
ഇതുവരെ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും നായകനായിട്ടില്ലാത്ത അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും ചോദ്യചിഹ്നമായിരുന്നു. പക്ഷെ വളരെ പരിചയസമ്പനനായ ഒരു കാപ്റ്റനെപ്പോലെ ടീമിനെ മുന്നില്‍ നിന്നു നയിച്ച ഹാര്‍ദിക് എല്ലാവരെയും ഞെട്ടിച്ചു. ബാറ്റിങിലും കസറിയ അദ്ദേഹം ടൈറ്റന്‍സ് ടീമിന്റെ നെടുംതൂണായി ഇപ്പോള്‍ മാറിയിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 76 ശരാശരിയില്‍ 228 റണ്‍സ് താരം നേടിയിട്ടുണ്ട്. 136.53 സ്‌ട്രൈ്ക്ക് റേറ്റിലാണിത്. ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവ് തീര്‍ച്ചയായും മൂന്നു കാരണങ്ങള്‍ കൊണ്ട് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണം
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയെ തീര്‍ച്ചയായും ഇന്ത്യക്കു ആവശ്യമാണ്. ഇന്ത്യ ആഗ്രഹിച്ചതു പോലെ ഹാര്‍ദിക് തന്റെ പഴയ ഫോമിലേക്കും ഫിറ്റ്‌നസിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ്. നേരത്തേ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യരെ ഇന്ത്യ പരീക്ഷിച്ചിരുന്നു. താരം മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തിരുന്നു.
പക്ഷെ ഇപ്പോള്‍ ഹാര്‍ദിക്കിന്റെ മടങ്ങിവരവോടെ വെങ്കടേഷിനു റിസര്‍വിലേക്കു മാറേണ്ടിവരും. ഈ ഐപിഎല്ലിലെ പ്രകടനം പരിഗണിക്കുമ്പോള്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഹാര്‍ദിക് ഇന്ത്യയുടെ തുറുപ്പുചീട്ട് ആവുമെന്നതില്‍ സംശയമില്ല.

ബൗളിങ് വലിയ പ്ലസ്
ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് വലിയ പ്ലസ് തന്നെയാണ്. കാരണം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ഇനി ബൗള്‍ ചെയ്യുമോയെന്ന കാര്യം പോലും നേരതത്തേ സംശയമായിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരോവര്‍ പോലും ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നില്ല. 2020ലെ ഐപിഎല്ലിലും ഇതു തന്നെയായിരുന്നു അവസ്ഥ.
കഴിഞ്ഞ ടി20 ലോകകപ്പിലാവട്ടെ കുറച്ച് ഓവറുകള്‍ മാത്രമാണ് താരം പന്തെറിഞ്ഞത്.

ബൗളിങിലെ ഈ അനിശ്ചിതത്വം കാരണമായിരുന്നു ഹാര്‍ദിക്കിനെ മുംബൈ നിലനിര്‍ത്താതിരുന്നത്. പക്ഷെ ഇപ്പോള്‍ മുംബൈയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഹാര്‍ദിക്കിന്റെ ബൗളിങ് ഇന്ത്യക്കു കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കും. ഗുജറാത്ത് ടൈറ്റന്‍സിനായി സ്ഥിരമായി 140 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ താരത്തിനു സാധിക്കുന്നുണ്ട്.

പക്വതയാര്‍ന്ന ബാറ്റിങ്
ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി വളരെ പക്വതയാര്‍ന്ന ബാറ്റിങാണ് ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവയ്ക്കുന്നത്. അഗ്രസീവ് സമീപനം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് താരം ബാറ്റ് ചെയ്യുന്നത്. നേരത്തേ അശ്രദ്ധമായി ഷോട്ട് കളിച്ച് പല തവണ ഹാര്‍ദിക് വിക്കറ്റ് വലിച്ചെറിയുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഈ സീസണില്‍ അത്തരമൊരു സമീപനം ഒരിക്കല്‍പ്പോലും ഹാര്‍ദിക്കിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
വളരെ ഉത്തരവാദിത്വത്തോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനാണ് താരം ഈ സീസണില്‍ ശ്രമിക്കുന്നത്. മോശം ബോളുകളില്‍ മാത്രമാണ് ഹാര്‍ദിക് വമ്പന്‍ ഷോട്ടിനു മുതിര്‍ന്നത്. മികച്ച ബോളുകള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കാന്‍ അദ്ദേഹം മടിച്ചില്ല. നേരത്തേയുള്ള ഹാര്‍ദിക്കില്‍ കാണാത്ത സമീപനമാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സ്ലോ ഫിഫ്റ്റിയുടെ പേരില്‍ താരം വിമര്‍ശനം നേരിട്ടിരുന്നു. തൊട്ടടുത്ത കളിയില്‍ ഈ കുറവ് പരിഹരിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരേ 52 ബോളില്‍ പുറത്താവാതെ 87 റണ്‍സാണ് ഹാര്‍ദിക് വാരിക്കൂട്ടിയത്.
.


Click it and Unblock the Notifications











