കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കെകെആറിനെ തകര്‍ത്തടുക്കി സിഎസ്‌കെ. ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ 50 റണ്‍സിനാണ് ധോണിയും സംഘവും വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
അജിന്‍ക്യ രഹാനെ (71*) ഡെവോണ്‍ കോണ്‍വെ (56), ശിവം ദുബെ (50) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് സിഎസ്‌കെയ്ക്ക് കരുത്തായത്. ബൗളര്‍മാരും അവസരത്തിനൊപ്പം ഉയര്‍ന്നതോടെയാണ് തകര്‍പ്പന്‍ ജയം സിഎസ്‌കെ നേടിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡും സിഎസ്‌കെ നേടിയെടുത്തു.

മഹേഷ് തീക്ഷണയും തുഷാര്‍ ദെശപാണ്ഡെയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ആകാശ് സിങ്, മോയിന്‍ അലി, രവീന്ദ്ര ജഡേജ, മതീഷ പതിരണ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. കെകെആറിനായി ജേസന്‍ റോയിയും (61) റിങ്കു സിങ്ങും (53*) തിളങ്ങി. മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് റിങ്കുവിന്റെ തകര്‍പ്പന്‍ പ്രകടനം.
സിഎസ്‌കെയുടെ 236 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ കെകെആറിന്റെ തുടക്കം പിഴച്ചു. സുനില്‍ നരെയ്‌നെ (3 പന്തില്‍ 0) ആകാശ് സിങ് ആദ്യ ഓവറില്‍ത്തന്നെ മടക്കി. നാരായണ്‍ ജഗദീശന്‍ (3 പന്തില്‍ 1) തുഷാര്‍ ദെശപാണ്ഡെക്ക് വിക്കറ്റ് നല്‍കി മടങ്ങി. വമ്പനടിക്കാരനായ വെങ്കടേഷ് അയ്യരും (20 പന്തില്‍ 20) നിരാശപ്പെടുത്തി മടങ്ങി. രണ്ട് ഫോറും ഒരു സിക്‌സും നേടിയ വെങ്കടേശിനെ മോയിന്‍ അലി എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
നായകന്‍ നിധീഷ് റാണയെ (20 പന്തില്‍ 27) രവീന്ദ്ര ജഡേജ റുതുരാജ് ഗെയ്ക് വാദിന്റെ കൈയിലെത്തിച്ചു. പിന്നീടെത്തിയ ജേസന്‍ റോയ് തകര്‍ത്തടിച്ചു. 19 പന്തില്‍ ഫിഫ്റ്റി നേടിയ റോയ് 26 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് പുറത്തായത്. മഹേഷ് തീക്ഷണയുടെ തകര്‍പ്പന്‍ പന്തില്‍ ജേസന്‍ റോയ് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.
അപകടകാരിയായ ആന്‍ഡ്രേ റസലിനെ (6 പന്തില്‍ 9) മതീഷ പതിരണയും പുറത്താക്കിയതോടെ കെകെആറിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. റിങ്കു സിങ് പൊരുതിനോക്കിയെങ്കിലും എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു വിജയ ലക്ഷ്യം. ഇതോടെ കെകെആറിന് തട്ടകത്തില്‍ തലകുനിച്ച് മടങ്ങേണ്ടി വന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിഎസ്‌കെ തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റില്‍ റുതുരാജ് ഗെയ്ക് വാദും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് 73 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. 20 പന്തില്‍ 35 റണ്‍സെടുത്ത റുതുരാജിനെ പുറത്താക്കി സുയാഷ് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് റുതുരാജിന്റെ സമ്പാദ്യം.
പിന്നാലെയെത്തിയ അജിന്‍ക്യ രഹാനെ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. തകര്‍പ്പന്‍ ഫിഫ്റ്റിയോടെ ഡെവോണ്‍ കോണ്‍വെ (40 പന്തില്‍ 56) പുറത്താവുമ്പോള്‍ സിഎസ്‌കെ സ്‌കോര്‍ബോര്‍ഡ് 12.1 ഓവറില്‍ രണ്ടിന് 109 റണ്‍സെന്ന നിലയിലായിരുന്നു. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു കോണ്‍വേയുടെ പ്രകടനം. അവസാന നാല് ഇന്നിങ്‌സിലും ഫിഫ്റ്റി നേടാന്‍ കോണ്‍വേക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
50, 83, 77*, 56 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രകടനം. കോണ്‍വേ മടങ്ങിയതിന് പിന്നാലെ ഒത്തുചേര്‍ന്ന രഹാനെയും ശിവം ദുബെയും ചേര്‍ന്ന് കെകെആര്‍ ബൗളര്‍മാരെ തല്ലിപ്പറത്തി.21 പന്തുകള്‍ നേരിട്ട് രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സുമായാണ് ദുബെ പുറത്തായത്. 238.09 ആയിരുന്നു ദുബെയുടെ സ്‌ട്രൈക്കറേറ്റ്. രവീന്ദ്ര ജഡജേ (8 പന്തില്‍ 18) രണ്ട് സിക്‌സുകള്‍ നേടി ടീം സ്‌കോറിലേക്ക് അതിവേഗം റണ്‍സ് സമ്മാനിച്ച് മടങ്ങി.

ഒരുവശത്ത് അജിന്‍ക്യ രഹാനെ പുറത്താവാതെ നിന്നു. ക്ലാസിക് ബാറ്റ്‌സ്മാനെന്ന് വിളിക്കുന്ന രഹാനെയില്‍ നിന്ന് അത്ഭുത പ്രകടനമാണ് കാണാനായത്. 29 പന്ത് നേരിട്ട രഹാനെ ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 71 റണ്‍സുമായി പുറത്താവാതെ നിന്നു. 244.82 സ്‌ട്രൈക്കറേറ്റിലായിരുന്നു രഹാനെയുടെ വെടിക്കെട്ട്. ഈ സീസണില്‍ ഗംഭീര പ്രകടനമാണ് രഹാനെ കാഴ്ചവെക്കുന്നത്.
മുംബൈക്കെതിരേ 21 പന്തില്‍ 67 റണ്‍സും ആര്‍സിബിക്കെതിരേ 20 പന്തില്‍ 37 റണ്‍സും രഹാനെ നേടിയിരുന്നു. എംഎസ് ധോണി (3 പന്തില്‍ 2*) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ നാല് വിക്കറ്റിന് 235 എന്ന പടുകൂറ്റന്‍ ടോട്ടലും പടുത്തുയര്‍ത്താന്‍ സിഎസ്‌കെയ്ക്കായി. കെകെആറിന്റെ തട്ടകമായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയാണ് സിഎസ്‌കെ മടങ്ങിയത്.
ഈ സീസണിലെ ഉയര്‍ന്ന ടോട്ടലും ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്നതും 25 പന്തില്‍ താഴെ കൂടുതല്‍ ഫിഫ്റ്റി നേടിയതുമായ മത്സരമാണിത്. കെകെആറിനായി കുല്‍വന്ത് ഖജ്‌റോലിയ രണ്ടും സുയാഷ് ശര്‍മയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റും പങ്കിട്ടു.