
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ഫ്രാഞ്ചൈസികളിലൊന്നായ ലഖ്‌നൗവിന്റെ മുഖ്യ പരിശീലകനായി സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരം ആന്‍ഡി ഫ്‌ളവറിനെ നിയമിച്ചു. നേരത്തേ ടീമിന്റെ കോച്ചായ് ഫ്‌ളവര്‍ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അദ്ദേഹത്തെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറിയുടെയും പേര് കോച്ച് സ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നു. ഒടുവില്‍ നറുക്കുവീണത് ഫ്‌ളവറിനായിരുന്നു.
ബിസിസിഐയില്‍ നിന്നും അനുമതി ലഭിച്ചതോടെയാണ് ഫ്‌ളവറിനെ മുഖ്യ പരിശീലകനായി നിയമിച്ചുവെന്ന് ലഖ്‌നൗ ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലഖ്‌നൗവിനും മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിനും പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ ബിസിസിഐ ഇനിയും അനുമതി നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്നാണ് അവര്‍ ഫ്‌ളവറിനെ കോച്ചാക്കിയ കാര്യം പ്രഖ്യാപിക്കുന്നതിനായി ബിസിസിഐയുടെ അനുവാദം തേടിയത്. ബിസിസിഐ സമ്മതം മൂളുകയും ചെയ്തതോടെ അവര്‍ ഇക്കാര്യം ലോകത്തെ അറിയിക്കുകയായിരുന്നു.

നേരത്തേ പഞ്ചാബ് കിങ്‌സിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ഫ്‌ളവര്‍ ഐപിഎല്ലില്‍ പരിചയസമ്പന്നനായ കോച്ചുമാരില്‍ ഒരാളാണ്. ഫ്‌ളവര്‍ ലഖ്‌നൗവിന്റെ മുഖ്യ കോച്ചായതിനു പിന്നാലെ മുന്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും വൈകാതെ ഫ്രാഞ്ചൈസിയിലേക്കു വരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ലഖ്‌നൗ ടീമിന്റെ നായകനായും രാഹുല്‍ ചുമതലയേല്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹം പഞ്ചാബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മെഗാ ലേലത്തിനു മുമ്പ് രാഹുലിനെ പഞ്ചാബ് നിലനിര്‍ത്തുകയും ചെയ്തിരുന്നില്ല. 2018ല്‍ പഞ്ചാബ് ടീമിന്റെ ഭാഗമായ അദ്ദേഹം 2020ലാണ് നായകസ്ഥാനമേറ്റെടുത്തത്. പക്ഷെ നയിച്ച രണ്ടു സീസണുകളിലും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ രാഹുലിനായില്ല.
ഫ്‌ളവറിനെ ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്നു ടീമുടമ സഞ്ജീവ് ഗോയെങ്ക പ്രതികരിച്ചു. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്രിക്കറ്റ് ചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഫ്‌ളവര്‍. അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെ ഞങ്ങള്‍ മാനിക്കുന്നു. ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും ടീമിനു മൂല്യം നല്‍കുമെന്നും പ്രതീക്ഷിക്കുന്നതായി ഗോയെങ്ക കൂട്ടിച്ചേര്‍ത്തു.
പുതിയ ടീമിനോടൊപ്പം പ്രവര്‍ത്തിക്കാനായത് തന്നെ ആവേശഭരിതനാക്കുന്നതായി ആന്‍ഡി ഫ്്‌ളവര്‍ പറഞ്ഞു. പുതിയ ലഖ്‌നൗ ഫ്രാഞ്ചൈസിക്കൊപ്പം ചേരാന്‍ സാധിച്ചത് എന്നെ വളരെയധികം ആവേശഭരിതനാക്കുന്നു. ഈ അവസരം അവര്‍ നല്‍കിയതിലുള്ള നന്ദിയും അറിയിക്കുകയാണ്. 1993ലെ എന്റെ ആദ്യത്തെ ഇന്ത്യന്‍ പര്യടനം മുതല്‍ ഇവിടെ പര്യടനം നടത്താനും കളിക്കാനും പരിശീലിപ്പിക്കാനുമൊക്കെ ഇഷ്ടമായിരുന്നുവെന്നും ഫ്‌ളവര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ക്രിക്കറ്റിനോടുള്ള അഭിനിവേശം സമാനതകളില്ലാത്തതാണ്. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയെ നയിക്കുകയെന്നത് വലിയ പദവിയാണ്, ഡോ ഗോയെങ്കയ്ക്കും ലഖ്‌നൗ ടീമിനുമൊപ്പം വളരെ ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ലഖ്‌നൗ ഫ്രാഞ്ചൈസിയോടൊപ്പം വിജയകരവും അര്‍ഥവത്തായതുമായ എന്തെങ്കിലും നിര്‍മിക്കാനുള്ള വെല്ലുവിളി ഞാന്‍ ആസ്വദിക്കുകയും ചെയ്യും. പുതുവര്‍ഷത്തില്‍ ഉത്തര്‍ പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ ടീം മാനേജ്‌മെന്റിനെയും സ്റ്റാഫിനെയുമെല്ലാം നേരില്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും ഫ്‌ളവര്‍ കൂട്ടിച്ചേര്‍ത്തു.