IPL 2022: എന്തുകൊണ്ട് കുല്‍ദീപിന് നാലാം ഓവര്‍ നല്‍കിയില്ല ? കാരണം വ്യക്തമാക്കി റിഷഭ് പന്ത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. എട്ട് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തുണ്ട്. നിലവില്‍ ഈ സീസണില്‍ രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയത് കുല്‍ദീപ് മാത്രമാണ്. ഇന്ത്യന്‍ ടീമിന് പുറത്തുള്ള കുല്‍ദീപ് ശക്തമായ തിരിച്ചുവരവാണ് ഇത്തവണ പ്രതീക്ഷിക്കുന്നതും.
കെകെആറിനെതിരായ അവസാന മത്സരത്തില്‍ നാല് വിക്കറ്റിന് ഡല്‍ഹി ജയിച്ചപ്പോള്‍ നാല് വിക്കറ്റുമായി കളിയിലെ താരമായത് കുല്‍ദീപാണ്. ശ്രേയസ് അയ്യര്‍, ബാബ ഇന്ദ്രജിത്ത്, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവരുടെ വിക്കറ്റാണ് കുല്‍ദീപ് നേടിയത്. മൂന്ന് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങിയാണ് അദ്ദേഹത്തിന്റെ നാല് വിക്കറ്റ് പ്രകടനം. ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നേട്ടം കുല്‍ദീപ് പൂര്‍ത്തിയാക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും നാലാം ഓവര്‍ നായകന്‍ റിഷഭ് പന്ത് നല്‍കിയില്ല.

കുല്‍ദീപിന് നാലാം ഓവര്‍ നല്‍കാത്ത റിഷഭിന്റെ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നു. ഇത്രയും മികച്ച ഫോമില്‍ പന്തെറിഞ്ഞിട്ടും എന്തുകൊണ്ടാണ് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ ചൈനാമാന്‍ സ്പിന്നര്‍ക്ക് അവസരം നല്‍കാത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്ത്.
'അവസാന ഓവറില്‍ കുല്‍ദീപിനെ പന്തേല്‍പ്പിക്കുന്നതിനായാണ് ഒരോവര്‍ ബാക്കിവെച്ചത്. എന്നാല്‍ പിച്ചില്‍ നനവ് വരാന്‍ തുടങ്ങിയതോടെ പിന്നീട് പേസര്‍ക്ക് ഓവര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് കുല്‍ദീപിന് നാല് ഓവര്‍ നല്‍കാന്‍ സാധിക്കാതെ പോയത്. അവസാന ഓവറില്‍ പേസറെക്കൊണ്ട് എറിയിച്ചത് പ്രതീക്ഷിച്ച ഫലം നല്‍കി'- റിഷഭ് പറഞ്ഞു. അവസാന ഓവര്‍ ആയപ്പോഴേക്കും പിച്ചില്‍ മഞ്ഞ് വീഴാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് സ്പിന്നറെ മാറ്റാന്‍ റിഷഭിനെ പ്രേരിപ്പിച്ചത്.

ഇത് മികച്ച തീരുമാനമായിരുന്നുവെന്ന് മത്സരത്തില്‍ നിന്ന് വ്യക്തം. അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്‌മാനെയാണ് റിഷഭ് പന്തേല്‍പ്പിച്ചത്. രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് മുസ്തഫിസുര്‍ നേടിയത്. കെകെആര്‍ സ്‌കോര്‍ബോര്‍ഡ് 150ന് മുകളില്‍ പോകാതെ തടുത്തുനിര്‍ത്തിയത് മുസ്തഫിസുര്‍ റഹ്‌മാന്റെ അവസാന ഓവറാണെന്ന് പറയാം. മികച്ച ഫോമില്‍ നിന്ന് റിങ്കു സിങ്, നിധീഷ് റാണ, ടിം സൗത്തി എന്നിവരെയാണ് അദ്ദേഹം പുറത്താക്കിയത്. മഞ്ഞ് വീണതിനാല്‍ കുല്‍ദീപിന് പന്തേല്‍പ്പിച്ചാല്‍ ചിലപ്പോള്‍ ടേണ്‍ ലഭിക്കാതെ വരികയും വലിയ റണ്‍സ് വഴങ്ങാന്‍ സാധ്യതയുമുണ്ടായിരുന്നു.

എന്നാല്‍ സാഹചര്യം മനസിലാക്കി ബൗളിങ്ങില്‍ മാറ്റം വരുത്തിയ റിഷഭ് കൈയടി അര്‍ഹിക്കുന്നു. എന്നാല്‍ അവസാന ഓവറിലേക്ക് മാറ്റിനിര്‍ത്താതെ നേരത്തെ അദ്ദേഹത്തിന് നാല് ഓവര്‍ നല്‍കണമായിരുന്നു. ലളിത് യാദവ് മൂന്ന് ഓവറില്‍ 32 റണ്‍സാണ് വഴങ്ങിയത്. താരത്തിന് രണ്ടോവര്‍ നല്‍കി മികച്ച ഫോമിലുള്ള കുല്‍ദീപിന് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കേണ്ടതായിരുന്നു. എന്നാല്‍ റിഷഭ് അവസാന ഓവറിലേക്ക് കുല്‍ദീപിന് മാറ്റിവെച്ച പദ്ധതിയാണ് അദ്ദേഹത്തിന് നാലാം ഓവര്‍ നഷ്ടമാക്കിയത്.

ഇത്തവണ കെകെആറിനെതിരേ പ്രതികാരം വീട്ടുന്ന പ്രകടനമാണ് കുല്‍ദീപ് നടത്തുന്നത്. അവസാന സീസണില്‍ കെകെആര്‍ അവസരം നല്‍കാതെ ബെഞ്ചിലിരുത്തി അപമാനിച്ച് കൈയൊഴിഞ്ഞ താരമാണ് കുല്‍ദീപ്. ഇതിന്റെ നിരാശ അദ്ദേഹം പരസ്യമായിത്തന്നെ തുറന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കെകെആറിനെതിരായ രണ്ട് മത്സരത്തിലും കളിയിലെ താരമായത് കുല്‍ദീപാണ്. ആദ്യ മത്സരത്തില്‍ 35 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റ് നേടിയത്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള കുല്‍ദീപ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications