
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഈ മാസം 23ന് നടക്കാന്‍ പോവുകയാണ്. കൊച്ചിയില്‍ വെച്ച് നടക്കുന്ന ലേലത്തില്‍ 405 പേരാണ് പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് എത്രപേര്‍ ടീമിലേക്ക് ഇടം പിടിക്കുമെന്നതാണ് അറിയേണ്ടത്.
991 താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ചുരുക്കപ്പട്ടികയില്‍ 405 താരങ്ങളായി ചുരുങ്ങുകയായിരുന്നു. ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്ന നിരവധി താരങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ക്രിസ്റ്റിയന്‍ ജോണ്‍കര്‍
36കാരനായ ക്രിസ്റ്റിയന്‍ ജോണ്‍കറാണ് പ്രായം കൂടിയ താരങ്ങളിലൊരാള്‍. ദക്ഷിണാഫ്രിക്കന്‍ താരം 2018ല്‍ ഇന്ത്യക്കെതിരെയാണ് ടി20 അരങ്ങേറ്റം നടത്തിയത്. എന്നാല്‍ കുറച്ച് മത്സരങ്ങള്‍ക്ക് ശേഷം താരം ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടു.
ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ ഐപിഎല്ലില്‍ കളിക്കാന്‍ താല്‍പര്യപ്പെടുകയാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടുന്ന അനുഭവസമ്പന്നനായ താരമാണ് അദ്ദേഹം. എന്നാല്‍ അവസാന അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 87 റണ്‍സാണ് അദ്ദേഹം നേടിയത്.

സിക്കന്തര്‍ റാസ
സിംബാബ് വെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റാസയാണ് മറ്റൊരാള്‍. 36കാരനായ റാസക്ക് ഇത്തവണ കരാര്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സമീപകാലത്തായി ഗംഭീര പ്രകടനമാണ് റാസ കാഴ്ചവെക്കുന്നത്. ടി20 ലോകകപ്പിലും റാസ തിളങ്ങുന്നു.
പന്തുകൊണ്ടും തിളങ്ങാന്‍ റാസക്ക് സാധിക്കുന്നു. മാച്ച് വിന്നറായ താരമാണ് റാസ. അനുഭവസമ്പന്നനായ താരത്തിന് ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ പല ടീമുകള്‍ക്കും ഓള്‍റൗണ്ടര്‍മാരെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ റാസക്ക് പരിഗണന ലഭിച്ചേക്കും.
ഡേവിഡ് വീസെ
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും നിലവില്‍ നമീബിയന്‍ താരവുമായ ഡേവിഡ് വീസെയും ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. 37 വയസാണ് താരത്തിന്റെ പ്രായം. അവസാന ലോകകപ്പില്‍ അദ്ദേഹം കളിച്ചിരുന്നു.
നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരം ആര്‍സിബിക്കായി 15 മത്സരത്തില്‍ നിന്ന് 122 റണ്‍സാണ് നേടിയത്. 14 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി നമീബിയക്കായി കളിച്ച വീസെ 19 ഇന്നിങ്‌സില്‍ നിന്ന് 361 റണ്‍സാണ് നേടിയത്. 17 വിക്കറ്റും സ്വന്തമാക്കി.

മുഹമ്മദ് നബി
അഫ്ഗാനിസ്ഥാന്‍ നായകന്‍ മുഹമ്മദ് നബിയാണ് പ്രായം കൂടിയ മറ്റൊരാള്‍. 37കാരനായ നബി ഇപ്പോഴും ടി20 ക്രിക്കറ്റില്‍ സജീവമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറാണ് നബി. മധ്യനിരയില്‍ കടന്നാക്രമിക്കാന്‍ കഴിവുള്ള താരമാണ് നബി.
പന്തുകൊണ്ട് ന്യൂബോളിലും ഡെത്ത് ഓവറിലുമടക്കം മികവ് കാട്ടാന്‍ നബിക്ക് കഴിവുണ്ട്. പ്രായം തളര്‍ത്താത്ത പോരാളിയാണ് നബിയെന്ന് പറയാം. 104 ടി20യില്‍ നിന്ന് 1686 റണ്‍സ് നേടിയ നബിയുടെ സ്‌ട്രൈക്കറേറ്റ് 140ന് മുകളിലായിരുന്നു. 7.31 ഇക്കോണമിയില്‍ 84 വിക്കറ്റും നബിയുടെ പേരിലുണ്ട്.
അമിത് മിശ്ര
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയും ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിലെ മൂന്നാമനാണ് അമിത് മിശ്ര. 244 ടി20യില്‍ നിന്ന് 272 വിക്കറ്റാണ് മിശ്ര നേടിയത്.
7.14 എന്ന മികച്ച ഇക്കോണമിയും അമിത്തിനുണ്ട്. റെക്കോഡുകളെല്ലാം മികച്ചതാണെങ്കിലും പ്രായം 40 കഴിഞ്ഞു. അതുകൊണ്ട് തന്നെ മിശ്രയെ ലേലത്തില്‍ ആരും സ്വന്തമാക്കാന്‍ സാധ്യതയില്ല. എങ്കിലും ഇത്തവണയും പ്രതീക്ഷയോടെയാണ് മിശ്ര ലേലത്തിനെത്തുന്നത്.