മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ആവേശക്കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം ബാക്കി. 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. എംഎസ് ധോണിയെന്ന ഇതിഹാസ നായകനും ഹര്‍ദിക് പാണ്ഡ്യയെന്ന യുവ നായകനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം.

10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇത്തവണ ത്തെ ഐപിഎല്‍ പലകാരണങ്ങളാല്‍ സവിശേഷമായി മാറുന്നു. ഈ വര്‍ഷം ഏഷ്യാ കപ്പും ഏകദിന ലോകകപ്പുമെല്ലാം നടക്കാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഐപിഎല്ലിനെ കാണുന്നത്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടും ഇന്ത്യക്ക് തീരുമാനങ്ങളെടുക്കേണ്ടതായുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീം എടുക്കാന്‍ സാധ്യതയുള്ള ചില പ്രധാന തീരുമാനങ്ങളറിയാം.
എല്ലാവരും ഉറ്റുനോക്കുന്ന കാര്യങ്ങളിലൊന്ന് സഞ്ജു സാംസണിന്റെ ഏകദിന ലോകകപ്പ് ടീമിലെ ഇടമാണ്. നിലവില്‍ ഇന്ത്യ പരിഗണിക്കാതെ മാറ്റിനിര്‍ത്തിയിരിക്കുന്ന സഞ്ജുവിന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം നിര്‍ണ്ണായകമാവും. ഏകദിനത്തില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത്. എന്നാല്‍ ശ്രേയസിന്റെ ഫിറ്റ്‌നസ് ഇപ്പോഴും ആശങ്ക ഉയര്‍ത്തുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് നാലാം നമ്പറില്‍ ശ്രേയസിന്റെ പകരക്കാരനെ കണ്ടെത്തേണ്ടിയിരിക്കുന്നു. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ആര് വേണമെന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം ഇന്ത്യയെടുക്കുന്നത് ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാവും. സൂര്യകുമാര്‍ യാദവ് മോശം ഫോമിലുള്ളതിനാല്‍ സഞ്ജുവിന് തിരിച്ചുവരവിനുള്ള അവസരമുണ്ട്. എന്നാല്‍ ലോകകപ്പ് മുന്നില്‍ക്കണ്ട് സഞ്ജുവിന് ഐപിഎല്ലില്‍ തിളങ്ങാനാവണം.
ശിഖര്‍ ധവാന്റെ കാര്യത്തിലും നിര്‍ണ്ണായക തീരുമാനം ഐപിഎല്ലിന് ശേഷമാവും ഉണ്ടാവുക. നിലവില്‍ ബിസിസി ഐയുടെ വാര്‍ഷിക കരാറില്‍ ധവാന് ഇടം നല്‍കിയിട്ടുണ്ട്. എന്നാല്‍ സമീപകാലത്തെ പരമ്പരകളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തപ്പെട്ട ധവാന് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമോയെന്നത് ഐപിഎല്ലിന് ശേഷമാവും തീരുമാനിക്കപ്പെടുക. പഞ്ചാബ് കിങ്‌സ് നായകനായ ധവാന് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ബാക്കപ്പ് താരമായെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്താം.
നിലവില്‍ രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ എന്നിവര്‍ക്കാണ് ഇന്ത്യ ഓപ്പണിങ്ങില്‍ മുഖ്യ പരിഗണന നല്‍കുന്നത്. അതുകൊണ്ട് തന്നെ ധവാന് കാര്യങ്ങള്‍ എളുപ്പമല്ല. ഇന്ത്യക്ക് മുന്നിലുള്ള മറ്റൊരു പ്രധാന ചോദ്യം ലോകകപ്പിലെ വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ്. നിലവില്‍ കെ എല്‍ രാഹുലിനാണ് ഇന്ത്യ ആ സ്ഥാനം നല്‍കുന്നത്. രാഹുലിനെ ഈ സ്ഥാനത്ത് പിന്തുണച്ചാലും ബാക്കപ്പ് വിക്കറ്റ് കീപ്പറായി ആര് വേണമെന്നതും നിര്‍ണ്ണായകമായ ചോദ്യമാണ്.

ഇന്ത്യക്ക് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെയാണ് പരിഗണിക്കാന്‍ സാധിക്കുക. ഇവരിലാരെ വേണമെന്നത് സംബന്ധിച്ച തീരുമാനവും ഐപിഎല്ലിന് ശേഷമാവും ഉണ്ടാവുക. ജസ്പ്രീത് ബുംറ ഏകദിന ലോകകപ്പിനുണ്ടാവില്ലെന്നുറപ്പാണ്. ബുംറയുടെ പകരക്കാരനാരെന്നതും തീരുമാനിക്കപ്പെടുക ഐപിഎല്ലിന് ശേഷമാവും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം മൂന്ന് പേസറായി ആര് വേണമെന്നത് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം.
അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവര്‍ക്കെല്ലാം ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ നിര്‍ണ്ണായകമാണ്. സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലിന്റെയും കുല്‍ദീപ് യാദവിന്റെയും ഭാവി തീരുമാനിക്കപ്പെടുന്നതിലും ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാവും. കുല്‍ദീപിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചഹാലിന്റെ സാധ്യത ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം തീരുമാനിക്കും.