
ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ത്രില്ലിറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കൈയെത്തുംദൂരത്ത് വിജയം കൈവിട്ടു പോയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ഹൈദരാബാദിനു പ്രതിരോധിക്കേണ്ടിയിരുന്നത്. പക്ഷെ സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണായിരുന്നു അവസാന ഓവര്‍ ബൗള്‍ ചെയ്തത്. പക്ഷെ നാലു സിക്‌സറുകളടക്കം 25 റണ്‍സ് ടൈറ്റന്‍സ് ഈ ഓവറില്‍ വാരിക്കൂട്ടി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ ഓവറിനിടെ യാന്‍സണിന്റെ ബൗങിങില്‍ അതൃപ്തനായി ഹൈദരാബാദിന്റെ ബൗളിങ് കോച്ചും മുന്‍ ശ്രീലങ്കന്‍ ഇതിഹാസവുമായ മുത്തയ്യ മുരളീധരന്‍ രോഷം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. സാധാരണയായി വളരെ കൂളായി കാണപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. ഇത്രയും രോഷത്തോടെ മുരളിയെ മുമ്പ് കണ്ടിട്ടുണ്ടോയെന്ന കാര്യം പോലും സംശയമാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

പരിചയസമ്പത്ത് കുറഞ്ഞ മാര്‍ക്കോ യാന്‍സണിനു അവസാന ഓവറിലെ സമ്മര്‍ദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ താരത്തിന്റെ ബൗളിങിലെ നിയന്ത്രണവും നഷ്ടമായി. ക്രീസിലുള്ള രാഹുല്‍ തെവാത്തിയക്കും റാഷിദ് ഖാനും ഇതു കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ക്കുകയും ചെയ്തു.
അവസാന ഓവറില്‍ യാന്‍സണ്‍ തുടര്‍ച്ചയായി ഫുള്‍ ലെങ്ത് ബോളുകള്‍ എറിഞ്ഞതാണ് മുത്തയ്യ മുരളീധരനെ ചൊടിപ്പിച്ചത്. അവസാന ബോളില്‍ മൂന്നു റണ്‍സായിരുന്നു ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ ബോള്‍ റാഷിദ് സിക്‌സറിലേക്കു പായിക്കുകയും ചെയ്തു.

അല്‍പ്പം വൈഡായുള്ള ബോളായിരുന്നു യാന്‍സണ്‍ പരീക്ഷിച്ചത്. പക്ഷെ ഇതു കൃത്യമായി കണക്കുകൂട്ടിയ റാഷിദ് ഇതു ഫുള്‍ ടോസാക്കി മാറ്റി സിക്‌സറിലേക്കു തൊടുക്കുകയായിരുന്നു. ഇതോടെ സകല നിയന്ത്രണവും വിട്ട മുരളി ഡഗൗട്ടില്‍ ചാടിയെഴുന്നേറ്റ് രോഷാകുലനാവുകയായിരുന്നു. എന്തു നാശത്തിനാണ് അവന്‍ ഫുള്‍ ലെങ്ത് ബൗള്‍ ചെയ്യുന്നതെന്നു ചോദിച്ചായിരുന്നു മുരളി ആക്രോശിച്ചത്.

196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് ആറു വിക്കറ്റിനു 195 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. അഭിഷേക് ശര്‍മ (65), എയ്ഡന്‍ മര്‍ക്രാം (56) എന്നിവരുടെ ഫിഫ്റ്റികളും ശശാങ്ക് സിങിന്റെ (ആറു ബോളില്‍ 25*) തകര്‍പ്പന്‍ ഫിനിഷിങുമാണ് ഓറഞ്ച് ആര്‍മിയെ 200നടുത്ത് അടിച്ചെടുക്കാന്‍ സഹായിച്ചത്.

റണ്‍ചേസില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവസാന ബോളില്‍ ടൈറ്റന്‍സ് ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുകയായിരുന്നു. 68 റണ്‍സെടുത്ത വൃധിമാന്‍ സാഹയാണ് ജിടിയുടെ വിജയത്തിനു അടിത്തറയിട്ടത്. പക്ഷെ ടീമിന്റെ യഥാര്‍ഥ ഹീറോസ് രാഹുല്‍ തെവാത്തിയയും റാഷിദ് ഖാനുമായിരുന്നു. തെവാത്തിയ 21 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 40 റണ്‍സ് അടിച്ചെടുത്തപ്പോള്‍ റാഷിദ് 11 ബോളില്‍ നാലു സിക്‌സറുകളോടെ 31 റണ്‍സും വാരിക്കൂട്ടി. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് അഞ്ചു വിക്കറ്റുകളുമായി കസറി. താരത്തിന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്.


Click it and Unblock the Notifications











