മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ആകാശ് മധ്‌വാള്‍. മുംബൈ ഇന്ത്യന്‍സ് പേസ് നിരയുടെ വജ്രായുധമെന്ന് ആകാശിനെ വിശേഷിപ്പിക്കാം. നിര്‍ണ്ണായകമായ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുമായി മുംബൈയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ആകാശാണ്.
എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ആകാശിനെ ഭാവി ഇന്ത്യന്‍ താരമെന്ന നിലയിലേക്ക് ഇതിനോടകം പരിഗണിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ ആകാശ് മധ്‌വാളിന് നാട്ടില്‍ കളിക്കുന്നതിന് വിലക്കാണെന്ന വാര്‍ത്തകള്‍ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിലെന്തെങ്കിലും സത്യമുണ്ടോ?. നാട്ടിലെ മധ് വാളിന്റെ വിലക്കുമായി ബന്ധപ്പെട്ട കാര്യത്തിന് പിന്നിലെ കാരണമിതാണ്.

ടെന്നിസ് ബോളില്‍ കളിച്ചുവളര്‍ന്ന താരമാണ് ആകാശ്. ഉത്തരാഖണ്ഡുകാരനായ ആകാശിന്റെ വീട് റോര്‍ക്കിയിലാണ്. അവിടെയാണ് അദ്ദേഹം കളിച്ചുവളര്‍ന്നത്. എല്ലാവര്‍ക്കും ആകാശിന്റെ പന്തിനെ കളിക്കുക ഭയമായിരുന്നു. അതുകൊണ്ട് അവനെ ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ലായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്താണ് വെളിപ്പെടുത്തിയത്.
'ഇവിടെ അവനെ ആരും കളിക്കാന്‍ കൂട്ടില്ല. എല്ലാവര്‍ക്കും അവന്റെ ബൗളിങ്ങിനെ പേടിയാണ്. അതുകൊണ്ട് തന്നെ പ്രാദേശിക ക്രിക്കറ്റില്‍ നിന്ന് അവനെ വിലക്കി. എന്നാല്‍ ടെന്നിസ് ബോള്‍ കരിയര്‍ അവസാനിച്ചെങ്കിലും ഇപ്പോള്‍ അവന്‍ വളരെ സന്തോഷവാനായിരിക്കും' ആകാശിന്റെ നാട്ടിലെ സുഹൃത്തായ ആശിഷ് പറഞ്ഞു. 2018വരെ സ്റ്റിച്ച് ബോളില്‍ താരം കളിച്ചിട്ടേയില്ല. നാട്ടില്‍ ടെന്നിസ് പന്തിലായിരുന്നു ആകാശ് കളിച്ചിരുന്നത്.
മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് ആകാശിന്റെ സുഹൃത്തുക്കള്‍ പ്രശംസിക്കുന്നത്. ആകാശിന്റെ കഴിവ് തിരിച്ചറിഞ്ഞത് രോഹിത്താണെന്നാണ് ഇവര്‍ പറയുന്നത്. ആര്‍സിബിയുടെ ഭാഗമായിരുന്നു ആകാശ്. എന്നാല്‍ ഒരു മത്സരം പോലും കളിപ്പിക്കാതെ അവര്‍ ഒഴിവാക്കിയതോടെ മുംബൈ ഇന്ത്യന്‍സിലേക്കെത്തുകയും ഇന്നത്തെ സൂപ്പര്‍ താര പദവിയിലേക്കെത്തുകയുമായിരുന്നു.
'രോഹിത് ഭായ് എപ്പോഴും താരങ്ങള്‍ക്ക് അവസരം നല്‍കും. താരങ്ങളില്‍ അദ്ദേഹം വിശ്വാസം അര്‍പ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. യുവതാരങ്ങള്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്ന ഭയം എപ്പോഴുമുണ്ടാവും. രോഹിത് ആകാശില്‍ നിന്ന് ഈ ഭയമാണ് ഇല്ലാതാക്കിയത്. അതാണ് മികച്ച പ്രകടനം നടത്താന്‍ അവനെ സഹായിക്കുന്നത്'- ആശിഷ് ഇന്ത്യാ ടുഡെയോട് സംസാരിക്കവെ പറഞ്ഞു.
'2022 സീസണിലെ അവസാനം സൂര്യകുമാര്‍ യാദവിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് മുംബൈ ആകാശിനെ ഉള്‍പ്പെടുത്തിയത്. അവിടെ നിന്നാണ് 2023ലെ ടീമിലേക്ക് അവനെ പരിഗണിച്ചത്. 2023 സീസണില്‍ കളിക്കാന്‍ അവസരമുണ്ടാവുമെന്ന് രോഹിത് ആകാശിനോട് പറഞ്ഞിരുന്നു'- ആകാശിന്റെ മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു. രോഹിത് ശര്‍മയുടെ കണ്ടെത്തലാണ് ആകാശെന്ന് പറയാം. നെറ്റ്‌സിലെ ആകാശിന്റെ മികവാണ് താരത്തിന് പ്ലേയിങ് 11ലേക്കുള്ള വഴി തുറന്നത്.

എഞ്ചിനീയറിങ് ബിരുദദാരിയാണ് ആകാശ്. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയതോടെ താരം ഈ മേഖലയില്‍ത്തന്നെ ജോലിക്കും പോയി. എന്നാല്‍ ക്രിക്കറ്റിനെ അദ്ദേഹം മാറ്റിനിര്‍ത്താന്‍ തയ്യാറായില്ല. ലഭിക്കുന്ന സമയങ്ങളിലെല്ലാം ടെന്നിസ് ബോള്‍ ക്രിക്കറ്റ് താരം കളിച്ചിരുന്നു. എന്നാല്‍ വലിയ ടൂര്‍ണമെന്റുകള്‍ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.
ആകാശിന്റെ കുടുംബം ഒന്നാകെയിരുന്നാണ് എലിമിനേറ്ററിലെ മുംബൈ ഇന്ത്യന്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മത്സരം കണ്ടത്. രോഹിത് ശര്‍മയാണ് അവന് ആത്മവിശ്വാസം നല്‍കിയതെന്നും ദൈവാനുഗ്രഹം ഉണ്ടെന്നുമാണ് താരത്തിന്റെ കുടുംബാഗങ്ങള്‍ പറയുന്നത്. സീസണില്‍ 7 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് ആകാശ് വീഴ്ത്തിയത്. മികച്ച ലൈനും ലെങ്തുമുള്ള താരത്തിന് വേഗതയും നിയന്ത്രിക്കാന്‍ കഴിവുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ ആകാശിന് പ്രതിഭയുണ്ടെന്ന് പറയാം.