IPL 2022: 'ബൗളിങ് ഉപദേശകനല്ല', മുംബൈയിലെ തന്റെ റോള്‍ വെളിപ്പെടുത്തി സഹീര്‍ ഖാന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമെന്ന ബഹുമതി മുംബൈക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ ഇത്തവണ അതിനൊത്ത പ്രകടനമല്ല അവര്‍ കാഴ്ചവെച്ചത്. ആദ്യത്തെ എട്ട് മത്സരവും തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്ന ആദ്യത്തെ ടീമെന്ന നാണക്കേട് നേരിടേണ്ടി വന്നത് മുംബൈക്കാണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ആശ്വാസ ജയം മുംബൈ നേടിയെങ്കിലും വളരെ വൈകിപ്പോയി.
മുംബൈയുടെ പരിശീലക സംഘത്തിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനയേയും ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സായ സഹീര്‍ ഖാനെതിരേയും വലിയ വിമര്‍ശനം ഉയര്‍ന്നു. ജയവര്‍ധനയും സഹീര്‍ഖാനും താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാതെ മാറിയിരിക്കുകയാണെന്നാണ് പല ആരാധകരും ചൂണ്ടിക്കാട്ടുന്നത്.

മുംബൈയുടെ ബൗളിങ് നിര ഇത്തവണ മോശം പ്രകടനം കാഴ്ചവെക്കുന്നതിനും വിമര്‍ശനം സഹീറിനെതിരെയാണ്.ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിലെ തന്റെ ശരിക്കുള്ള ജോലി എന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സഹീര്‍ ഖാന്‍. മുംബൈ ഇന്ത്യന്‍സ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ ടീമിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സഹീര്‍ തുറന്ന് പറഞ്ഞത്. താരങ്ങളെ പഠിക്കുകയാണ് തന്റെ ജോലിയെന്നാണ് അദ്ദേഹം പറഞ്ഞത്.

' സംസാരത്തിലൂടെയാണ് ആളുകളെ പഠിക്കാന്‍ സാധിക്കുന്നത്. നിങ്ങളുടെ പ്രശ്‌നങ്ങളോ അനുഭവങ്ങളോ പങ്കുവെക്കുമ്പോള്‍ വളരെ വേഗത്തില്‍ പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തുവരാനാവും. അതുകൊണ്ട് തന്നെ ഓരോ താരങ്ങളെക്കുറിച്ചും കൃത്യമായി അറിയേണ്ടതായുണ്ട്. ഓരോരുത്തര്‍ക്കും ഓരോ കഥയാണ് പറയാനുണ്ടാവുക. അതുകൊണ്ട് തന്നെ അവര്‍ എവിടെ നിന്നാണ് വന്നത് എന്താണ് അവര്‍ ആഗ്രഹിക്കുന്നതെന്നെല്ലാം കണ്ടെത്താനാണ് ശ്രമിക്കുന്നത്. പൊതുവേ സാങ്കേതികമായി മാത്രമെ ഇത്തരം ചര്‍ച്ചകള്‍ നടക്കാറുള്ളു. മത്സരത്തിലെ മാനസികാവസ്ഥ മറ്റൊരു വിഭാഗം തന്നെയാണ്. ആര്‍ക്കെങ്കിലും എന്നെക്കൊണ്ട് എന്തെങ്കിലും ഉപകാരം ചെയ്യാനായാല്‍ എനിക്കത് വലിയ സംതൃപ്തി നല്‍കും'- സഹീര്‍ പറഞ്ഞു.
ഇത്തവണ മെഗാ ലേലത്തില്‍ മുംബൈ പരിഗണിച്ച പേസര്‍മാരെല്ലാം വളരെ മോശം റെക്കോഡുള്ളവരായിരുന്നുവെന്ന് പറയാതിരിക്കാന്‍ ആവില്ല. ജസ്പ്രീത് ബുംറക്ക് ഫോമില്ല. ഡാനിയല്‍ സാംസ്, ബേസില്‍ തമ്പി, റില്ലി മെറീഡിത്ത്, ജയദേവ് ഉനദ്ഘട്ട്, സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍ എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മുംബൈയുടെ തുടര്‍ തോല്‍വികളുടെ പ്രധാന കാരണം പേസര്‍മാരുടെ മോശം പ്രകടനമായിരുന്നുവെന്ന് പറയാം.

രാജസ്ഥാനെ തോല്‍പ്പിച്ച് മുംബൈ വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും കാര്യമില്ല. ശേഷിക്കുന്ന അഞ്ച് മത്സരം ജയിച്ചാലും പ്ലേ ഓഫില്‍ കടക്കാനാവില്ല. തുടര്‍ച്ചയായി എട്ട് തോല്‍വിയെന്നത് മുംബൈയുടെ ചരിത്രത്തില്‍ നേരിടാത്ത കാര്യമാണ്. അതുകൊണ്ട് ഇത്തവണത്തെ സീസണ്‍ മുംബൈക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ശേഷിക്കുന്ന മത്സരങ്ങളും ജയിച്ച് അഭിമാനത്തോടെ പടിയിറങ്ങാനാവും ഇനി മുംബൈ ശ്രമിക്കുക. അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications