IPL 2022: 'മുംബൈ ഒഴിവാക്കിയാലും പൊള്ളാര്‍ഡ് പേടിക്കേണ്ട !', ഹര്‍ദിക്കിന്റെ ഓഫര്‍, പറഞ്ഞതിങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വലിയ തകര്‍ച്ചയാണ് മുംബൈ ഇന്ത്യന്‍സ് ടീം നേരിട്ടത്. ആദ്യത്തെ എട്ട് മത്സരത്തിലും തോറ്റ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമാവുകയും ചെയ്തു. അഞ്ച് തവണ കിരീടം നേടിയ ടീമെന്ന ബഹുമതി മുംബൈക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ ഇത്തവണത്തെ പ്രകടനം അവരുടെ ചാമ്പ്യന്മാരെന്ന പേരിന് കളങ്കം സൃഷ്ടിക്കുന്നതാണ്. പ്രമുഖരെല്ലാം നിരാശപ്പെടുത്തിയതാണ് ഇത്തവണ മുംബൈക്ക് തിരിച്ചടിയായത്.
അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് കറെന്‍ പൊള്ളാര്‍ഡ്. ഹര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും ഒഴിവാക്കിയ മുംബൈ ഫിനിഷര്‍ റോളില്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയത് കറെന്‍ പൊള്ളാര്‍ഡിനായിരുന്നു. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. 9 മത്സരത്തില്‍ നിന്ന് നേടിയത് 125 റണ്‍സ് മാത്രമാണ്. ഒരു കളിയില്‍ പോലും ഇത്തവണ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ പൊള്ളാര്‍ഡിനായിട്ടില്ല. പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയേക്കുമെന്ന വിവരങ്ങള്‍ നിലവില്‍ പുറത്തുവരുന്നുണ്ട്.

ഇപ്പോഴിതാ പൊള്ളാര്‍ഡിനെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്യുന്ന നിലയില്‍ പ്രതികരിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദിക്കും പൊള്ളാര്‍ഡും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ മുംബൈക്കായി കാഴ്ചവെച്ചിട്ടുമുണ്ട്. അടുത്ത വര്‍ഷം നിങ്ങള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നേക്കാം എന്നാണ് ഹര്‍ദിക് പറഞ്ഞത്.
'ഇന്ന് പൊള്ളാര്‍ഡിന് മികച്ച ദിവസമായിരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. എന്നാല്‍ ജയിക്കുക ഗുജറാത്താവും. കഴിഞ്ഞ ദിവസം സുഖവിവരം അന്വേഷിച്ച് പൊള്ളാര്‍ഡിന് സന്ദേശം അയച്ചിരുന്നു. നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നുണ്ടെന്നും അടുത്ത വര്‍ഷം നിങ്ങള്‍ ഇവിടേക്ക് വന്നേക്കാമെന്നും ഞാന്‍ തമാശരൂപേണെ പറഞ്ഞു. എനിക്കത് ആഗ്രഹം ഉണ്ടെങ്കിലും അതൊരിക്കലും നടക്കില്ലെന്ന് എനിക്കറിയാം'- ഹര്‍ദിക് പറഞ്ഞു.

പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടു കളയാന്‍ സാധ്യത കുറവാണ്. പന്തുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത പൊള്ളാര്‍ഡ് നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മുംബൈക്ക് ബാധ്യതയാണ്. എന്നാല്‍ അത്ര പെട്ടെന്ന് മുംബൈ കൈവിട്ടു കളയാന്‍ സാധ്യതയില്ലാത്ത താരമാണ് പൊള്ളാര്‍ഡ്. ഇതുവരെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി മാത്രമാണ് പൊള്ളാര്‍ഡ് കളിച്ചിട്ടുള്ളത്.
മുംബൈ വലിയൊരു പൊളിച്ചെഴുത്ത് തന്നെ വരുന്ന സീസണില്‍ നടത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല പ്രമുഖര്‍ക്കും ടീമിലെ സ്ഥാനം നഷ്ടമായേക്കും. ഹര്‍ദിക് പാണ്ഡ്യയെ കൈവിട്ടപോലെ മുംബൈ പൊള്ളാര്‍ഡിനെ ഒറ്റ സീസണിന്റെ പേരില്‍ ഒഴിവാക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. ടീമിന്റെ അഞ്ച് കിരീട നേട്ടത്തിന് പിന്നിലും വലിയ അധ്വാനം നടത്തിയ താരമാണ് പൊള്ളാര്‍ഡ്.

മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലെ നെടുന്തൂണായിരുന്നു ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പരിക്കിനെത്തുടര്‍ന്ന് പന്തെറിയാന്‍ അദ്ദേഹത്തിനായിരുന്നില്ല. മോശം ഫോമും. ഈ സാഹചര്യത്തിലാണ് ഹര്‍ദിക്കിനെ ഒഴിവാക്കാന്‍ മുംബൈ തീരുമാനിച്ചത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഹര്‍ദിക് എല്ലാവരെയും ഞെട്ടിച്ച് തിരിച്ചുവരവ് നടത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹം തിളങ്ങുന്നു.

മുംബൈക്കൊപ്പം നാല് കിരീടം നേടിയത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും അത് സവിശേഷമാണെന്നും ഹര്‍ദിക് പറഞ്ഞു. '2015ലെ സീസണ്‍ മറക്കാനാവില്ല. അവസാന ഏഴ് മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. നോക്കൗട്ട് മത്സരത്തില്‍ രണ്ട് ഓവറില്‍ 32 റണ്‍സ് നേടാനുള്ള മത്സരം മൂന്നോ നാലോ പന്ത് ബാക്കി നിര്‍ത്തി മുംബൈ ജയിച്ചു. ഞാന്‍ മൂന്ന് സിക്‌സ് പറത്തി. ഗുജറാത്തിനൊപ്പവും മനോഹരമായ ഓര്‍മകള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്'- ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications