ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം ഐപിഎല്‍ കിരീടമെന്ന റെക്കോര്‍ഡ് നേട്ടത്തിലേക്കു നയിച്ചതിനു പിന്നാലെ ഇതിഹാസ നയകന്‍ എംഎസ് ധോണി ആശുപത്രിയിലേക്ക്. തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മഴ നിയമപ്രകാരം അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു സിഎസ്‌കെ വീണ്ടുമൊരു ട്രോഫിയില്‍ മുത്തമിട്ടത്.
ഇതോടെ ഏറ്റവുമധികം ഐപിഎല്‍ കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും സിഎസ്‌കെ എത്തിയിരുന്നു. ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴയെ തുടര്‍ന്നു റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

കിരീടവിജയത്തിന്റെ ആഹ്ലാദം മായുംമുമ്പെയാണ് എംഎസ് ധോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ല. പരിക്ക് കാരണമാണ് ധോണി ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ തേടുന്നത്.
മുംബൈയിലെ പ്രശസ്തമായ കല്‍ക്കിബെന്‍ ആശുപത്രിയിലായിരിക്കും അദ്ദേഹത്തെ പ്രവേശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവിടെ നിരവധി പരിശോധനകള്‍ക്കു വിധേയനാവുന്ന ധോണി ശസ്ത്രക്രിയക്കു വിധേയനായേക്കുമെന്നും സൂചനയുണ്ട്.
എംഎസ് ധോണിയുടെ കാല്‍മുട്ടിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതു വകവയ്ക്കാതെയാണ് അദ്ദേഹം സീസണിലുടനീളം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചത്. ഒടുവില്‍ ടീമിനെ ഐപിഎല്ലിലെ വിജയികളാക്കുകയും ചെയ്തു. സീസണിന്റെ തുടക്കത്തില്‍ തന്നെ സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിങ് ധോണിയുടെ പരിക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
ധോണിയുടെ കാല്‍മുട്ടിനു പരിക്ക് പറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ചില ചലനങ്ങളില്‍ നിങ്ങള്‍ക്കു ഇതു കാണാന്‍ കഴിയും. അതു ധോണിയെ ഒരുപരിധി വരെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ എന്നിട്ടും അദ്ദേഹം ഈ മാച്ചില്‍ നന്നായി പെര്‍ഫോം ചെയ്തു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ധോണി എല്ലായ്‌പ്പോഴും വളരെ പ്രൊഫഷണലാണെന്നും കഴിഞ്ഞ മാസം രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരശേഷം സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു.
ഹോംഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ അവസാനത്തെ ഹോം മാച്ചിനു ശേഷം ഐസ് പായ്ക്ക് കാല്‍മുട്ടില്‍ വച്ചായിരുന്നു എംഎസ് ധോണി ഗ്രൗണ്ട് വലം വയ്ക്കുകയും കാണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനു ശേഷം ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍ ധോണിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവചിച്ചിരുന്നു. ഈ ഫോട്ടോയിലും ധോണിയുടെ ഇടതു കാല്‍മുട്ടില്‍ ഐസ് പായ്ക്ക് വച്ചിരിക്കുന്നത് കാണാമായിരുന്നു.

അതേസമയം, ഈ സീസണിന ശേഷം എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകളെങ്കിലും അദ്ദേഹം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ശരീരം അനുവദിക്കുകയാണെങ്കില്‍ അടുത്ത സീസണ്‍ കൂടി കളിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അദ്ദേഹം വ്യക്കമാക്കിയത്.
സന്ദര്‍ഭം നോക്കുകയാണെങ്കില്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. എന്നെ സംബന്ധിച്ച് ഏറ്റവും എളുപ്പം നന്ദി പറയലും വിരമിക്കലുമാണ്. എന്നാല്‍ കടുപ്പമേറിയ കാര്യം അടുത്ത ഒമ്പത് മാസം കഠിനാധ്വാനം ചെയ്ത് ഒരു ഐപിഎല്ലില്‍ കൂടി കളിക്കാന്‍ ശ്രമിക്കുകയെന്നതാണ്. ശരീരം പിടിച്ചുനില്‍ക്കുകയും വേണം.
പക്ഷെ സിഎസ്‌കെ ഫാന്‍സില്‍ നിന്നും എനിക്കു ലഭിക്കുന്ന സ്‌നേഹം കാണുമ്പോള്‍ ഒരു സീസണ്‍ കൂടി കളിക്കുകയെന്നത് അവര്‍ക്കുള്ള സമ്മാനമായിരിക്കും. അവര്‍ എന്നോടു കാണിച്ച സ്‌നേഹവും വികാരം പ്രകടിപ്പിച്ച രീതിയും കാണുമ്പോള്‍ അവര്‍ക്കായി ഞാന്‍ ചെയ്യേണ്ട കാര്യവും ഇതാണെന്നും ഫൈനലിനു ശേഷം എംഎസ് ധോണി പറഞ്ഞിരുന്നു.