ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടേ മകനും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പ്രശംസിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. ഇത്തവണത്തെ ഐപിഎല്ലിലൂടെ അരങ്ങേറിയ അര്‍ജുന്‍ മൂന്നു മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് കിങ്‌സുമായുള്ള അവസാന മാച്ചില്‍ ഒരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തതൊഴിച്ചാല്‍ അര്‍ജുന്റെ പ്രകടനം മികച്ചതായിരുന്നുവെന്നു പറയാം. പ്രത്യേകിച്ചും ന്യൂബോള്‍ മികച്ച രീതിയില്‍ സ്വിങ് ചെയ്യിക്കാനും കിടിലന്‍ യോര്‍ക്കറുകളെറിയാനും 23 കാരനായിരുന്നു.
പക്ഷെ അര്‍ജുന്റെ ബൗളിങിനു വേഗത കുറവാണെന്നത് പലരും ചൂണ്ടിക്കാട്ടിയ ഒരു പോരായ്മയായിരുന്നു. ഇതു പരിഹരിക്കാന്‍ താരത്തിനു ഒരു മന്ത്രം പറഞ്ഞു കൊടുത്തിരിക്കുകയാണ് ലീ. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചില്‍ ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യാനുള്ള ചുമതല അര്‍ജുന് നല്‍കിയിരുന്നു. അവന്‍ അതു നന്നായി നിറവേറ്റുകയും മുംബൈ ഇന്ത്യന്‍സിനെ കളി ജയിപ്പിക്കുകയും ചെയ്തു.

മല്‍സരം ഏതു വഴിക്കു നീങ്ങിയാലും അര്‍ജുനെ സംബന്ധിച്ചു അതു വളരെ മഹത്തായ അനുഭവമായിരുന്നുവെന്നു എനിക്കറിയാം. അതായത് കളിയുടെ അവസാന ഘട്ടത്തില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരം അവനു കിട്ടിയത് വലിയ കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കെ അര്‍ജുന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
മറ്റൊരു മല്‍സരത്തില്‍ (പഞ്ചാബ് കിങ്‌സ്) അവന്‍ അവസാന ഓവറുകളില്‍ കുറച്ച് റണ്‍സ് വഴങ്ങി. അതില്‍ കുഴപ്പമില്ല. ടി20 ക്രിക്കറ്റില്‍ ഇതു സംഭവിക്കും. ഈ ഫോര്‍ാറ്റില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നു ഞാന്‍ ബൗളര്‍മാരെ ഓര്‍മിപ്പിച്ച് കൊണ്ടിരിക്കാറുണ്ട്. ഒരുപാട് തവണ എനിക്കും ഇതുപോലെയുള്ള തിരിച്ചടികളുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവയെ വൈകാരികമായി കാണേണ്ടതില്ലെന്നും ബ്രെറ്റ് ലീ വിശദമാക്കി.
അര്‍ജുന് മല്‍സരത്തിന്റെ ഏതു ഘട്ടത്തിലും നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കും. അവന്റെ ബൗളിങ് പ്രകടനം എന്നെ വളരെയധികം ആകര്‍ഷിച്ചു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി അര്‍ജുന്‍ വളരെ മികച്ച ബൗളിങാണ് കാഴ്ചവയ്ക്കുന്നതെന്നു എനിക്കു തോന്നുന്നു. ന്യൂബോള്‍ കൊണ്ടുള്ള അവന്റെ ബൗളിങ് അതിശയിപ്പിക്കുന്നതാണ്.
വളരെ നന്നായി ബോള്‍ സ്വിങ് ചെയ്യിക്കാന്‍ അര്‍ജുന് സാധിക്കുന്നു. മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരില്‍ ഏറ്റവും മികച്ച സ്വിങ് ലഭിക്കുന്നതും അവനാണ്. മധ്യഓവറുകളില്‍ നന്നായി യോജിക്കുന്നതാണ് അര്‍ജുന്റെ ബൗളിങ്. കൂടുതല്‍ അനുഭവസമ്പത്ത് നേടുന്നതിലൂടെ ഡെത്ത് ഓവറുകളിലും ബൗളിങ് ആസ്വദിക്കാന്‍ അവനു കഴിയുമെന്നും ബ്രെറ്റ് ലീ നിരീക്ഷിച്ചു.
ബൗളിങിലെ വേഗതയെക്കുറിച്ച് ഇപ്പോഴുള്ള വിമര്‍ശനങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്നു അര്‍ജുനെ അദ്ദേഹം ഉപദേശിച്ചു. ആളുകള്‍ ഏറെക്കുറെ എല്ലാ കാര്യങ്ങളെയും വിമര്‍ശിക്കും. നിങ്ങള്‍ സന്ദീപ് ശര്‍മയെ നോക്കിയാല്‍ അദ്ദേഹം 120 കിമി വേഗതയിലാണ് ബൗള്‍ ചെയ്യുന്നത്. അര്‍ജുന്‍ കുറഞ്ഞത് അതിനേക്കാള്‍ വേഗതയിലെങ്കിലും ബൗള്‍ ചെയ്യുന്നുണ്ട്. അവന് 23 വയസ് ആയതേയുള്ളൂ. കരിയര്‍ മുഴുവന്‍ അവന്റെ മുന്നിലുണ്ട്. വിമര്‍ശനങ്ങളെ ശ്രദ്ധിക്കരുതെന്നാണ് എനിക്കു നല്‍കാനുള്ള ഉപദേശം.

ചെറിയ സ്‌കോറുകള്‍ക്കു പുറത്തായപ്പോള്‍ അച്ഛന്‍ സച്ചിനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷെ അദ്ദേഹം അവയൊന്നും മുഖവിലയ്‌ക്കെടുത്തില്ല. അര്‍ജുനും ഇതു മാതൃകയാക്കാനാണ് ശ്രമിക്കേണ്ടത്. അര്‍ജുന്‍ ഒരുപാട് കഴിവുകളുള്ള താരമാണ്. ടീമിലെ അന്തരീക്ഷവുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സാധിച്ചാല്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ അര്‍ജുന് കഴിയും. വലിയ ലൈറ്റുകള്‍ക്കും, കാണികള്‍ക്കും മുന്നില്‍ അവന്റെ ബൗളിങിനു ഇനിയും വേഗത കൂടും. വേഗതയുടെ കാര്യത്തില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല.
എത്ര വേഗതയില്‍ അര്‍ജുന് ബൗള്‍ ചെയ്യാന്‍ കഴിയുമെന്നു എനിക്കറിയാം. അവന് അതിനുള്ള കഴിവും എല്ലാ ഗുണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ എനിക്കു നല്‍കാനുള്ള ഉപദേശം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തുടര്‍ന്നു കൊണ്ടു പോവൂയെന്നതാണ്. യഥാര്‍ഥ ജീവിതത്തില്‍ ഒരു ബോള്‍ പോലുമെറിയാതെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ശ്രദ്ധിക്കാന്‍ നില്‍ക്കേണ്ട. അവര്‍ കീബോര്‍ഡ് പോരാളികളാണെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.