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു.

55 റണ്‍സിന്റെ ആധികാരിക വിജയമാണ് ജിടി സ്വന്തമാക്കിയത്. അവസാന ഓവറുകളിലെ മോശം ബൗളിങും ബാറ്റിങ് നിര ക്ലിക്കാവാതെ പോയതുമാണ് മുംബൈ വീണ്ടുമൊരു തോല്‍വിയിലേക്കു തളളിയിട്ടത്. ഈ സീസണില്‍ രണ്ടു തുടര്‍ തോല്‍വികളോടെയായിരുന്നു മുംബൈ തുടങ്ങിയത്. ആദ്യ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും അടുത്ത മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും മുംബൈ പരാജയം സമ്മതിച്ചു.
എന്നാല്‍ ഈ തോല്‍വികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രോഹിത്തും സംഘവും ശക്തമായ തിരിച്ചുവരവായിരുന്നു പിന്നീട് നടത്തിയത്. ഹാട്രിക് വിജയങ്ങളുമായി തങ്ങളെ എഴുതിത്തള്ളാറായിട്ടില്ലെന്നു എതിരാളികള്‍ക്കു മുംബൈ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേയായിരുന്നു മുംബൈ വിജയക്കൊടി പാറിച്ചത്. ഇതോടെ ആരാധകരും ആവേശത്തിലായി.
എന്നാല്‍ ഈ ആവേശവും ആഹ്ലാദവും അധികം നീണ്ടില്ല. മുംബൈ വീണ്ടും പരാജയത്തിന്റെ ട്രാക്കിലേക്കു വീണിരിക്കുകയാണ്. തുടരെ രണ്ടു തോല്‍വികളാണ് മുംബൈയ്ക്കു നേരിട്ടിരിക്കുന്നത്. പഞ്ചാബ് കിങ്‌സിനോടും ഇപ്പോള്‍ ജിടിയോടും അവര്‍ പരാജയം സമ്മതിച്ചിരിക്കുകയാണ്. മുംബൈയ്ക്കു നിലവില്‍ ആറു പോയിന്റാണുള്ളത്.

നാലു പോയിന്റ് വീതമുള്ള കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് അവസാന മൂന്നു സ്ഥാനങ്ങളില്‍. ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ സിഎസ്‌കെ (10 പോയിന്റ്), ജിടി (10 പോയിന്റ്), രാജസ്ഥാന്‍ റോയല്‍സ് (8 പോയിന്റ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (8 പോയിന്റ്) എന്നിവരാണ്. എട്ടു പോയിന്റ് വീതമുള്ള ആര്‍സിബിയും പഞ്ചാബുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.
സീസണില്‍ ഇനി ഏഴു മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല. പക്ഷെ ശേഷിച്ച മല്‍സരങ്ങള്‍ മുംബൈയ്ക്കു വളരെ നിര്‍ണായകമാണ്. ബാക്കിയുള്ള ഏഴു കളികളില്‍ ചുരുങ്ങിയത് നാല്- അഞ്ച് മല്‍സരങ്ങളിലെങ്കിലും മുംബൈയ്ക്കു ജയിച്ചേ തീരൂ. എങ്കില്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ. കഴിഞ്ഞ സീസണിലും 10 ടീമുകളായിരുന്നു ലീഗിലുണ്ടായിരുന്നത്. അന്ന് നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയത് ആര്‍സിബിയായിരുന്നു. അവര്‍ക്കു ലഭിച്ചത് 16 പോയിന്റാണ്.
15 പോയിന്റ് വീതം നേടിയ ഡിസിയും പഞ്ചാബും നേരിയ വ്യത്യാസത്തില്‍ പുറത്താവുകയും ചെയ്തു. ഇത്തവണ ശേഷിച്ച ഏഴു കളികളില്‍ അഞ്ചെണ്ണം ജയിച്ചാല്‍ മുംബൈയ്ക്കു 16 പോയിന്റാവും. ഇതു നാലാമതെങ്കിലും ഫിനിഷ ചെയ്ത് പ്ലേഓഫില്‍ കടക്കാന്‍ അവരെ സഹായിക്കും. എന്നാല്‍ നാലു കളികളാണ് മുംബൈയ്ക്കു ഇനി ജയിക്കാന്‍ സാധിക്കുന്നതെങ്കില്‍ മറ്റു ടീമുകളുടെ പ്രകടനവും നെറ്റ് റണ്‍റേറ്റുമായിരിക്കും പ്ലേഓഫ് ബെര്‍ത്ത് തീരുമാനിക്കുക.