ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി എല്ലാവരും വാഴ്ത്തിക്കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്‍ ഐപിഎല്ലില്‍ അവിസ്മരണീയ പ്രകനമാണ് ഇത്തവണ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിങിലെ നെടുംതൂണായി അദ്ദേഹം മാറിയിരിക്കുകയാണ്. ജിടി തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടമെന്ന സ്വപ്‌നനേട്ടത്തിന് തൊട്ടരികിലെത്തി നില്‍ക്കുമ്പോള്‍ ഇതിനു ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഗില്ലിനോടാണ്. യഥാര്‍ഥത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പമായിരുന്നു താരത്തെ കാണേണ്ടിയിരുന്നത്. പക്ഷെ അവര്‍ കൈവിട്ടതു ജിടിക്കു നേട്ടമായി തീരുകയായിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കാണിച്ച മണ്ടത്തരത്തിനെ വിമര്‍ശിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ സ്‌കോട്ട് സ്‌റ്റൈറിസ്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു കെകെആറിന്റേത് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ഒരു ഫ്രാഞ്ചൈസി ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചെയ്തതെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. മറ്റൊന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കെഎല്‍ രാഹുലിനെ കൈവിട്ടതാണ്. പക്ഷെ ഗില്ലിന്റെ കാര്യത്തിലേക്കു വന്നാല്‍ അവന് പ്രായത്തിന്റെ മുന്‍തൂക്കമുണ്ട്. ഗില്‍ ഇപ്പോള്‍ വളരെ ചെറുപ്പമാണ്.
സ്വന്തം ഗെയിമില്‍ അവനു ഒരുപാട് വളര്‍ച്ചയുമുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ മാത്രം സ്റ്റാറായിരിക്കില്ല ഗില്‍. അടുത്ത ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിന്റെയും നട്ടെല്ലായി അവന്‍ മാറും. ഗില്ലിനു അതു സാധിക്കുമെന്നു കഴിയുമെന്നും താന്‍ കരുതുന്നതായി സ്‌കോട്ട് സ്‌റ്റൈറിസ് വിശദമാക്കി.
ഐപിഎല്ലിന്റെ 2021ലെ സീസണിനു ശേഷമാണ് ശുഭ്മന്‍ ഗില്ലിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യര്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നീ നാലു പേരെ മാത്രമേ കെകെആര്‍ നിലനിര്‍ത്തിയുള്ളൂ.
ഗില്ലുള്‍പ്പെടെ ശേഷിച്ചവരെയെല്ലാം കൈവിടാനായിരുന്നു ടീം മാനേജ്‌മെന്റിന്റെ തീരുമാനം. കെകെആര്‍ തഴഞ്ഞ ഗില്ലിനെ മെഗാ ലേലത്തിനു മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം കൂടാരത്തില്‍ എത്തിക്കുകയായിരുന്നു. ആദ്യ സീസണില്‍ തന്നെ മിന്നുന്ന പ്രകടനം നടത്തിയ താരം ജിടിയുടെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.
2017ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് ശുഭ്മന്‍ ഗില്‍ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിയിലായിരുന്നു രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ടീം അന്നു കപ്പുയര്‍ത്തിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍മെന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. ലോകകപ്പിലെ ഈ പ്രകടനമാണ് 2018ലെ ഐപിഎല്ലിലേക്കു അദ്ദേഹത്തിനു വഴിയൊരുക്കിയത്.

മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഗില്ലിനെ സ്വന്തമാക്കുകയായിരുന്നു. പക്ഷെ താരത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അവര്‍ക്കായില്ല. ബാറ്റിങില്‍ മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമെല്ലാമാണ് ഗില്‍ പരീക്ഷിക്കപ്പെട്ടത്. കന്നി സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 203 റണ്‍സാണ് ഗില്‍ സ്‌കോര്‍ ചെയ്തത്.
2019ലെ രണ്ടാം സീസണില്‍ ശുഭ്മന്‍ ഗില്‍ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തി. 15 മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളക്കം സ്‌കോര്‍ ചെയ്തത് 296 റണ്‍സായിരുന്നു. 2020ല്‍ സൂപ്പര്‍ താര പദവിയിലേക്കുള്ള വളര്‍ച്ചയുടെ സൂചനയാണ് ഗില്‍ നല്‍കിയത്. 14 മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 440 റണ്‍സ് താരം നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമുള്ള 2021ലെ അവസാനത്തെ സീസണിലും ഗില്‍ മോശമാക്കിയില്ല.
കെകെആര്‍ ഫൈനലിലെത്തിയ സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 478 റണ്‍സ് ഗില്‍ സ്‌കോര്‍ ചെയ്തു. പക്ഷെ താരത്തിന്റെ പ്രതിഭ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട കെകെആര്‍ സീസണിനു ശേഷം ഒഴിവാക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള ആദ്യ സീസണില്‍ 16 മല്‍സരങ്ങളില്‍ നാലു ഫിഫ്റ്റികളോടെ ഗില്‍ സകോര്‍ ചെയ്തത് 483 റണ്‍സാണ്.
ഇത്തവണ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞാണ് ഗില്ലിന്റെ കുതിപ്പ്. 16 കളിയില്‍ നിന്നും 60.79 ശരാശരിയില്‍ 156.43 സ്‌ട്രൈക്ക് റേറ്റോടെ 851 റണ്‍സ് താരം അടിച്ചെടുത്തു കഴിഞ്ഞു. മൂന്നു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. നിലവില്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് ഗില്‍ .